കുട്ടിക്കാലത്തെ ഹീറോസ് നാലു പേര്‍... മൂന്നും ഇടംകൈയന്മാര്‍! ഇന്ത്യയുടെ ഒരാള്‍ മാത്രം- ധവാന്‍
ദില്ലി: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമാണ് ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. നേരത്തേ ടെസ്റ്റിന്റെ ടീമിന്റെയും ഭാഗമായിരുന്ന അദ്ദേഹത്തിന് പിന്നീട് സ്ഥാനം നഷ്ടമാവുകയായിരുന്നു. എങ്കിലും ഏകദിനം, ടി20 എന്നിവയില്‍ ധവാന്‍ തന്റെ പൊസിഷന്‍ മറ്റാര്‍ക്കും ഇതുവരെ വിട്ടുകൊടുത്തിട്ടില്ല.
രോഹിത് ശര്‍മയോടൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ധവാന്‍ നാട്ടിലും വിദേശത്തുമെല്ലാം ഇന്ത്യക്കു മികച്ച തുടക്കം നല്‍കാനും സഹായിച്ചിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യങ്ങളിലൊന്നെന്നാണ് ധവാന്‍- രോഹിത് ജോടി വിലയിരുത്തപ്പെടുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ താന്‍ ക്രിക്കറ്റിന്റെ കടുത്ത ആരാധകനായിരുന്നുവെന്നും ചില ഹീറോസ് തനിക്കുമുണ്ടായിരുന്നുവെന്നും ധവാന്‍ വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനില്‍ ആരാധകരുമായി സംവദിക്കവെയാണ് കുട്ടിക്കാലത്തെ തന്റെ ഹീറോസ് ആരൊക്കെയാണെന്നു ധവാന്‍ വെളിപ്പെടുത്തിയത്. നാലു പേരായിരുന്നു തന്റെ ആരാധനാപാത്രങ്ങളെന്നു ധവാന്‍ പറയുന്നു. ഇവരില്‍ ഇന്ത്യയുടെ ഒരാള്‍ മാത്രമേയുള്ളൂവെന്നതാണ് കൗതുകകരം. മാത്രമല്ല നാലു ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നു പേരും ഇടംകൈ ബാറ്റ്‌സ്മാരാണെന്നതും മറ്റൊരു പ്രത്യേകതയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, മാത്യു ഹെയ്ഡന്‍, ആന്‍ഡി ഫ്‌ളവര്‍ എന്നിവരായിരുന്നു തന്റെ ഹീറോസെന്നു ധവാന്‍ വ്യക്തമാക്കി.

ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ധവാനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ഈ പരമ്പരയില്‍ കളിക്കവെ ഫീല്‍ഡിങിനിടെ ധവാന്റെ തോൡനു പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു.

പരിക്കില്‍ നിന്ന് മോചിതനായ ധവാന്‍ മുംബൈയില്‍ നടന്ന ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ട് മാര്‍ച്ച് ആദ്യവാരത്തോടെയാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. പരിക്ക് ഭേദമായ ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ഈ പരമ്പരയിലൂടെയാണ് മല്‍സരരംഗത്തേക്കു മടങ്ങിവന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്്ക്കുള്ള ടീമില്‍ ധവാനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപിച്ചതോടെ പരമ്പര റദ്ദാക്കുകയായിരുന്നു. ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റന്‍സിനു വേണ്ടിയാണ് ധവാന്‍ ഇനി കളിക്കുക. കൊവിഡ്-19 കാരണം ഐപിഎല്ലും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications