12 വര്‍ഷങ്ങള്‍ക്കു ശേഷം ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസുമായി വീണ്ടുമൊരു ടെസ്റ്റില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. 2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യ അവസാനമായി ഇവിടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചത്. അന്നു പക്ഷെ ജയം കൊയ്യാന്‍ ഇന്ത്യക്കായില്ല. സമനില കൊണ്ട് ധോണിയും സംഘവും തൃപ്തിപ്പെടുകയായിരുന്നു.
പക്ഷെ അന്നു ക്യാപ്റ്റനെന്ന നിലയില്‍ ധോണി കാണിച്ച വലിയൊരു മണ്ടത്തരം കാരമാണ് ഇന്ത്യക്കു ജയിക്കാന്‍ സാധിക്കാതെ പോയത്. അദ്ദേഹമെടുത്ത തീരുമാനത്തോടു പൊറുക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ക്കു ഒരിക്കലും സാധിക്കുകയുമില്ല. 2011ലെ പര്യടനത്തില്‍ ഡൊമിനിക്കയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുകയും ഇത്തവണയും കളിക്കുകയും ചെയ്യുന്ന ഒരേയൊരു താരം വിരാട് കോലിയാണ്.

ലോക ക്രിക്കറ്റിലെ ഉയര്‍ന്നു വരുന്ന ബാറ്റിങ് സെന്‍സേഷനായിരുന്നു അന്നു അദ്ദേഹം. വിന്‍ഡീസിനെതിരേ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന മറ്റൊരു താരം ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡായിരുന്നു. ഇത്തവണ ടീമിന്റെ പരിശീലകക്കുപ്പായത്തിലാണ് അദ്ദേഹമുള്ളത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയായിരുന്നു 2011ല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ചത്.
കിങ്സ്റ്റണിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. പരമ്പര യഥാര്‍ഥത്തില്‍ 2-0 എന്ന മികച്ച മാര്‍ജിനില്‍ കൈക്കലാക്കാന്‍ ഇന്ത്യക്കു കഴിയുമായിരുന്നു. പക്ഷെ ഡൊമിനിക്കയിലെ അവസാന ടെസ്റ്റില്‍ സമനില സമ്മതിച്ചതോടെ ഇന്ത്യ ഈ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. ഇതിനു കാരണക്കാരന്‍ ധോണി തന്നെയായിരുന്നു.
ജയിക്കാമായിരുന്ന ടെസ്റ്റില്‍ അതിനു ശ്രമിക്കാതെ പരാജയഭീതിയില്‍ ധോണി സമനില വഴങ്ങിക്കൊടുക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അന്നു വലിയ വിമര്‍ശനങ്ങളും മുന്‍ താരങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നുമെല്ലാം അദ്ദേഹം നേരിടുകയും ചെയ്തു. 180 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വിന്‍ഡീസ് നല്‍കിയത്.
മറ്റ് ഏതൊരു ടീമും ആയിരുന്നെങ്കില്‍ ഇത്ര ചെറിയൊരു ലക്ഷ്യം ചേസ് ചെയ്യാന്‍ തീര്‍ച്ചയായും ശ്രമിക്കുമായിരുന്നു. പക്ഷെ ധോണി തീര്‍ത്തും ഡിഫന്‍സീവായ സമീപനമായിരുന്നു സ്വീകരിച്ചത്. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 204ഉം രണ്ടാമിന്നിങ്‌സില്‍ 322ഉം റണ്‍സാണ് സകോര്‍ ചെയ്തത്. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 347നു പുറത്താവുകയും ചെയ്തു.
അവസാന ദിവസം ടീ ബ്രേക്കിനു തൊട്ടുമുമ്പായിരുന്നു ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്താല്‍ മാത്രമേ 180 റണ്‍സ് ചേസ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ നിരധി പേര്‍ ഇന്ത്യ ടീമില്‍ ഉണ്ടായിരുന്നതിനാല്‍ ഈ സ്‌കോര്‍ ചേസ് ചെയ്യുകയെന്നത് അസാധ്യമായിരുന്നില്ല.

റണ്‍ചേസില്‍ ആദ്യ ബോളില്‍ തന്നെ അഭിനവ് മുകുന്ദിനെ ഇന്ത്യക്കു നഷ്ടമായി. പിന്നീട് ടീ ബ്രേക്കിനു ശേഷം മുരളി വിജയിയും മൂന്നാമനായെത്തിയ ദ്രാവിഡും ചേര്‍ന്ന് പതിയെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. പക്ഷെ വിജയിക്കാനുള്ള ഒരു ശ്രമവും ഇന്ത്യയുടെ ഭാഗത്തു നിന്നും കണ്ടില്ല.
പകരം തട്ടിയും മുട്ടിയും ശേഷിച്ച ഓവറുകള്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കുകയെന്ന തണുപ്പന്‍ സമീപനമായിരുന്നു ഇന്ത്യ സ്വീകരിച്ചത്. സമനിലയ്ക്കു വേണ്ടിയാണ് ടീം കളിക്കുന്നതെന്നു ഇതില്‍ നിന്നും വളരെ വ്യക്തവുമായിരുന്നു. ഡ്രിങ്ക്‌സ് ബ്രേക്കിനു തൊട്ടുമുമ്പ് വിജയ്, സുരേഷ് റെയ്‌ന എന്നിവര്‍ പുറത്തായി.
അവസാന ദിനത്തിലെ കളി തീരാന്‍ ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ ഇന്ത്യ മൂന്നിന് 94 റണ്‍സന്ന നിലയിലായിരുന്നു. 86 റണ്‍സായിരുന്നു അപ്പോള്‍ ജയിക്കാന്‍ ആവശ്യം. പക്ഷെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി സമനില സമ്മതിച്ച് പിരിയുകയായിരുന്നു. പരമ്പര ഇന്ത്യ 1-0നു നേടിയെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സി വിമര്‍ശിക്കപ്പെട്ടു.
ജയത്തിനായി ടീം ശ്രമിക്കാതിരുന്നതിന്റെ കാരണം മല്‍സരശേഷം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ലക്ഷ്യത്തിനു പിന്നാലെ പോയാല്‍ നമ്മള്‍ പരമ്പര വിജയം കൂടിയാണ് അപകടത്തിലാക്കുന്നത്. ആ വിക്കറ്റുകള്‍ വീണ ശേഷം വിജയത്തിനായി ശ്രമിക്കുന്നതില്‍ അര്‍ഥമില്ലെന്നു ഞങ്ങള്‍ മനസ്സിലാക്കി. അതിനാല്‍ ജയം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പക്ഷെ പരമ്പര വിജയത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നായിരുന്നു ധോണിയുടെ വിശദീകരണം.