ധോണി വീണ്ടും വരും! ഒരുമിച്ച് കളിക്കാന്‍ കാത്തിരിക്കുന്നു... എല്ലാവരും മിസ്സ് ചെയ്യുന്നതായി ഷമി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാവരും മുന്‍ നായകന്‍ എംഎസ് ധോണിയെ മിസ്സ് ചെയ്യുന്നതായി പ്രമുഖ പേസര്‍ മുഹമ്മദ് ഷമി. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ക്രിക്കറ്റില്‍ നിന്നും വലിയൊരു ബ്രേക്കെടുക്കുകയായിരുന്നു ധോണി.
ധോണിക്കു കീഴില്‍ ദേശീയ ടീമിനൊപ്പം കരിയര്‍ ആരംഭിച്ച താരമാണ് ഷമി. ഇപ്പോള്‍ വിരാട് കോലി നയിക്കുന്ന ടീമിലെയും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴാണ് ധോണിയെ ഡ്രസിങ് റൂമിലെ എല്ലാവരും മിസ്സ് ചെയ്യുന്നതായി ഷമി തുറന്നു പറഞ്ഞത്.

ധോണിക്കു കീഴില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി താന്‍ കളിച്ചിട്ടുണ്ടെന്നു ഷമി വ്യക്തമാക്കി. ഐപിഎല്ലില്‍ മാത്രമാണ് അദ്ദേഹത്തിനു കീഴില്‍ കളിക്കാന്‍ ഇതുവരെ സാധിക്കാതിരുന്നത്.
അദ്ദേഹം സാക്ഷാല്‍ എംഎസ് ധോണിയാണെന്നും നമുക്ക് തോന്നില്ല. അങ്ങനെയാണ് ടീമിലുള്ളവരുമായി അദ്ദേഹം ഇടപഴകിയിരുന്നത്. വളരെ വലിയ താരമാണ് ധോണി. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് ഓര്‍മകള്‍ തനിക്കുണ്ടെന്നും ഷമി പറയുന്നു.

ഇന്ത്യന്‍ ടീമിലേക്കു ധോണി മടങ്ങിവരുമെന്ന് തങ്ങളെല്ലാം പ്രതീക്ഷിക്കുന്നതെന്നു ഷമി വ്യക്തമാക്കി. മഹി ഭായി വീണ്ടും ടീമിലേക്കു വരിക തന്നെ ചെയ്യും. അദ്ദേഹത്തിനൊപ്പം കളിക്കുന്നത് വളരെ രസകരമാണെന്നും ഷമി പറഞ്ഞു.
ധോണിയില്‍ താന്‍ വളരെ ഇഷ്ടപ്പെടുന്ന കാര്യം അദ്ദേഹം എല്ലാവര്‍ക്കുമൊപ്പമിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമെന്നതാണ്. എല്ലായ്‌പ്പോഴും രണ്ടോ, നാലോ പേരെ ധോണിക്കൊപ്പം കാണാം. ഞങ്ങള്‍ പലപ്പോഴും രാത്രി വൈകുന്നത് വരെ സംസാരിച്ചിരിക്കും. അവയെല്ലാം ഇപ്പോള്‍ മിസ്സ് ചെയ്യുകയാണെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം അവസാനത്തോടെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയെ വളരെ പ്രതീക്ഷയോടെയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നു ഷമി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് ഒരു ടൂര്‍ണമെന്റിലെങ്കിലും കളിച്ചാല്‍ അതു നല്ല തയ്യാറെടുപ്പാവുമെന്ന് അദ്ദേഹം പറഞ്ഞു.
എപ്പോഴും ഓണും ഓഫും ചെയ്യാന്‍ കഴിയുന്ന മെഷീനുകളല്ല ഞങ്ങള്‍. ഒരു കായിക താരമെന്ന നിലയില്‍ നിങ്ങളുടെ ശരീരത്തിന്റെ താളം വീണ്ടെടുക്കേണ്ടത് പ്രധാനമാണ്. ഈ ലോക്ക്ഡൗണ്‍ കാലത്ത് ഒരാള്‍ പോലും ബാറ്റും ബോളും തൊട്ടിട്ടില്ല. അതിനാല്‍ തന്നെ 10-15 ദിവസത്തെ ക്യാംപോ, ലോകകപ്പിനു മുമ്പ് രണ്ടോ, മൂന്നോ പരമ്പരകളോ കളിച്ചാല്‍ അതു താരങ്ങളെ പഴയ താളം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും ഷമി പറഞ്ഞു.

2018-19ലെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ചപ്പോള്‍ സംഘത്തില്‍ ഷമിയുമുണ്ടായിരുന്നു. എല്ലാവരും ഒരുപാട് ആസ്വദിച്ചു കളിച്ച പരമ്പരയായിരുന്നു അത്. ആ പരമ്പര ഇപ്പോഴും ഓര്‍മയുണ്ട്, ടീമിലെ ആരും തന്നെ അന്ന് സ്വാര്‍ഥതയോടെ കളിച്ചിട്ടില്ല. ലോകത്തിന്റെ ഏതു ഭാഗത്തും വെല്ലുവിളിയേറ്റെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന പരമ്പര തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടത് തന്നെയാരിക്കുമെന്നും ഷമി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ കളിയില്‍ ഹാട്രിക്ക് നേടിയതാണ് കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications