
ലണ്ടന്‍: ടെസ്റ്റിനു പിന്നാലെ ഏകദിന ക്രിക്കറ്റിലും നമ്പര്‍ വണ്‍ റാങ്ക് തങ്ങളുടെ പേരിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ തന്നെ ഈ പദവിക്ക് അര്‍ഹരാവാന്‍ ഒരുങ്ങുകയാണ് കോലിക്കൂട്ടം. നിലവില്‍ ഏകദിന റാങ്കിങില്‍ ഇംഗ്ലണ്ട് തലപ്പത്തും ഇന്ത്യ രണ്ടാംസ്ഥാനത്തുമാണ്. ഇംഗ്ലണ്ടുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഈ പരമ്പര തൂത്തുവാരാനായാല്‍ ലോക റാങ്കിങിലെ പുതിയ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ മാറും.

126 പോയിന്റുമായാണ് നിലവില്‍ ഇംഗ്ലണ്ട് ഒന്നാംറാങ്കില്‍ നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള ഇന്ത്യക്കു 122 പോയിന്റാണുള്ളത്. 113 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് മൂന്നാംസ്ഥാനത്ത്. ഇന്ത്യക്കെതിരായ പരമ്പര 3-0ന് തൂത്തുവാരിയാല്‍ റാങ്കിങില്‍ തങ്ങളുടെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇംഗ്ലണ്ടിനാവും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു മേല്‍ ഇംഗ്ലണ്ടിന്റെ ലീഡ് 10 പോയിന്റായി ഉയരും.