ശുഭ്മന്‍ ഗില്ലെന്ന യുവ ക്യാപ്റ്റനു കീഴില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. സീനിയര്‍ താരങ്ങളില്ലാതെ എത്തിയ ഇന്ത്യന്‍ ടീം ഇത്രയും ഗംഭീരമായൊരു പ്രകടനം പുറത്തെടുക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുതായി ലോഞ്ച് ചെയ്ത് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ (Sports Reporter) ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലുണ്ടുമായുള്ള ടെസ്റ്റ് പരമ്പര ക്ലൈമാക്‌സിലേക്കു കടക്കവെ ഇന്ത്യ ഇപ്പോഴും അഭിമാനത്തോടെ മടങ്ങാമെന്ന പ്രതീക്ഷയില്‍ തന്നൊണ്. ഓവലിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിജയിക്കാനായാല്‍ പരമ്പര 2-2നു സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കും.

വെല്ലുവിളിയുയര്‍ത്തിയ പരമ്പര
ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതു വരെ വലിയ വെല്ലുവിളിയാവുമെന്നു എല്ലാവരും ഉറപ്പിച്ച ടെസ്റ്റ് പരമ്പരയായിരുന്നു ഇതെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. ഇതു വളരെയധികം ചാലഞ്ചായി മാറുന്ന പരമ്പരയാവുമെന്നായിരുന്നു തുടങ്ങുന്നതിനു മുമ്പ് നമ്മളെല്ലാം കരുതിയത്.
ഇതൊരു യുവനിരയണെന്നും, പുതിയ ക്യാപ്റ്റനാണെന്നും, ഇംഗ്ലണ്ടിലെ സാഹചര്യമാണെന്നുമെല്ലാം എല്ലാവരും ശരിക്കും ഭയപ്പെട്ടു. എന്താവുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും വലിയ ആശങ്കയുണ്ടായിരുന്നതായി സഞ്ജു പറഞ്ഞു.
എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ പരമ്പരയില്‍ നമ്മള്‍ ആധിപത്യം പുലര്‍ത്തിയെന്നു തന്നെ പറയാം. കഴിഞ്ഞ മല്‍സരത്തില്‍ (മൂന്നാം ടെസ്റ്റ്) നമുക്കു ജയിക്കാന്‍ 170-190 റണ്‍സോ മറ്റോ ആയിരുന്നു വേണ്ടിയിരുന്നത്. ക്രിക്കറ്റ് വച്ച് നോക്കുമ്പോള്‍ ഏറെക്കുറെ എല്ലാ ദിവസവും നമ്മള്‍ ആധിപത്യം പുലര്‍ത്തിയെന്നും സഞ്ജു വിലയിരുത്തി.
ഒരു കാര്യം മനസ്സിലായി
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീം ഈ പരമ്പരയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനത്തിന് ക്യാപ്റ്റനു കൂടി ക്രെഡിറ്റ് നല്‍കിയേ തീരൂ. ഇത്രയും നിര്‍ഭമായി മുന്നോട്ടു വന്നു കളിക്കുന്ന യുവതാരങ്ങളുടെ മനോഭാവമാണ് നമ്മള്‍ അതില്‍ നിന്നും കാണുന്നത്.
എത്ര വലിയ ടീമിനെതിരേയും, ഏതു വേദികളിലാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനു ഒരു തോല്‍വിയില്ലെന്നു തന്നെയാണ് ഇതില്‍ നിന്നും തനിക്കു മനസ്സിലായ കാര്യമെന്നും സഞ്ജു പറയുന്നു. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോഴും സുരക്ഷിതമായ കൈകളില്‍ തന്നെയാണെന്നു ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടെസ്റ്റുകളിലെ പ്രകടനം തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെസിഎല്ലിലെ അരങ്ങേറ്റം
കഴിഞ്ഞ വര്‍ഷത്തെ പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍ നഷ്ടമായെങ്കിലും ഇത്തവണ ടൂര്‍ണമെന്റില്‍ കളിക്കാന്‍ പോവുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നു സഞ്ജു സാംസണ്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം എനിക്കു കെസിഎല്ലില്‍ കളിക്കാനായില്ല. വേറെ ഒരുപാട് മല്‍സരങ്ങള്‍ എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ജോലിഭാരവും മറ്റും പരിഗണിച്ച് എന്നെ വിട്ടുനില്‍ക്കാന്‍ അനുവദിക്കണമെന്നു കെസിഎയോടു അഭ്യര്‍ഥിക്കുകയായിരുന്നു.

അവര്‍ അതിനു അനുവാദം നല്‍കിയതോടെയാണ് ഞാന്‍ കെസിഎല്ലില്‍ നിന്നും പിന്മാറിയത്. ഈ വര്‍ഷം കെസിഎല്ലില്‍ കളിച്ചു കൂടെയെന്നു കെസിഎ സെക്രട്ടറിയായ വിനോദ് സാറാണ് (വിനോദ് എസ് കുമാര്‍) എന്നോടു ചോദിച്ചത്. ഉറപ്പായും കളിക്കാമെന്നു ഞാന്‍ അറിയിക്കുകയുമായിരുന്നു.
കെസിഎ ഇത്രയും വര്‍ഷമായി ഒരുപാട് പിന്തുണ നല്‍കുന്നുണ്ട്. ഒരു ദൈര്‍ഘ്യമേറിയ റിലേഷനാവുമ്പോള്‍ അതില്‍ ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഉണ്ടാവും. അതൊക്കെ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ വര്‍ഷം സഞ്ജു കളിച്ചാല്‍ നന്നായിരിക്കുമെന്നു വിനോദ് സാര്‍ പറഞ്ഞപ്പോള്‍ ഉറപ്പായും ഞാനുണ്ടാവുമെന്നു അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
കെസിഎല്ലെന്നത് ക്രിക്കറ്റര്‍മാര്‍ക്കും നാട്ടിലെ ക്രിക്കറ്റ് ആരാധകര്‍ക്കുമെല്ലാം വലിയൊരു സ്റ്റേജ് തന്നെയാണ്. കേരളാ ക്രിക്കറ്റിനു കുറച്ചുകൂടി വളരാനുള്ള അവസരമാണ് കെസിഎല്‍ നല്‍കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.