മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസറും ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യവുമായ ഇഷാന്ത് ശര്‍മ നീണ്ട ഇടവേളയ്ക്കു ശേഷം പരിശീലനം പുനരാരംഭിച്ചു. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ മൂന്നു മാസത്തിലേറെയായി കുടുംബത്തോടൊപ്പം ചെലവിട്ട ശേഷമാണ് ഇഷാന്ത് പരിശീലനം വീണ്ടും തുടങ്ങിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിശീലനത്തിന്റെ ഫോട്ടോസും വീഡിയോകളും അദ്ദേഹം പങ്കുവച്ചത്. വാം അപ്പ് ഡ്രില്ലുകളും അടിസ്ഥാനപരമായ പരിശീലനവുമാണ് താരം നടത്തിയത്.

പോസിറ്റീവ് ചിന്തയോട് കൂടി സ്വയം ഇതില്‍ മുഴുകുകയാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് പരിശീലനം നടത്തുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. വെറ്ററന്‍ പേസറെ കഴിഞ്ഞ മാസം ബിസിസിഐ ഇത്തവണത്തെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരുന്നു.
ഇന്ത്യക്കു വേണ്ടി 97 ടെസ്റ്റുകളില്‍ നിന്നും 297 വിക്കറ്റുകള്‍ ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാനും അദ്ദേഹത്തിനു സാധിച്ചു. 80 ഏകദിനങ്ങളില്‍ നിന്നും 115 വിക്കറ്റുകളും പേസറുടെ പേരിലുണ്ട്. ഈ വര്‍ഷമാദ്യം നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇഷാന്ത് അവസാനമായി കളിച്ചത്. ഈ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയിരുന്നു.
ഈ വര്‍ഷമവസാനം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരിക്കും ഇഷാന്തിനെ ഇനി ദേശീയ ടീമിനൊപ്പം കാണുക. ഓസ്‌ട്രേലിയയില്‍ ഒരു ഡേ നൈറ്റ് ടെസ്റ്റുള്‍പ്പെടെ നാലു ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഡിസംബര്‍ 11 മുതല്‍ അഡ്‌ലെയ്ഡില്‍ നടക്കുന്ന ടെസ്റ്റായിരിക്കും പകലും രാത്രിയുമായി നടക്കുന്നത്. വിദേശത്ത് ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യ ചരിത്രത്തിലാദ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിച്ചത്. ഈ ടെസ്റ്റില്‍ ഇന്ത്യ അനായാസം ജയിക്കുകയും ചെയ്തിരുന്നു.