അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാണ് ചേതേശ്വര്‍ പുജാര. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യയുടെ മറ്റൊരു വന്‍മതിലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. മികച്ച സാങ്കേതികത്തികവും അത്രത്തോളം തന്നെ ക്ഷമയുമുള്ള പുജാരയ്‌ക്കെതിരേ ബൗള്‍ ചെയ്യുകയെന്നത് ലോകത്തിലെ ഏതൊരു ബൗളര്‍ക്കും അഗ്നിപരീക്ഷയാണ്.

ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലും പുജാരയുടെ ഇന്നിങ്‌സ് ഓസീസിനെ കുഴക്കിയിട്ടുണ്ട്. ഈ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി 100 പന്തുകള്‍ നേരിട്ട താരമായി അദ്ദേഹം മാറുകയും ചെയ്തു. 2018-19ലെ അവസാന പര്യടനത്തിലും ആദ്യം ബോളുകളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ചത് അദ്ദേഹം തന്നെയാണ്. ഈ പരമ്പരയിലും പുജാര ഇതാവര്‍ത്തിക്കുകയായിരുന്നു. 500ലേറെ റണ്‍സുമായി കഴിഞ്ഞ പര്യടനത്തില്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്ന അദ്ദേഹം ടീമിന് 2-1ന്റെ ചരിത്ര വിജയം സമ്മാനിക്കുന്നതില്‍ ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. ഇത്തവണയും പുജാര ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
ഓസീസിനെതിരെ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ 100ല്‍ അധികം ബോളുകള്‍ നേരിട്ട ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ആറാംസ്ഥാനത്താണ് പുജാര. 12 തവണ 100ല്‍ കൂടുതല്‍ ബോളുകള്‍ കളിച്ച രാഹുല്‍ ദ്രാവിഡാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. മറ്റൊരു ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തൊട്ടുതാഴെയുണ്ട്. 11 തവണ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 100ലേറെ പന്തുകള്‍ നേരിട്ടു.
ടെസ്റ്റിലെ ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന വിവിഎസ് ലക്ഷ്മണിനാണ് മൂന്നാംസ്ഥാനം. ഒമ്പതു തവണയാണ് അദ്ദേഹം 100ലേറെ പന്തുകള്‍ കളിച്ചത്. ഇത്ര തന്നെ തവണ 100ല്‍ അധികം ബോളുകള്‍ നേരിട്ട നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കാണ് നാലാംസ്ഥാനം. എട്ടു തവണ 100ല്‍ കൂടുതല്‍ ബോളുകള്‍ നേരിട്ട മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നു.