ഹാട്രിക്കില്‍ ഹാട്രിക്ക്! ബിഗ് ബാഷില്‍ ഇന്ത്യന്‍ കൊടുങ്കാറ്റ്, ഹീറോയായത് 'പഞ്ചാബ് താരം'
ഐപിഎല്‍ മാതൃകയില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഹാട്രിക്ക് പിറന്നിരിക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കു ഐപിഎല്ലൊഴികെയുള്ള മറ്റു ഫ്രാഞ്ചൈസി ലീഗുകളിലൊന്നും പങ്കെടുക്കാന്‍ അനുവാദമില്ല. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. പഞ്ചാബില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു ചേക്കേറിയ ഇന്ത്യന്‍ ദമ്പതികള്‍ക്കു ജനിച്ച ഫാസ്റ്റ് ബൗളര്‍ ഗുരീന്ദര്‍ സന്ധുവെന്ന താരമാണ് ഇന്ത്യയുടെയും അഭിമാനമായി മാറിയിരിക്കുന്നത്.
28 കാരനായ സന്ധു ഓസ്‌ട്രേലിയന്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറുകയും ചെയ്തിട്ടുള്ള താരമാണ്. 2015 ജനുവരിയില്‍ ഇന്ത്യക്കെതിരേയായിരുന്നു കന്നി ഏകദിന മല്‍സരം. ഇതേ മാസം തന്നെ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനത്തിനു ശേഷം അദ്ദേഹത്തിനു പിന്നീട് ഓസീസ് ടീമില്‍ ഇടം ലഭിച്ചില്ല. രണ്ട് ഏകദിനങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റുകളാണ് സന്ധുവിന് വീഴ്ത്താനായത്.

ക്വീന്‍സ്‌ലാന്‍ഡില്‍ നടന്ന സിഡ്‌നി തണ്ടറും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മിലുള്ള മല്‍സരത്തിലായിരുന്നു സന്ധുവിന്റെ ഹാട്രിക്ക് നേട്ടം. മല്‍സരത്തില്‍ സിഡ്‌നിക്കു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇതു മൂന്നാം തവണയാണ് സന്ധു ഹാട്രിക്കിന് അവകാശിയായത്. ഇതുമൊരു റെക്കോര്‍ഡാണ്. മുമ്പ് മറ്റൊരു ക്രിക്കറ്ററും ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടിയിട്ടില്ല.
പെര്‍ത്തിനെതിരായ കളിയില്‍സന്ധു ഒരോവറിലായിരുന്നില്ല സിഡ്‌നി ഫ്രാഞ്ചൈസിക്കായി ഹാട്രിക് പൂര്‍ത്തിയാക്കിയത്. 12ാമത്തെ ഓവറിലെ അവസാനത്തെ ബോളല്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍ കൂടിയായ കോളിന്‍ മണ്‍റോയെ പുറത്താക്കിയാണ് സന്ധു ഹാട്രിക്കിലേക്കുള്ള തിരി കൊളുത്തിയത്.

പിന്നീട് 16ാമത്തെ ഓവറിലാണ് സന്ധുവിനെ സിഡ്‌നി ക്യാപ്റ്റന്‍ പന്തേല്‍പ്പിച്ചത്. ഈ ഓവറിലായിരുന്നു താരത്തിന്റെ മാജിക്കല്‍ പ്രകടനം. ആദ്യ ബോളില്‍ തന്നെ ആരോണ്‍ ഹാര്‍ഡിയെ സന്ധു പുറത്താക്കി. തൊട്ടടുത്ത ബോളില്‍ ലോറി ഇവാന്‍സിന്റെയും വിക്കറ്റെടുത്ത ഇന്ത്യന്‍ താരം ഹാട്രിക്കും തികയ്ക്കുകയായിരുന്നു. ഹാട്രിക്കുള്‍പ്പെടെ കളിയില്‍ നാലു വിക്കറ്റുകള്‍ സന്ധുവിന് ലഭിച്ചു. നേരത്തേ അഞ്ചാം ഓവറില്‍ കേര്‍ട്ടിസ് പാറ്റേഴ്‌സനെയും അദ്ദേഹം പുറത്താക്കിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലായാലും ആഭ്യന്തര ക്രിക്കറ്റിലായാലും പലരും ഒരു ഹാട്രിക്ക് മാത്രം നേടിയാവും കരിയര്‍ അവസാനിപ്പിക്കാറുള്ളത്. പക്ഷെ അവര്‍ക്കിടയില്‍ ഒരു അദ്ഭുതമായി മാറിയിരിക്കുകയാണ് സന്ധു. പെര്‍ത്തിനെതിരായ കളിയിലെ സ്വന്തം പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ടെന്നു മല്‍സരശേഷം സന്ധു പ്രതികരിച്ചു. ഹാട്രിക്ക് നേടാനായത് മഹത്തായ അനുഭവം തന്നെയാണ്. ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്. വളരെ മികച്ച വിജയമാണ് ടീം നേടിയത്, അതില്‍ അതിയായ ആഹ്ലാദവുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബിബിഎല്ലിനു ശേഷം ഇത്തവണയും ടൂര്‍ണമന്റില്‍ കളിക്കാനാവുമോയെന്നു എനിക്കുറപ്പില്ലായിരുന്നു. ഏതു സമയത്ത് കളി വിജയിച്ചാലും നിങ്ങള്‍ക്കു അത് വലിയ വിശ്വാസം ലഭിക്കും. എല്ലായ്‌പ്പോഴും ആരെങ്കിലുമൊരാള്‍ കൈകള്‍ ഉയര്‍ത്തി മുന്നോട്ട് വരികയും ഞങ്ങളെ വിജയിപ്പിക്കുകയും ചെയ്യുന്നു. ഇതു ശരിക്കും അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും സന്ധു കൂട്ടിച്ചേര്‍ത്തു.

മല്‍സരത്തിലേക്കു വരികയാണെങ്കില്‍ സന്ധുവിന്റെ ഹാട്രിക്കിലേറി പെര്‍ത്തിനെ സിഡ്‌നി ടീം 18 ഓവറില്‍ ഒമ്പതു 133 റണ്‍സിലൊതുക്കുകയായിരുന്നു. മഴയെ തുടര്‍ന്നായിരുന്നു ഓവര്‍ വെട്ടിക്കുറച്ചത്. കാമറോണ്‍ ബാന്‍ക്രോഫ്റ്റ് (30), ആഷ്ടന്‍ ഏഗന്‍ (22), ലോറി ഇവാന്‍സ് (20) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. നാലോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്താണ് സന്ധു നാലു വിക്കറ്റുകളെടുത്ത്. സാക്വിബ് മഹമ്മുദിന് രണ്ടു വിക്കറ്റും ലഭിച്ചു. മറുപടിയില്‍ 17 ഓവറില്‍ തന്നെ നാലു വിക്കറ്റിന് 137 ററണ്‍സെടുത്ത് സിഡ്‌നി ലക്ഷ്യം മറികടന്നു. ജാസണ്‍ സാംഗയും (34), മാത്യു ഗൈക്‌സുമാണ് (32) പ്രധാന സ്‌കോറര്‍മാര്‍. അലെക്‌സ് ഹെയ്ല്‍സ് 26 റണ്‍സും നേടി. സന്ധുവാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications