Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വേറെ ലെവല്‍, കളി അങ്ങ് അമേരിക്കയില്‍! അതും ട്രെംപിനൊപ്പം- വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണി ആരാധകരുടെ സൂപ്പര്‍ ഹീറോയാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും സിഎസ്‌കെയോടൊപ്പം ഐപിഎല്ലില്‍ അദ്ദേഹം കളി തുടരുന്നു. അവസാന സീസണിലും സിഎസ്‌കെയെ ഐപിഎല്‍ കിരീടം ചൂടിക്കാന്‍ ധോണിക്കായി. പരിശീലക റോളിലേക്കോ മറ്റ് ഉത്തരവാദിത്തങ്ങളിലേക്കോ ഇതുവരെ ധോണി ഇറങ്ങിയിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ശേഷം ബിസിനസിലാണ് ധോണി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

ഇപ്പോള്‍ ഇടവേളകള്‍ ആഘോഷിക്കുന്ന ധോണി വിദേശ യാത്രകളിലാണ്. നടന്നുകൊണ്ടിരിക്കുന്ന യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ കാര്‍ലോസ് അല്‍കാരസ്-അലക്‌സാണ്ടര്‍ സെറേവ് മത്സരം കാണാന്‍ ധോണിയെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. മിക്ക യാത്രകശളിലും ഭാര്യ സാക്ഷിയേയും മകള്‍ സിവയേയും ധോണി ഒപ്പം കൂട്ടാറുണ്ട്. എന്നാല്‍ ഇത്തവണ ഒറ്റക്കാണ് ധോണിയുടെ യാത്ര. ബ്രെക്കിനിടെ അല്‍ക്കാരസ് വിശ്രമിക്കുമ്പോള്‍ പിന്നിലിരിക്കുന്ന ധോണിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിനൊപ്പം ധോണി ഗോള്‍ഫ് കളിക്കുന്ന വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ധോണിക്ക് അമേരിക്കയിലുമുണ്ട് പിടിപാടെന്നും ഏത് കായിക ഇനത്തിലും തല മാസ് ആണെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. ധോണിയെ പ്രത്യേകം ഡൊണാള്‍ഡ് ട്രെംപ് ക്ഷണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എല്ലാവര്‍ക്കും ധോണിയെ ഇഷ്ടമാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ധോണിയെപ്പോലൊരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവില്ലെന്നും. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം കസറിയ താരമാണ് ധോണി. അമേരിക്കയിലെ ഗോള്‍ഫ് ക്ലബ്ബിലെ അംഗങ്ങളും ധോണിക്കും ട്രെംപിനുമൊപ്പമുണ്ടായിരുന്നു. ധോണിയുടെ ഗോള്‍ഫിലെ മികവുകണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കൈയടിക്കുന്നതും വീഡിയോയിലുണ്ട്. ധോണിയുടെ ആരാധകര്‍ക്കിടയില്‍ ധോണിയുടെ പുത്തന്‍ ലുക്കും വൈറലായിരിക്കുകയാണ്.

md dhoni

അല്‍പ്പം നീളന്‍ മുടിയും നീളന്‍ താടിയുമായുള്ള ലുക്കിലാണ് ധോണി. സൂപ്പര്‍ താരമാണെങ്കിലും യാതൊരു താര ജാഡയുമില്ലാതെയാണ് ധോണി ജീവിക്കുന്നതെന്നും എല്ലാവര്‍ക്കും മാതൃകയാണ് ധോണിയെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. തല എവിടെ ചെന്നാലും തലയാണെന്നും ധോണിയെപ്പോലൊരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചത് ഭാഗ്യമാണെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ക്രിക്കറ്റില്‍ മാത്രമല്ല തനിക്ക് മികവുള്ളതെന്ന് നേരത്തെ തന്നെ ധോണി തെളിയിച്ചതാണ്. ഫുട്‌ബോളില്‍ ധോണിയുടെ മികവിനെ സഹതാരങ്ങളടക്കം അംഗീകരിച്ചിട്ടുള്ളതാണ്. സെലിബ്രിറ്റി ഫുട്‌ബോള്‍ ലീഗിലും ധോണി കസറിയത് ആരാധകര്‍ കണ്ടതാണ്. ചെറുപ്പത്തില്‍ ഗോള്‍കീപ്പറാവാനായിരുന്നു ധോണിക്ക് ഇഷ്ടം. പിന്നീട് ലോക ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക റോളിലേക്ക് ധോണിയെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. നേരത്തെ ഇന്ത്യയുടെ ടി20 ലോകകപ്പില്‍ മെന്ററായി ധോണി പ്രവര്‍ത്തിച്ചിരുന്നു. ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം പരിശീലക റോളിലേക്ക് ധോണിക്ക് എത്താന്‍ സാധിക്കില്ല. ഐപിഎല്ലില്‍ കരിയര്‍ അവസാനിപ്പിച്ചാലും ധോണി ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യത കുറവാണ്. സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി വരാനാണ് സാധ്യത.

42കാരനായ ധോണി അടുത്ത വര്‍ഷവും സിഎസ്‌കെയ്ക്കായി കളിച്ചേക്കും. അവസാന സീസണിലും ധോണിക്ക് കീഴില്‍ സിഎസ്‌കെ കിരീടത്തിലേക്കെത്തിയിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് ഐപിഎല്‍ കിരീടമെന്ന റെക്കോഡിനൊപ്പമെത്താനും സിഎസ്‌കെയ്ക്കായി. ഇന്ത്യന്‍ ടീമിനെക്കാള്‍ സിഎസ്‌കെയോടാണ് ധോണിക്ക് വൈകാരികമായ അടുപ്പമുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കാളേറെ സിഎസ്‌കെയ്‌ക്കൊപ്പം തുടരാനാവും ധോണി ആഗ്രഹിക്കുക.

ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു ഐസിസി കിരീടം പോലും നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ കിരീടം നേടിയത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കി വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലെത്തിച്ചു. ഇത്തവണ ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് എത്തുമ്പോള്‍ ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Friday, September 8, 2023, 13:51 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+