ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. നേട്ടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത ചില വമ്പന്‍ നേട്ടങ്ങള്‍ അദ്ദേഹം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പത്തു വര്‍ഷത്തോളം ഇന്ത്യന്‍ ടീമിനെ നയിക്കാനും ധോണിക്കു കഴിഞ്ഞു. ആറു വര്‍ഷത്തോളം ടെസ്റ്റിലും അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തുമുണ്ടായിരുന്നു.
ഒരുപാട് കളിക്കാരെ ഈ കാലയളവില്‍ വളര്‍ത്തിയെടുക്കാന്‍ ധോണിക്കായിട്ടുണ്ട്. പ്രതിഭയുണ്ടെന്നു ബോധ്യമായാല്‍ ആ താരത്തിനു നിരന്തരം അവസരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചിരുന്ന ചുരുക്കം ക്യാപ്റ്റന്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ സൂപ്പര്‍ താര പദവിയിലെത്തി നില്‍ക്കുന്ന ചില കളിക്കാരുടെ കരിയറില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാനും ധോണിക്കു സാധിച്ചു.

അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കില്‍ ചിലരുടെ കരിയര്‍ ഇത്രയും ഉയരങ്ങളിലേക്കു എത്തുകയും ചെയ്യില്ലായിരുന്നു. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം. നിലവിലെ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കരിയറിന്റെ ആദ്യകാലത്തു ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ല രോഹിത്.
മധ്യനിര ബാറ്ററായി കളിച്ചിരുന്ന അദ്ദേഹം ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ പാടുപെടുകയും ഇതോടെ 2013 വരെ ടീമിനു അകത്തും പുറത്തുമായി തുടരുകയും ചെയ്യുകയായിരുന്നു. എന്നാല്‍ രോഹിത്തിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന ധോണി ഓപ്പണിങായിരിക്കും കൂടുതല്‍ അനുയോജ്യമായ പൊസിഷനെന്നു തിരിച്ചറിഞ്ഞു.
തുടര്‍ന്നു 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത്തിനെ ഓപ്പണിങിലേക്കു അദ്ദേഹം പ്രൊമോട്ട് ചെയ്തു. ഈ നീക്കമാണ് അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റ്. പിന്നീട് രോഹിത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല. ഇപ്പോഴിതൊ ഇന്ത്യയെ ടി20 ലോകകപ്പ് നേട്ടത്തിലേക്കു നയിച്ച ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ഹിറ്റ്മാന്‍.
സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ധോണി കാരണം കരിയര്‍ മാറിയ രണ്ടാമത്തെയാള്‍. 2009ലെ ഐപിഎല്ലിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണിക്കു കീഴില്‍ അദ്ദേഹം അരങ്ങേറിയത്. വളരെ പെട്ടെന്നു തന്നെ അശ്വിന്റെ മിടുക്ക് തിരിച്ചറിഞ്ഞ ധോണി ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവരികയും ചെയ്തു. 2011ല്‍ ടെസ്റ്റിലും അശ്വിന്‍ അരങ്ങേറി.
പിന്നീട് ധോണിയുടെ തുറുപ്പുചീട്ടായി അശ്വിന്‍ മാറുകയായിരുന്നു. ബൗളിങില്‍ ആദ്യ ഓവറില്‍ മാത്രമല്ല 20ാം ഓവറില്‍പ്പോലും അദ്ദേഹത്തെ ധോണി പരീക്ഷിച്ചിട്ടുണ്ട്. ഈ നീക്കം വന്‍ വിജയമായി മാറുകയും ചെയ്തു. ധോണി അന്നു പിന്തുണച്ചില്ലായിരുന്നെങ്കില്‍ അശ്വിനു ഇത്രയും ഗംഭീരമായൊരു കരിയര്‍ ഉണ്ടാവില്ലെന്നുറപ്പാണ്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. 2012ലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണിക്കു കീഴില്‍ ജഡ്ഡു അരങ്ങേറിയത്. താരത്തിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നതും അതോടെയാണ്. വൈകാതെ അശ്വിനെപ്പോലെ ജഡ്ഡുവിനെയും ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവന്ന ധോണി ഒരു മാച്ച് വിന്നറായി വളര്‍ത്തിയെടുക്കുകയായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ജഡേജയ്ക്കു വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ധോണി അദ്ദേഹത്തെ പിന്തുണയ്ക്കുകയും കഴിവുകള്‍ മിനുക്കിയെടിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്തു. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി ജഡ്ഡു മാറുകയായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലുമായി 568 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. നാലു ടെസ്റ്റ് സെഞ്ച്വറികളും ജഡ്ഡുവിന്റെ പേരിലുണ്ട്.
ചൈനാമാന്‍ സ്പിന്നറെന്നറിയപ്പെടുന്ന റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരിയറും മാറ്റിമറിച്ചത് ധോണിയാണ്. നായകസ്ഥാനം വിരാട് കോലിക്കു കൈമാറിയ ശേഷം 2017ല്‍ ധോണി വിക്കറ്റ് കീപ്പറായി ടീമിലുള്ളപ്പോഴണ് കുല്‍ദീപിന്റെ അരങ്ങേറ്റം. വിക്കറ്റിനു പിന്നില്‍ യുവ സ്പിന്നറുടെ പ്രതിഭ വളരെ പെട്ടെന്നു അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. വിക്കറ്റിനു പിന്നില്‍ നിന്നും ഓരോ ബാറ്ററുടെയും നീക്കങ്ങള്‍ മനസ്സിലാക്കിയ ധോണിയാണ് കുല്‍ദീപിനു ട്രിക്കുകള്‍ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നത്.
ഇതിനു അനുസരിച്ച് പന്തെറിഞ്ഞ അദ്ദേഹത്തിനു വിക്കറ്റുകളും ലഭിച്ചു കൊണ്ടിരുന്നു. ഇതു ഒരു ബൗളറെന്ന നിലയില്‍ കുല്‍ദീപിനെ ഏറെ വളരാനും സഹായിച്ചിട്ടുമുണ്ട്. പിന്നീട് ധോണി വിരമിച്ച ശേഷം വിക്കറ്റിനു പിന്നില്‍ അദ്ദേഹത്തിന്റെ അഭാവം തന്നെ ബാധിച്ചിരുന്നതായി കുല്‍ദീപ് തുറന്നു പറയുകയും ചെയ്തിരുന്നു.