ടെസ്റ്റ്: രണ്ടിന്നിങ്‌സിലും സെഞ്ച്വറി, റെക്കോര്‍ഡുകള്‍... പക്ഷെ ഈ റെക്കോര്‍ഡ് രോഹിത്തിന് നാണക്കേട്
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ രോഹിത് ശര്‍മയുടെ പ്രകടനമായിരുന്നു. ടെസ്റ്റില്‍ ആദ്യമായി ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ഹിറ്റ്മാന്‍ ഇതു ശരിക്കും ആഘോഷിക്കുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയാണ് രോഹിത് പുതിയ റോളില്‍ തുടക്കം ഗംഭീരമാക്കിയത്. പല റെക്കോര്‍ഡുകളും ഈ ടെസ്റ്റില്‍ അദ്ദേഹം തിരുത്തിക്കുറിക്കുകയും ചെയ്തിരുന്നു.
അഭിമാനിക്കാന്‍ വകയുള്ള നേട്ടങ്ങള്‍ മാത്രമല്ല ഒരു തിരിച്ചടിയും ഈ ടെസ്റ്റില്‍ രോഹിത്തിന് നേരിട്ടിരുന്നു. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ഹിറ്റ്മാന് ആഹ്ലാദിക്കാന്‍ വക നല്‍കാത്തതതാണ് ഈ റെക്കോര്‍ഡ്.

പുറത്തായത് ഒരുപോലെ
ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഒരേ തരത്തിലാണ് രോഹിത് ഔട്ടായത്. രണ്ടിന്നിങ്‌സുകളിലും ഹിറ്റ്മാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെടുകയായിരുന്നു. ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സ്റ്റംപ് ചെയ്യപ്പെട്ട് പുറത്താക്കപ്പെട്ട ആദ്യ ഇന്ത്യന്‍ താരമെന്ന നാണക്കേടാണ് ഇതോടെ രോഹിത്തിന്റെ പേരിലായത്.
ഒന്നാമിന്നിങ്‌സില്‍ കേശവ് മഹാരാജിന്റെ ബൗളിങില്‍ ഡികോക്ക് രോഹിത്തിനെ സ്റ്റംപ് ചെയ്യുകയായിരുന്നു. രണ്ടാമിന്നിങ്‌സിലും ഇതേ രീതിയില്‍ തന്നെയായിരുന്നു ഹിറ്റ്മാന്റെ മടക്കം.

80 വര്‍ഷത്തിനുശേഷം
ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സ്റ്റംപ് ചെയ്യപ്പെട്ട് ഔട്ടായ ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത്തെങ്കിലും ലോക ക്രിക്കറ്റില്‍ ഇതാദ്യമല്ല. ഇതിനു മുമ്പ് ടെസ്റ്റ് ചരിത്രത്തില്‍ 21 പേര്‍ ഇതേ രീതിയില്‍ രണ്ടിങ്‌സുകളിലും സ്റ്റംപ് ചെയ്യപ്പെട്ടിട്ടുണ്ട്.
1939ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം വാല്ലി ഹാമണ്‍ഡാണ് ഈ തരത്തില്‍ രോഹിത്തിനു മുമ്പ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെട്ടത്. 80 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു നാണക്കേട് രോഹിത്തിനെ തേടിയെത്തിയത്.

മാന്‍ ഓഫ് ദി മാച്ച്
ഇന്ത്യ ദക്ഷിണാഫ്രിക്കയെ 203 റണ്‍സിനു തകര്‍ത്തുവിട്ട ആദ്യ ടെസ്റ്റില്‍ രോഹിത്തായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ആദ്യ ഇന്നിങ്‌സില്‍ 176ഉം രണ്ടാമിന്നിങ്‌സില്‍ 127ഉം റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. ഇതോടെ ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റത്തില്‍ തന്നെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് രോഹിത് അര്‍ഹയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications