ബില്‍ തുക 6700 രൂപ, റെസ്റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ബില്ലടച്ച് ആരാധകന്‍!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോകത്തെവിടെ പോയാലും ആരാധകരുടെ പഞ്ഞമുണ്ടാവാറില്ല. രാജ്യത്തു മറ്റേതൊരു കായിക ഇനത്തേക്കാള്‍ പ്രചാരം ക്രിക്കറ്റിന് ആയതിനാല്‍ തന്നെ താരങ്ങള്‍ക്കും ആരാധകര്‍ക്കിടയില്‍ ഹീറോ പരിവേഷമാണുള്ളത്. അതുകൊണ്ടു തന്നെ തങ്ങളുടെ ഹീറോസിനു വേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറുമാണ്. ഓസ്‌ട്രേലിയയില്‍ വച്ചുണ്ടായ ഒരു കൗതുകകരമായ സംഭവം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യന്‍ ടീമിലെ ചില താരങ്ങളുടെ ബില്ലടച്ച് അവര്‍ക്കു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ഒരു ഫാന്‍.
മെല്‍ബണില്‍ സ്ഥിരതാമസമാക്കി നവല്‍ദീപ് സിങെന്ന കടുത്ത ആരാധകനാണ് ഇന്ത്യന്‍ താരങ്ങളുടെ റെസ്റ്റോറന്റ് ബില്‍ അവരറിയാതെ അടച്ചത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. ഇതേ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ സിങ് ഇരുന്ന തൊട്ടു പിറകിലെ ടേബിളിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റര്‍മാരും ഭക്ഷണം കഴിക്കാനിരുന്നത്. ഈ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

രോഹിത്തുള്‍പ്പെടെ അഞ്ചു പേര്‍
ഓസ്‌ട്രേയയില്‍ പര്യടനത്തിയെത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗങ്ങളായ രോഹിത് ശര്‍മ, റിഷഭ് പന്ത്, നവദീപ് സെയ്‌നി, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരായിരുന്നു മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഇവര്‍ക്കു മുമ്പ് തന്നെ ഇവിടെയെത്തിയ സിങ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ ഇതു ഫോണില്‍ പകര്‍ത്തി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇതുകൊണ്ടും സിങിന്റെ ത്രില്‍ തീര്‍ന്നില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം താരങ്ങളെ കാണുന്നതിനായി അദ്ദേഹം വീണ്ടും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. താരങ്ങളുടെ വീഡിയോക്കൊപ്പം ഭക്ഷണം വീണ്ടും ഓര്‍ഡര്‍ ചെയ്ത ചിത്രവും സിങ് പുറത്തുവിട്ടിട്ടുണ്ട്. വിശപ്പില്ല, ഇവരെ കണ്ടുകൊണ്ടിരിക്കുന്നതിനാണ് വീണ്ടും ഭക്ഷണം ഓര്‍ഡര്‍ ചെയ്തതെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.

ബില്‍ തുക 6700 രൂപ
വീണ്ടും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം സിങ് ഇന്ത്യന്‍ താരങ്ങള്‍ കഴിച്ചുതീരുന്നതു വരെ വെയ്റ്റ് ചെയ്തു. തുടര്‍ന്ന് അവരുടെ ഭക്ഷണത്തിന്റെ ബില്‍ അദ്ദേഹം അടയ്ക്കുകയുമായിരുന്നു. 118 ഓസ്‌ട്രേലിയന്‍ ഡോളറായിരുന്നു ബില്‍ തുക. ഇതു ഏകദേശം 6700 ഇന്ത്യന്‍ രൂപയോളം വരും. ബില്ലിന്റെ ഫോട്ടോയും സിങ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഞാന്‍ ബില്ലടച്ച കാര്യം താരങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്റെ സൂപ്പര്‍ സ്റ്റാറുകള്‍ക്കായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും സിങ് ട്വീറ്റ് ചെയ്തു.

താരങ്ങളുടെ പ്രതികരണം
തങ്ങളുടെ ഭക്ഷണത്തിന്റെ ബില്‍ മറ്റൊരാള്‍ അടച്ചതായി അറിഞ്ഞപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അതു സര്‍പ്രൈസായി മാറി. ഇതു ശരിയല്ലെന്നും, പണം സ്വീകരിക്കണമെന്നും രോഹിത് തന്നോടു പറഞ്ഞു. അതിനു കഴിയില്ലെന്നായിരുന്നു തന്റെ മറുപടി. റിഷഭ് പന്ത് തന്നെ കെട്ടിപ്പിടിക്കുകയും പണം തിരികെ വാങ്ങിച്ചാല്‍ ഒരുമിച്ച് ഫോട്ടോയെടുക്കാന്‍ അനുവദിക്കുമെന്നും തമാശയായി പറഞ്ഞു. ഇല്ലെന്നു തന്നെയായിരുന്നു മറുപടി നല്‍കിയത്. ഒടുവില്‍ അവര്‍ വഴങ്ങുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തുവെന്നും ഒരുപാട് സന്തോഷമായെന്നും സിങ് ട്വിറ്ററില്‍ കുറിച്ചു. ലഞ്ചിനു തന്റെ ഭാര്യയോടു റിഷഭ് പന്ത് നന്ദി പറഞ്ഞതായും സിങ് ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications