
ആരാണ് വിനി രാമന്‍?
ഓസ്‌ട്രേലിയയില്‍ സ്ഥിര താമസമാക്കിയ തമിഴ് കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് വിനി രാമന്‍. 1993 മാര്‍ച്ച് മൂന്നിന് മെല്‍ബണിലായിരുന്നു വിനി ജനിച്ചത്.
വിക്ടോറിയയിലെ മെന്റണ്‍ ഗേള്‍സ് സെക്കന്‍ഡറി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയായിരുന്നു. മെഡിക്കല്‍ സയന്‍സ് ബിരുദദാരിയാണ്. നിലവില്‍ ഫാര്‍മസിസ്റ്റ് കൂടിയാണ് വിനി. നീന്തല്‍, യാത്ര എന്നിവയാണ് വിനിയുടെ പ്രധാന ഹോബികള്‍.

മാക്‌സ്വെല്ലും വിനിയും എവിടെ വച്ച് കണ്ടുമുട്ടി?
2013 ഡിസംബറില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു ചടങ്ങില്‍ വച്ചായിരുന്നു താന്‍ മാക്‌സ്വെല്ലിനെ ആദ്യമായി കാണുന്നതെന്നായിരുന്നു വിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മാക്‌സിയാണ് തന്നോടു ആദ്യം താല്‍പ്പര്യം കാണിച്ചതെന്നും വിനി പറയുന്നു.

പ്രണയത്തിന്റെ തുടക്കം
2017 മുതല്‍ ഗ്ലെന്‍ മാക്‌സ്വെല്ലും വിനി രാമനും പ്രണയത്തിലാണ്. ആദ്യം പ്രണയാഭ്യര്‍ഥന നടത്തിയത് ഓസീസ് ക്രിക്കറ്ററാണെന്നും വിനി വെളിപ്പെടുത്തുന്നു.
യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് രണ്ടുപേരും. ഒരുപാട് യാത്രകളും ഇവര്‍ ഒരുമിച്ച് നടത്തിയിട്ടുണ്ട്. പാരീസ്, ലണ്ടന്‍, ഡബ്ലിന്‍, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെ പല രാജ്യങ്ങളും മാക്‌സ്വെല്ലും വിനിയും ഒരുമിച്ച് സന്ദര്‍ശിച്ചിട്ടുമുണ്ട്.

വിവാഹം എപ്പോള്‍?
ഗ്ലെന്‍ മാക്‌സ്വെല്ലും വിനി രാമനും തമ്മിലുള്ള വിവാഹം എപ്പോഴായിരിക്കുമെന്നാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. പക്ഷെ കൊവിഡ് വില്ലനായതോടെ വിവാഹം നീട്ടേണ്ടി വരികയായിരുന്നു. 2022 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാവും ഇനി വിവാഹമെന്നാണ് സൂചനകള്‍. മാക്‌സ്വെല്ലും വിനിയും തമ്മിലുള്ള വിവാഹം കഴിയുന്നതോടെ ഇന്ത്യക്കാരിയെ വിവാഹം ചെയ്ത രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായി മാക്‌സ്വെല്‍ മാറും. മുന്‍ പേസര്‍ ഷോണ്‍ ടെയ്റ്റായിരുന്നു ഇതിനു തുടക്കമിട്ടത്. 2014ലായിരുന്നു മോഡലും ആങ്കറുമായ മഷൂം സിന്‍ഹയെ ടെയ്റ്റ് മിന്നുകെട്ടിയത്.

മാക്‌സ്വെല്ലിനു താങ്ങായി വിനി
മാനസിക സമ്മര്‍ദ്ദം കാരണം മാക്‌സ്വെല്‍ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തപ്പോള്‍ വിനിയുടെ പിന്തുണയും സാന്നിധ്യവുമായിരുന്നു മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ സഹായിച്ചത്. 2019ന്റെ അവസാനത്തോടെയായിരുന്നു മാനസിക സംഘര്‍ഷങ്ങള്‍ കാരണം ഗെയിമില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. താരത്തിന്റെ വിഷാദരോഗത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയതും അടിയന്തരമായി മെഡിക്കല്‍ സഹായം തേടമെന്നും നിര്‍ദേശിച്ചത് വിനിയായിരുന്നു. ഇതേക്കുറിച്ച് മാക്‌സ്വെല്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
യഥാര്‍ഥത്തില്‍ എന്റെ പങ്കാളിയാണ് ഇപ്പോള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ആരൊടെങ്കിലും സംസാരിക്കണമെന്ന് നിര്‍ദേശിച്ചത്. എന്റെ മാറ്റം ആദ്യമായി ശ്രദ്ധിച്ചത് അവളായിരുന്നു. അതുകൊണ്ടു തന്നെ കരിയര്‍ വീണ്ടെടുക്കാനായതില്‍ ഞാന്‍ ആദ്യം നന്ദി പറയേണ്ടത് അവളോടു തന്നെയാണെന്നും ഫോക്‌സ് സ്‌പോര്‍ട്‌സിനോടു മാക്‌സ്വെല്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications