ചെന്നൈ: ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടോസ് നിര്‍ഭാഗ്യം തുടരുകയാണ്. വീണ്ടുമൊരു ടോസ് കൂടി കോലിക്കു നഷ്ടമായി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലാണ് ടോസ് ഇംഗ്ലണ്ടിനൊപ്പം പോയത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ടോസിന്റെ കണക്കെടുത്താല്‍ കോലിക്കു ആശ്വസിക്കാന്‍ ഒന്നുമില്ല. എതിരാളികള്‍ ഇംഗ്ലണ്ടെങ്കില്‍ ടോസ് പ്രതീക്ഷിക്കേണ്ടന്ന നിലയിലാണ് കാര്യങ്ങള്‍.

ഇന്നത്തേതടക്കം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ 11 ടെസ്റ്റുകളുടെ കണക്കുകളെടുത്താല്‍ ഒരിക്കല്‍ മാത്രമാണ് കോലിക്കു ടോസ് ലഭിച്ചത്. ശേഷിച്ച 10 ടെസ്റ്റുകളിലും ടോസ് നഷ്ടപ്പെടുകയായിരുന്നു. ഇത്രയും ടെസ്റ്റുകളുടെ ഫലമെടുത്താല്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കാണ്. അഞ്ചു ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ നാലു ടെസ്റ്റുകളില്‍ വിജയം ഇംഗ്ലണ്ടിനൊപ്പവും നിന്നു. ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു.
നാലു ടെസ്റ്റുകളിലാണ് ഇത്തവണ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലും നടക്കും. മൂന്നാമത്തെ ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ്. 2019 നവംബറില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേ പിങ്ക് ബോള്‍ ടെസ്റ്റില്‍ അരങ്ങേറിയ ശേഷം നാട്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ് കൂടിയാണ് മൊട്ടേറയിലേത്.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. ന്യൂസിലാന്‍ഡ് ടീം ഇതിനകം ഫൈനലില്‍ സ്ഥാനമുറപ്പിച്ചതിനാല്‍ ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാവാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇതിനായി ഇംഗ്ലണ്ടുമായുള്ള പരമ്പര ഇന്ത്യക്കു ജയിച്ചേ തീരൂ.
മൂന്നു ടെസ്റ്റുകള്‍ക്കു ശേഷം ക്യാപ്റ്റന്‍ കോലി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ ടെസ്റ്റാണ് ചെന്നൈയിലേത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റ് മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ. ഭാര്യയുടെ അനുഷ്‌ക ശര്‍മയുടെ പ്രസവവുമയി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. പകരം വൈസ് ക്യപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചത്. ഇവയില്‍ രണ്ടെണ്ണത്തില്‍ ടീമിനു വിജയം സമ്മാനിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇതോടെ 2-1ന്റെ വിജയവുമായി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തിരുന്നു. 2018-19ലെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇതേ മാര്‍ജിനിലായിരുന്നു ഇന്ത്യയുടെ വിജയം.