അഹമ്മദാബാദ്: കരിയറിലെ 100ാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ ആ സ്വപ്‌നവും പൂവണിഞ്ഞു. ഇതുവരെ ഒരു സിക്‌സര്‍ നേടാന്‍ തനിക്കായിട്ടില്ലെന്ന കുറവാണ് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇഷാന്ത് തീര്‍ത്തത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 51ാം ഓവറിലായിരുന്നു അദ്ദേഹം സിക്‌സര്‍ അക്കൗണ്ട് തുറന്നത്.

ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ചാണ് തല്ലുവാങ്ങിയത്. 51ാം ഓവറിലെ ആദ്യ ബോള്‍ മിഡ് ഓഫിനു മുകളിലൂടെ ഇഷാന്ത് സിക്‌സറിലേക്കു പറത്തിയപ്പോള്‍ എല്ലാവരും അമ്പരന്നു. കാരണം ഇന്ത്യ ഒമ്പതിന് 135 റണ്‍സെടുത്തു നില്‍ക്കി ഇങ്ങനെയൊരു 'കടുംകൈ' ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 112 റണ്‍സിനു മറുപടിയില്‍ ഇന്ത്യ 145 റണ്‍സിന് ഓള്‍ഔട്ടായെങ്കിലും 20 ബോളില്‍ ഒരു സിക്‌സറടക്കം 10 റണ്‍സുമായി ഇഷാന്ത് പുറത്താവാതെ നില്‍ക്കുകയും ചെയ്തു. ഇഷാന്തിന്റെ സിക്‌സറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുതുക്കിപ്പണിത നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ പിറന്ന ആദ്യ സിക്‌സറിന്റെ അവകാശി കൂടിയായി ഇന്ത്യന്‍ പേസര്‍ മാറി.
ടെസ്റ്റിലെ മാത്രമല്ല അന്താരാഷ്ട്ര കരിയറിലെ തന്നെ കന്നി സിക്‌സര്‍ കൂടിയാണ് ഇഷാന്ത് ഈ മല്‍സരത്തില്‍ നേടിയത്. 100 ടെസ്റ്റുകള്‍ മാത്രമല്ല 80 ഏകദിനങ്ങളും 14 ടി20 കളിലും കളിച്ച അദ്ദേഹം ആകെ 164 ഇന്നിങ്‌സുകളിലാണ് ബാറ്റിങിനിറങ്ങിയത്. ഒടുവില്‍ 165ാം ഇന്നിങ്‌സില്‍ ഇഷാന്ത് കരിയറിലെ ആദ്യ സിക്‌സര്‍ പായിക്കുകയും ചെയ്തു. കന്നി സിക്‌സര്‍ കുറിക്കാന്‍ 2677 ബോളുകളാണ് അദ്ദേഹത്തിനു കളിക്കേണ്ടി വന്നത്.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റെടുത്ത് ഇഷാന്ത് 100ാം ടെസ്റ്റിന്റെ തുടക്കം അവിസ്മരണീയമാക്കിയിരുന്നു. ഡൊമിനിക്ക് സിബ്ലിയെയാണ് അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് പേസര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയതോടെ ഇഷാന്ത് എലൈറ്റ് ക്ലബ്ബിലും അംഗമായിരുന്നു. മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനു ശേഷം 100 ടെസ്റ്റുകള്‍ കളിച്ച ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ഇഷാന്ത് സ്വന്തമാക്കിയത്.
ടെസ്റ്റില്‍ 100 മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചു കഴിഞ്ഞെങ്കിലും ഇതുവരെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത രണ്ടാമത്തെ താരം കൂടിയാണ് ഇഷാന്ത്. മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍.