For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ക്രിക്കറ്റ് ദൈവം' മണ്ണിലിറങ്ങിയിട്ട് 47 വര്‍ഷം... റെക്കോര്‍ഡുകളുടെ മാസ്റ്റര്‍, കാണാം 47 നേട്ടങ്ങള്‍

24 വര്‍ഷം നീണ്ടതായിരുന്നു സച്ചിന്റെ ഉജ്ജ്വല കരിയര്‍

മുംബൈ: ക്രിക്കറ്റ് ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ഇന്നു 47ാം പിറന്നാള്‍. വെറും 16 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ക്രിക്കറ്റിലേക്ക് ചുടവുവച്ച ഈ കുറിയ മനുഷ്യന്‍ പിന്നീട് ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് ചരിത്രം. ബാറ്റ് കൊണ്ടു ക്രീസില്‍ കവിത രചിച്ച 24 വര്‍ഷങ്ങള്‍, കൊഴിഞ്ഞുവീണത് എണ്ണിയാല്‍ തീരാത്ത റെക്കോര്‍ഡുകള്‍. ഇന്ത്യയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകരുടെ മനം കവര്‍ന്നത് കളിക്കളത്തിലെ അസാധാരണ പ്രകടനം കൊണ്ടു മാത്രമായിരുന്നില്ല, പെരുമാറ്റത്തിലെ കുലീനത കൊണ്ടു കൂടിയായിരുന്നു. വിരമിച്ച ശേഷവും സച്ചിനെന്ന വിഗ്രഹം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇളകാതെ നില്‍ക്കുന്നതും അതു കൊണ്ടാണ്.

ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും സ്വപ്‌നം കാണാന്‍ പറ്റാത്ത അത്രയും റെക്കോര്‍ഡുകളാണ് സച്ചിന്‍ വാരിക്കൂട്ടിയത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 47ാം വയസ്സിലേക്കു ചുവടുവയ്ക്കുന്ന ഈ ദിവസത്തില്‍ കരിയറിലെ പ്രധാനപ്പെട്ട 47 റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.

റെക്കോര്‍ഡുകള്‍ (ഒന്ന്- അഞ്ച്)

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ സച്ചിന്റെ പേരിലാണ് (51). 2010 ഡിസംബറില്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ 50ാം സെഞ്ച്വറി. സെഞ്ച്വറികള്‍ ഫിഫ്റ്റി തികച്ച ലോകത്തിലെ ആദ്യത്തെയും, ഏക താരവും സച്ചിന്‍ തന്നെ.

ടെസ്റ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണ് സച്ചിന്‍ (15,921). വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ 11,953 റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്‍ തിരുത്തിയത് 2008ലായിരുന്നു.

ടെസ്റ്റില്‍ അതിവേഗം 10,000 റണ്‍സെന്ന റെക്കോര്‍ഡ് ലാറയ്‌ക്കൊപ്പം പങ്കിടുകയാണ് സച്ചിന്‍. 195 ഇന്നിങ്‌സുകളിലാണ് ഇരുവരുടെയും നേട്ടം.

ടെസ്റ്റ് അംഗത്വമുള്ള എല്ലാ രാജ്യങ്ങള്‍ക്കുമെതിരേ സെഞ്ച്വറി നേടിയ താരമാണ് സച്ചിന്‍.

കരിയറിലെ 169ാം ടെസ്റ്റിന് ഇറങ്ങിയതോടെ ഏറ്റവുമധികം ടെസ്റ്റുകള്‍ കളിച്ച താരമായി സച്ചിന്‍ മാറിയിരുന്നു. ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോയെയാണ് അദ്ദേഹം പിന്നിലാക്കിയത്.

റെക്കോര്‍ഡുകള്‍ (ആറ്-പത്ത്)

ടെസ്റ്റ് ക്രിക്കറ്റിലെയും ഏകദിനത്തിലെയും എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരന്‍ സച്ചിനാണ്. ടെസ്റ്റില്‍ 15,921 റണ്‍സും ഏകദിനത്തില്‍ 18,426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലുമായി 30,00ത്തിലേറെ റണ്‍സെടുത്ത ലോകത്തിലെ ഏക താരം കൂടിയാണ് സച്ചിന്‍.

ടെസ്റ്റിലും (51) ഏകദിനത്തിലും (49) ഏറ്റവുമധികം സെഞ്ച്വറികളടിച്ച താരം സച്ചിനാണ്. രണ്ടു ഫോര്‍മാറ്റുകളിലുമായി സെഞ്ച്വറികളില്‍ സെഞ്ച്വറിയും അദ്ദേഹം തികച്ചു.

2012ല്‍ ബംഗ്ലാദേശിനെതിരേ ഏഷ്യാ കപ്പിലായിരുന്നു സച്ചിന്റെ നൂറാം സെഞ്ച്വറി.

ഏറ്റവുമധികം ടെസ്റ്റുകളും (200) ഏകദിനങ്ങളും (463) കളിച്ച താരമെന്ന റെക്കോര്‍ഡ് സച്ചിനു സ്വന്തമാണ്.

ഇന്ത്യക്കൊപ്പം ഏറ്റവുമധികം വിജയങ്ങളില്‍ പങ്കാളിയായ താരം സച്ചിനാണ്. ടെസ്റ്റില്‍ 72ഉം ഏകദിനത്തില്‍ 234ഉം ജയങ്ങളാണ് അദ്ദേഹം ടീമിനൊപ്പം ആഘോഷിച്ചത്.

റെക്കോര്‍ഡുകള്‍ (11-15)

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ തവണ 150 പ്ലസ് സ്‌കോര്‍ നേടിയ താരം സച്ചിനാണ്. 20 തവണയാണ് അദ്ദേഹം 150ന് മുകളില്‍ നേടിയിട്ടുള്ളത്.

ഐസിസിയില്‍ അംഗങ്ങളായ മുഴുവന്‍ ടെസ്റ്റ് ടീമുകള്‍ക്കെതിരേയും സച്ചിന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്.

ആറു തവണയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000ത്തിലേറെ റണ്‍സ് സച്ചിന്‍ അടിച്ചെടുത്തിട്ടുള്ളത് (1997, 99, 2001, 02, 08, 10).

17 വയസ്സും 197 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത്. ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പ്രായ കുറഞ്ഞ ഇന്ത്യന്‍ താരം സച്ചിനാണ്.

ടെസ്റ്റില്‍ സച്ചിനും ദ്രാവിഡും ചേര്‍ന്ന് 20 തവണയാണ് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. ഇത് ലോക റെക്കോര്‍ഡ് കൂടിയാണ്.

റെക്കോര്‍ഡുകള്‍ (16-20)

ടെസ്റ്റിലെ 51 സെഞ്ച്വറികള്‍ സച്ചിന്‍ 22 എണ്ണം നാട്ടിലും 29 എണ്ണം വിദേശത്തും നേടിയതാണ്. വിദേശത്ത് 29 ടെസ്റ്റ് സെഞ്ച്വറികളെന്നത് ലോക റെക്കോര്‍ഡാണ്.

ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ താരം സച്ചിനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു നേട്ടം.

ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറികളും (49) 50 പ്ലസ് സ്‌കോറും (145) സച്ചിന്റെ പേരിലാണ്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം സച്ചിനാണ്. 1998ല്‍ 1894 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സെഞ്ച്വറികളടിച്ചതും സച്ചിനാണ്. 1998ല്‍ ഒമ്പത് സെഞ്ച്വറികള്‍ അദ്ദേഹം നേടി.

റെക്കോര്‍ഡുകള്‍ (21-25)

ഏകദിനത്തില്‍ ഒരു ടീമിനെതിരേ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം സച്ചിനാണ്. ശ്രീലങ്കയ്‌ക്കെതിരേ ഒമ്പത് സെഞ്ച്വറികള്‍ അദ്ദേഹം നേടി.

ഏകദിനത്തില്‍ കൂടുതല്‍ ബൗണ്ടറികളടിച്ചത് സച്ചാണ്. 2016 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഡബിള്‍ സെഞ്ച്വറിയടിച്ച മല്‍സരത്തില്‍ സച്ചിന്‍ 25 ബൗണ്ടറികള്‍ നേടിയിരുന്നു. ഏകദിനത്തില്‍ മറ്റൊരു താരവും ഒരിന്നിങ്‌സില്‍ ഇത്രയും ബൗണ്ടറികള്‍ നേടിയിട്ടില്ല.

ഏകദിനത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരം സച്ചിനാണ് (463).

കൂടുതല്‍ മാന്‍ ഓഫ് ദി മാച്ചായ താരം സച്ചിനാണ് (62). ലോകകപ്പിലും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ചായതും അദ്ദേഹം തന്നെ (9).

റെക്കോര്‍ഡുകള്‍ (26-30)

കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളത് സച്ചിനാണ് (15).

എല്ലാ ഫോര്‍മാറ്റുകളിലുമായി ആകെ 76 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും 20 പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും സച്ചിന്‍ സ്വന്തമാക്കി.

1990-98 വരെ തുടര്‍ച്ചയായി 185 ഏകദിനങ്ങളാണ് സച്ചിന്‍ കളിച്ചത്. ഇതു റെക്കോര്‍ഡാണ്.

ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏഴു തവണ സച്ചിന്‍ 1000ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ക്രിസ് ഗെയ്‌ലും മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്ന് തിരുത്തുന്നതു വരെ ഏകദിനത്തിലെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് സച്ചിന്റെയും ദ്രാവിഡിന്റെയും പേരിലായിരുന്നു. 1999ല്‍ ന്യൂസിലാന്‍ഡിനെതിരേ 331 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരുമുണ്ടാക്കിയത്.

റെക്കോര്‍ഡുകള്‍ (31-35)

സച്ചിനും സൗരവ് ഗാംഗുലിയും ചേര്‍ന്ന് 26 തവണയാണ് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. ഇവയില്‍ 21ഉം ഓപ്പണിങ് വിക്കറ്റിലായിരുന്നു. രണ്ടും റെക്കോര്‍ഡുകളാണ്.

സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയത് 8227 റണ്‍സാണ്. ഓപ്പണിങില്‍ 6609 റണ്‍സും ഇരുവരും അടിച്ചെടുത്തു. രണ്ടും റെക്കോര്‍ഡുകള്‍ തന്നെ.

ലോകത്തില്‍ 90 വ്യത്യസ്ത വേദികളിലായി കളിച്ച ഏക താരം സച്ചിനാണ്.

ഏകദിനത്തില്‍ സച്ചിന്‍ കൂടുതല്‍ റണ്‍സെടുത്ത് ശ്രീലങ്കയ്‌ക്കെതിരേയാണ് (3113).ഓസ്‌ട്രേലിയക്കെതിരേ എല്ലാ ഫോര്‍മാറ്റിലുമായി 6707 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

20 വയസ്സാവും മുമ്പ് അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ സച്ചിന്‍ നേടിയിട്ടുണ്ട്.

റെക്കോര്‍ഡുകള്‍ (36-40)

ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത താരം സച്ചിനാണ്. 2278 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികളും (അഞ്ച്) ഫിഫ്റ്റി പ്ലസ് സ്‌കോറും (21) നേടിയത് സച്ചിനാണ്.

2003ലെ ലോകകപ്പില്‍ ആകെ ഏഴു തവണയാണ് ഫിഫ്റ്റി നേടിയ ശേഷം സച്ചിന്‍ ബാറ്റുയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹമായിരുന്നു (673).

ഏറ്റവുമധികം ലോകകപ്പുകള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് പാകിസ്താന്റെ ജാവേദ് മിയാന്‍ദാദിനൊപ്പം പങ്കിടുകയാണ് സച്ചിന്‍ (ആറ് ലോകകപ്പുകള്‍).

ഏകദിനത്തില്‍ 15,000ത്തില്‍ അധികം റണ്‍സും 150ല്‍ കൂടുതല്‍ വിക്കറ്റുമെടുത്ത താരമാണ് സച്ചിന്‍.

റെക്കോര്‍ഡുകള്‍ (41-47)

ഏകദിനത്തില്‍ കൂടുതല്‍ 90 പ്ലസ് സ്‌കോര്‍ ചെയ്തത് സച്ചിനാണ് (18). മൂന്നു തവണ 99 റണ്‍സില്‍ പുറത്താവുകയും ചെയ്തു.

ടെസ്റ്റില്‍ 10 തവണ സച്ചിന്‍ 90കളില്‍ പുറത്താവാതെ നിന്നിട്ടുണ്ട്.

ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സെന്റ് സേവിയേഴ്‌സിനെതതിരേ ശാരദാശ്രമത്തിനു വേണ്ടി വിനോദ് കാംബ്ലിക്കൊപ്പം 664 റണ്‍സിന്റെ കൂട്ടുകെട്ട് സച്ചിന്‍ ഉണ്ടാക്കിയിരുന്നു. ഇത് ലോക റെക്കോര്‍ഡാണ്. സച്ചിന്‍ അന്ന് പുറത്താവാതെ 326 റണ്‍സെടുത്തിരുന്നു.

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറിയടിച്ച ഏക താരമാണ് സച്ചിന്‍.

1990-91ല്‍ യോര്‍ക്ക്‌ഷെയറിനായി കളിച്ച ആദ്യ വിദേശ താരമായി സച്ചിന്‍ മാറി.

2014ല്‍ രാജ്യം സച്ചിന് പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കായിക താരവും, പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

ഇന്നിങ്‌സിലെ അവസാന ഓവറില്‍ രണ്ടു തവണ ആറു റണ്‍സ് ഡിഫന്‍ഡ് ചെയ്തിട്ടുള്ള ഏക ബൗളറാണ് സച്ചിന്‍.

Story first published: Friday, April 24, 2020, 11:00 [IST]
Other articles published on Apr 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+