
ലങ്ക ഇന്ത്യയിലേക്ക് (ജനുവരി 5- ജനുവരി 10)
2020ല്‍ അയല്‍ക്കാരായ ശ്രീലങ്കയുമായാണ് ഇന്ത്യയുടെ ആദ്യത്തെ പരമ്പര. ലങ്കന്‍ ടീം മൂന്നു ടി20കള്‍ കളിക്കാന്‍ ഇന്ത്യയിലേക്കു വരും. ജനുവരി അഞ്ചു മുതല്‍ 10 വരെയാണ് ഈ പരമ്പര. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്.
ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. പരമ്പരയിലെ മൂന്നു മല്‍സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് (ജനുവരി 14- ജനുവരി 19)
കരുത്തരായ ഓസ്‌ട്രേലിയയും ടീമും ജനുവരിയില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടുക. ജനുവരി 14നു മുംബൈയിലാണ് ആദ്യ ഏകദിനം. 19ന് ബെംഗളൂരുവില്‍ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം അരങ്ങേറും.
നാട്ടില്‍ ഓസീസിനെതിരേ അവസാനമായി കളിച്ച പരമ്പരയിലേറ്റ തോല്‍വിക്കു കണക്കു തീര്‍ക്കാനുറച്ചായിരിക്കും ഇന്ത്യയിറങ്ങുക.

ഇന്ത്യ ന്യൂസിലാന്‍ഡിലേക്ക് (ജനുവരി 24-മാര്‍ച്ച് 4)
202ല്‍ ഇന്ത്യയുടെ ആദ്യത്തെ വിദേശ പര്യടനം ന്യൂസിലാന്‍ഡിലേക്കാണ്. വലിയൊരു ഇടവേളയ്ക്കു ശേഷം കിവീസിനെതിരേ അവരുടെ നാട്ടില്‍ ഒരു മുഴുനീളെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യക്കു കിവീസിനെതിരേയുള്ളത്.
2019ല്‍ ഇന്ത്യ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയിരുന്നു. ഏകദിനവും ടി20യുമാണ് ഇന്ത്യ കളിച്ചത്. ഏകദിന പരമ്പര കോലിപ്പട കൈക്കലാക്കിയപ്പോള്‍ ടി20 പരമ്പരകള്‍ കിവികള്‍ പകരം ചോദിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് (മാര്‍ച്ച് 12- മാര്‍ച്ച് 18)
ന്യൂസിലാന്‍ഡ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഇന്ത്യയെ നാട്ടില്‍ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കയുമായി മൂന്ന് ഏകദിനങ്ങളിലാണ് ഇന്ത്യ ഏറ്റുമുട്ടുക. ആദ്യ ഏകദിനം മാര്‍ച്ച് 12ന് ധര്‍മശാലയിലും അവസാനത്തേത് 18ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും നടക്കും.
ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ പരമ്പരയ്ക്കു ശേഷം ഐപിഎല്ലിന്റെ സമയമാണ്. മേയ് അവസാനത്തോടെ മാത്രമേ ഐപിഎല്‍ അവസാനിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ജൂലൈ വരെ ദേശീയ ടീമിന് ബ്രേക്കാണ്.

ഇന്ത്യ ശ്രീലങ്കയിലേക്ക് (ജൂലൈ)
ഐപിഎല്ലിനു ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര ശ്രീലങ്കയ്‌ക്കെതിരേയായിരിക്കും. ജൂലൈയില്‍ ഇന്ത്യന്‍ ടീം ലങ്കയില്‍ പര്യടന നടത്തും. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമായിരിക്കും പരമ്പരയിലുണ്ടാവുക. എന്നാല്‍ ഇതിന്റെ ഫിക്‌സ്ചര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 2017ലാണ് ഇന്ത്യ അവസാനമായി ലങ്കയില്‍ പരമ്പര കളിച്ചത്. അന്നു എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ വിജയം കൊയ്യുകയും ചെയ്തിരുന്നു.

ഏഷ്യാ കപ്പ് (സപ്തംബര്‍)
2020ല്‍ ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് ഏഷ്യാ കപ്പായിരിക്കും. സപ്തംബറിലായിരിക്കും ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് അരങ്ങേറുക. പാകിസ്താനെയാണ് ടൂര്‍ണമെന്റിനു വേദിയായി തിരഞ്ഞെടുത്തതെങ്കിലും ഇതു ഇവിടെ നിന്നും മാറ്റാന്‍ സാധ്യത കൂടുതലാണ്. കാരണം നിലവിലെ സാഹചര്യത്തില്‍ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല.
വേദി പാകിസ്താനില്‍ നിന്നു മാറ്റുമോയെന്നു ജൂണില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ഇതേക്കുറിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബിസിസിഐയുമായി ജൂണില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് (ഒക്ടോബര്‍)
നിലവിലെ ഏകദിന ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ടീം ഒക്ടോബറില്‍ ഇന്ത്യയില്‍ പര്യടനം നടത്തും. മൂന്നു വീതം മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കളിക്കുക.
2016-17ലായിരുന്നു ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ കെട്ടുകെട്ടിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് (ഒക്ടോബര്‍)
ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ നിന്നു മടങ്ങിയതിനു പിന്നാലെ കോലിയും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കും. എന്നാല്‍ ഈ പരമ്പരയുമായി ബന്ധപ്പെട്ട് ഇതു വരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു തൊട്ടുമുമ്പായിരിക്കും ഈ പരമ്പര. ടൂര്‍ണമെന്റിനു മുമ്പ് ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ഇന്ത്യ ഓസീസ് പര്യടനം ആസൂത്രണം ചെയ്യുന്നത്. മൂന്നു ടി20കളില്‍ മാത്രമേ ഇന്ത്യയും ഓസീസും ഏറ്റുമുട്ടാന്‍ സാധ്യതയുള്ളൂ.

ടി20 ലോകകപ്പ് (ഒക്ടോബര്‍- നവംബര്‍)
ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യ കളിക്കുക. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ശേഷം ഇതുവരെ ഇന്ത്യക്കു ജേതാക്കളാവാന്‍ കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 24ന് ദക്ഷിണാഫ്രിക്കയുമായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റു എതിരാളികള്‍. നവംബര്‍ 15ന് മെല്‍ബണിലായിരിക്കും ലോകകപ്പ് ഫൈനല്‍.

വീണ്ടും ഓസീസിനെതിരേ (ഡിസംബര്‍- ജനുവരി)
ടി20 ലോകകപ്പിനു ശേഷവും ഇന്ത്യ ഓസ്‌ട്രേലിയയില്‍ തന്നെ തുടരും. നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമായിരിക്കും ഡിസംബര്‍, ജനുവരി മാസങ്ങളിലായി ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കുക.
അവസാനമായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇത്തവണത്തെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയും സംഘവും ഡേ-നൈറ്റ് ടെസ്റ്റിലും കളിച്ചേക്കുമെന്നു സൂചനയുണ്ട്.


Click it and Unblock the Notifications