ഷെഫാലി ഇന്ത്യയുടെ 'സൂപ്പര്‍ വുമണ്‍'... 16കാരിക്ക് റെക്കോഡ്, ചരിത്രത്തില്‍ ഇതാദ്യം
മെല്‍ബണ്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് കൗമൗര ഓപ്പണറും വെടിക്കെട്ട് താരവുമായ ഷഫാലി വര്‍മ. ഓസ്‌ട്രേലിയയില്‍ നടന്നു കൊണ്ടിരിക്കുന്ന വനിതകളുടെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് 16 കാരിയായ താരം കാഴ്ചവയ്ക്കുന്നത്.
ഹാട്രിക്ക് വിജയവുമായി ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു ടിക്കറ്റെടുത്ത ആദ്യ ടീമായി മാറിയപ്പോള്‍ ഷഫാലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ബംഗ്ലാദേശിനെതിരായ അതിനു മുമ്പത്തെ മല്‍സരത്തിലെയും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഷെഫാലിക്കായിരുന്നു. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ താരം.

ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്
വനിതകളുടെ ടി20യിലെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റെന്ന നേട്ടത്തിന് ഷഫാലി അര്‍ഹയായി. 147.97 സ്‌ട്രൈക്ക് റേറ്റില്‍ 438 റണ്‍സാണ് താരം അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ കോള്‍ ട്രയോണ്‍, ഓസ്‌ട്രേലിയയുടെ അലീസ ഹീലി എന്നിവരെയാണ് ഷഫാലി പിന്നിലാക്കിയത്. 138.81 സ്‌ട്രൈക്ക് റേറ്റില്‍ 722ഉം 129.66 സ്‌ട്രൈക്ക് റേറ്റില്‍ 1875 റണ്‍സുമാണ് ഹീലി നേടിയത്.
ടി20യില്‍ ചുരുങ്ങിയത് 200 റണ്‍സെങ്കിലും എടുത്തിട്ടുള്ള കളിക്കാരില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഷഫാലിക്കാണെന്ന് ടി20 ലോകകപ്പിന്റെ ഒഫീഷ്യല്‍ പേജിലാണ് ട്വീറ്റ് വന്നിരിക്കുന്നത്.

ലോകകപ്പിലും ഇതാദ്യം
അന്താരാഷ്ട്ര ടി20യില്‍ മാതമല്ല വനിതകളുടെ ടി20 ലോകകപ്പിലും ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റിനു ഉടമയായിരിക്കുകയാണ് ഷഫാലി. ടൂര്‍ണമെന്റ്ിന്റെ ആറു വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു താരത്തിനും ഇത്രയും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സെടുക്കാനായിട്ടില്ല.
ഇത്തവണ മൂന്നു മല്‍സരങ്ങള്‍ കളിച്ച ഷഫാലിയുടെ സ്‌ട്രൈക്ക് റേറ്റ് 172.72 ആണ്. ടൂര്‍ണമെന്റില്‍ 114 റണ്‍സാണ് താരം നേടിയത്. 16 കാരിയുടെ കരിയറിലെ ആദ്യത്തെ ലോകകപ്പ് കൂടിയാണിത്.

ഷഫാലിയുടെ ഹീറോ സച്ചിന്‍
ഇത്രയും ആത്മവിശ്വാസത്തോടെ ഈ ലോകകപ്പില്‍ തന്നെ കളിക്കാന്‍ സഹായിച്ചത് ആരാധനാപാത്രം കൂടിയായ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നു ഷഫാലി വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു സച്ചിനെ ഷഫാലി നേരില്‍ കണ്ടത്. തന്റെ ഹീറോയെ നേരില്‍ കാണുകയെന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും അതു യാഥാര്‍ഥ്യമായതോടെ ആത്മവിശ്വാസം ഏറെ വര്‍ധിച്ചതായും ഷഫാലി വെളിപ്പെടുത്തിയിരുന്നു.

അടുത്ത സെവാഗെന്നു ഭോഗ്‌ലെ
ഇന്ത്യയുടെ അടുത്ത വീരേന്ദര്‍ സെവാഗെന്നായിരുന്നു ഷഫാലിയെ പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇരുവരെയും താരതമ്യം ചെയ്തത്. സ്മൃതി മന്ദാന മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെപ്പോലെയാണങ്കില്‍ സെവാഗിനെപ്പോലെയാണ് ഷഫാലിയെന്നായിരുന്നു ഭോഗ്‌ലെയുടെ ട്വീറ്റ്.

സച്ചിന്റെ റെക്കോര്‍ഡ് തിരുത്തി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിഫ്റ്റി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഷഫാലിയുടെ പേരിലാണ്. തന്റെ ആരാധനാപാത്രം കൂടിയായ സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കഴിഞ്ഞ വര്‍ഷം താരം തിരുത്തിയത്. 2019 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് 49 പന്തില്‍ 73 റണ്‍സെടുത്ത് ഷഫാലി റെക്കോര്‍ഡിട്ടത്. അന്നു 15 വയസ്സും 285 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. 16 വയസ്, 214 ദിവസമെന്ന സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications