മൂന്നു പേര്‍ സൈന്യത്തിനൊപ്പം, 2 പേര്‍ ബാങ്കില്‍- ഇന്ത്യന്‍ ക്രിക്കറ്റര്‍മാരും സര്‍ക്കാര്‍ ജോലിയും
ഇന്ത്യയിലെ ദേശീയ കായിക വിനോദം ഹോക്കിയാണെങ്കിലും വളരെ മുമ്പ് തന്നെ ക്രിക്കറ്റ് പ്രചാരത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തിയിരുന്നു. ഇപ്പോഴും ക്രിക്കറ്റിനോളം പ്രിയം മറ്റൊരു കായിക ഇനത്തിനും ഇന്ത്യക്കാര്‍ നല്‍കുന്നില്ല. ഓരോ ക്രിക്കറ്റ് മല്‍സരത്തിനും നിറഞ്ഞുകവിയുന്ന സ്‌റ്റേഡിയങ്ങള്‍ ഇത് അടിവരയിടുകയും ചെയ്യുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ചില ഇതിഹാസങ്ങളെ ദൈവത്തെപ്പോലെ ആരാധിക്കുന്നവര്‍ ഇവിടെയുണ്ട്.
ക്രിക്കറ്റില്‍ സ്വന്തം രാജ്യത്തിനു വേണ്ടി അഭിമാനാര്‍ഹമായ പ്രകടനങ്ങള്‍ നടത്തിയുള്ള താരങ്ങളെ സര്‍ക്കാരും ആദരിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ ഉന്നത ജോലി നല്‍കിയായിരുന്നു ഇത്. ഈ തരത്തില്‍ സര്‍ക്കാരില്‍ ഉന്നത ജോലികളുള്ള പ്രധാനപ്പെട്ട ക്രിക്കറ്റര്‍മാര്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം.

കെഎല്‍ രാഹുല്‍ (അസിസ്റ്റന്റ് മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമെന്ന പദവിയിലേക്കുയരുന്ന താരമാണ് യുവ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ 28 കാരന്‍ വിക്കറ്റ് കീപ്പറുടെ റോളും വഹിക്കുന്നുണ്ട്. 2014ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ രാഹുല്‍ ഒരുപാട് തിരിച്ചടികളെ മറികടന്നാണ് വീണ്ടും ദേശീയ ടീമിലെത്തി ഇപ്പോള്‍ സ്ഥാനം ഭദ്രമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ആര്‍ബിഐ) അസിസ്റ്റന്റ് മാനേജര്‍ കൂടിയാണ് രാഹുല്‍. 2018ലാണ് അന്നത്തെ ആര്‍ബിഐ ഗവര്‍ണറായിരുന്ന എസ്എസ് മുന്ദ്രയുടെ ശുപാര്‍ശ പ്രകാരം അദ്ദേഹത്തിനു നിയമനം ലഭിച്ചത്.

ഹര്‍ഭജന്‍ സിങ് (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, പഞ്ചാബ്)
ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പഞ്ചാബ് പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് കൂടിയാണെന്ന് അധികം പേര്‍ക്കുമറിയാത്ത രഹസ്യമാണ്. ക്രിക്കറ്റിനു നല്‍കിയ മികച്ച സംഭാവനകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെ ആദരിച്ചത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരുടെ കൂട്ടത്തിലാണ് ഭാജിയുടെ സ്ഥാനം. 103 ടെസ്റ്റുകളില്‍ നിന്നും 417 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 236 മല്‍സരങ്ങളില്‍ നിന്നും 269 വിക്കറ്റുകളും സ്പിന്നര്‍ നേടി. 2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഭാജി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അതിനു ശേഷം ദേശീയ ടീമിനു പുറത്താണെങ്കിലും അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇനിയും വിരമിച്ചിട്ടില്ല. എങ്കിലും ഐപിഎല്ലി ഇപ്പോഴും സജീവ സാന്നിധ്യമാണ് ഭാജി.

കപില്‍ ദേവ് (ലെഫ്റ്റനന്റ് കേണല്‍, ഇന്ത്യന്‍ ടെറിറ്റോറിയര്‍ ആര്‍മി)
ഇന്ത്യക്കു ആദ്യമായി ലോകകപ്പ് നേടിത്തന്ന മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ് ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്കു തുടക്കമിട്ട ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. 1983ല്‍ ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയത്തോടെയാണ് ക്രിക്കറ്റ് രാജ്യത്ത് ഒരു ലഹരിയായി പടര്‍ന്നുപിടിച്ചത്. അന്നു ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് കപില്‍. വിരമിച്ച ഇന്ത്യന്‍ കോച്ചായും കുറച്ചു കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2008ലാണ് ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ കപില്‍ ലഫ്റ്റനന്റ് കേണലായി നിയമിക്കപ്പെട്ടത്. ഈ നേട്ടത്തിന് അവകാശിയായ ആദ്യ ക്രിക്കറ്റര്‍ കൂടിയാണ് അദ്ദേഹം.

ഉമേഷ് യാദവ് (അസിസ്റ്റന്റ് മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)
കെഎല്‍ രാഹുലിനെക്കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍ ജോലിയുള്ള മറ്റൊരു ക്രിക്കറ്ററാണ് പേസര്‍ ഉമേഷ് യാദവ്. 2010ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഉമേഷിന്റെ കരിയര്‍ ഒരിക്കലും തുടര്‍ച്ചയുള്ളതായിരുന്നില്ല. ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു താരം. ഇപ്പോള്‍ ടെസ്റ്റ് ടീമിലേക്കാണ് ഉമേഷ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. പ്ലെയിങ് ഇലവനില്‍ അഅദ്ദേഹത്തിന് ഇപ്പോഴും സ്ഥാനമുറപ്പില്ല.
ക്രിക്കറ്ററാവുന്നതിനു മുമ്പ് പോലീസ് ജോലിയായിരുന്നു ഉമേഷിന്റെ സ്വപ്നം. പോലീസ് കോണ്‍സ്റ്റബിള്‍ ആവാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരീക്ഷയില്‍ തോല്‍ക്കുകയായിരുന്നു. 2017ലാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഉമേഷിനെ ആര്‍ബിസി അസിസ്റ്റന്റ് മാനേജരുടെ ജോലി ലഭിക്കുന്നത്.

എംഎസ് ധോണി (ലഫ്റ്റനന്റ് കേണല്‍, ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി)
കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച രണ്ടാമത്തെ ക്രിക്കറ്ററാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐസിസിയുടെ മൂന്ന് കിരീടങ്ങളും ഏറ്റുവാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ഇന്ത്യക്കു നേടിത്തന്നത്.
രാജ്യത്തു നല്‍കിയ അവിസ്മരണീയ നേട്ടങ്ങള്‍ പരിഗണിച്ച് 2011ലാണ് ധോണിയെ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായി നിയമിച്ചത്. കഴിഞ്ഞു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് 38 കാരനായ ധോണി.

യുസ്വേന്ദ്ര ചഹല്‍ (ഇന്‍കം ടാക്‌സ് ഓഫീസര്‍)
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ യുവ സ്പിന്നര്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. 2016ലാണ് ചഹല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കുല്‍ദീപ് യാദവിനൊപ്പം ഇന്ത്യയുടെ മികച്ച സ്പിന്‍ ജോടിയായി ചഹല്‍ മാറുകയും ചെയ്തു. കുല്‍- ചായെന്നാണ് ഈ സഖ്യത്തെ ആരാധകര്‍ വിശേഷിപ്പിച്ചത്. റണ്ണൊഴുക്ക് തടയാനും മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാനുള്ള മികവുമാണ് ചഹലിന്റെ കരുത്ത്. 2018ലായിരുന്നു ചഹലിന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായി ജോലി ലഭിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഗ്രൂപ്പ് ക്യാപ്റ്റന്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്)
ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവും ലോകം കണ്ട എക്കാലത്തെയും മികച്ച താരവുമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 23 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന ബാറ്റിങ് വിസ്മയം കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ടെസ്റ്റ്, ഏകദിനം എന്നിവയിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോഡുള്‍പ്പെടെ നിരവധി റെക്കോര്‍ഡുകള്‍ക്കു അവകാശിയാണ് സച്ചിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരം കൂടിയാണ് അദ്ദേഹം.
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഗ്രൂപ്പ് ക്യാപ്ന്‍ സ്ഥാനം നല്‍കി രാജ്യം സച്ചിനെ ആദരിച്ചിരുന്നു. 2010ലായിരുന്നു ഈ പദവി അദ്ദേഹത്തെ തേടിയെത്തിയത്. 2013ല്‍ ഹോംഗ്രൗണ്ടായ മുംബൈയിലെ വാംഖഡെയില്‍ കളിച്ചാണ് സച്ചിന്‍ ക്രിക്കറ്റിനോടു വിട പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications