മുംബൈ: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു രാജ്യം മുഴുവന്‍ ലോക്കൗഡൗണിലാണെങ്കിലും അതൊന്നും തന്റെ ഫിറ്റ്‌നസിനെ ബാധിക്കുന്ന കാര്യമല്ലെന്നു ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. വീട്ടിനകത്തു തന്നെ കഴിയുകയാണെങ്കിലും എല്ലാവരും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട ഹിറ്റ്മാന്‍ തന്റെ ഫിറ്റ്‌നസ് മന്ത്രം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്.

വീട്ടിനുളളില്‍ തന്നെ കഴിയുന്നതിനാല്‍ ഫിറ്റ്‌നസ് ഇല്ലെന്ന് പറഞ്ഞ് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഫിറ്റായിരിക്കൂ, അകത്തിരിക്കൂ, സുരക്ഷിതരായിരിക്കൂ (സ്റ്റേ ഫിറ്റ്, സ്റ്റേ ഇന്‍, സ്റ്റേ സേഫ്) എന്നും രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാജ്യത്തു കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ്-19 ഇതിനകം ഇന്ത്യയില്‍ 200ല്‍ അധികം പേരുടെ ജീവന്‍ കവര്‍ന്നുകഴിഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയടക്കം പല സംസ്ഥാനങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.
പരിക്കു കാരണം വിശ്രമത്തിലായിരുന്ന രോഹിത് ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇന്ത്യയുടെ കഴി്ഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പേശിക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നിന്നും രോഹിത് പിന്‍മാറുകയും ചെയ്തു. ഈ രണ്ടു പരമ്പരകളിലും ഇന്ത്യ സമ്പൂര്‍ണ പരാജയവുമേറ്റു വാങ്ങിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരുന്ന ഏകദിന പരമ്പരയിലും രോഹിത് ടീമില്‍ ഇല്ലായിരുന്നു. ഈ പരമ്പരയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ തുടര്‍ന്നുള്ള മല്‍സരങ്ങള്‍ കൊറോണ വൈറസ് ഭീതി കാരണം റദ്ദാക്കുകയായിരുന്നു. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. കഴിഞ്ഞ സീസണിലെ ആവേശകരമായ ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്ണിന് മറികടന്നാണ് മുംബൈ നാലാം കിരീടം സ്വന്തമാക്കിയത്. ഇതോടെ കൂടുതല്‍ തവണ ചാംപ്യമാരായ ടീമെന്ന റെക്കോര്‍ഡിന് മുംബൈ അര്‍ഹരായിരുന്നു.
ഇത്തവണ മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈയും ചെന്നൈയും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ വൈറസ് ബാധയെ തുടര്‍ന്നു ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടി വയ്ക്കുകയായിരുന്നു.