റാങ്കിങ്: അഡ്‌ലെയ്ഡില്‍ വലിയ സ്‌കോറില്ല, എന്നിട്ടും കുലുക്കമില്ലാതെ കോലി... പുജാര ടോപ്പ് ഫൈവില്‍
ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലുമായി 37 റണ്‍സ് മാത്രമേ നേടാനായുള്ളൂവെങ്കിലും റാങ്കിങില്‍ കോലിക്കു ഇതു ഭീഷണിയായില്ല.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓരോ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും വീതം നേടി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച ചേതേശ്വര്‍ പുജാര പുതിയ റാങ്കിങില്‍ നാലാംസാഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. ബൗളിങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും നേട്ടമുണ്ടാക്കി. കരിയര്‍ ബെസ്റ്റ് റാങ്കായ 33ലേക്കുയരാന്‍ ബുംറയ്ക്കു സാധിച്ചു.

രണ്ടു സ്ഥാനങ്ങള്‍ മുന്നേറി പുജാര
ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 123ഉം രണ്ടാമിന്നിങ്‌സില്‍ 71ഉം റണ്‍സാണ് പുജാര നേടിയത്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം നാലിലെത്തിയത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരെ പിന്തള്ളിയാണ് പുജാരയുടെ മുന്നേറ്റം. മൂന്നാംസ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനേക്കാള്‍ 53 പോയിന്റ് മാത്രം പിന്നിലാണ് പുജാര.

വില്ല്യംസണിന് നേട്ടം
ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാമതുള്ള ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പുതിയൊരു നേട്ടം കൂടി തന്റെ പേരില്‍ കുറിച്ചു. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ 900 പോയിന്റ് പിന്നിടുന്ന ആദ്യ ന്യൂസിലാന്‍ഡ് താരമായി വില്ല്യംസണ്‍ മാറുകയായിരുന്നു. സ്മിത്തിനെ പിന്തള്ളിയാണ് 913 പോയിന്റോടെ വില്ല്യംസണ്‍ കോലിക്കു തൊട്ടുപിന്നിലെത്തിയത്. ഇരുവരും തമ്മില്‍ ഏഴു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.
പാകിസ്താനെതിരേ നടന്ന മൂന്നാം ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തിന് മുതല്‍ക്കൂട്ടായത്. അബുദാബിയില്‍ നടന്ന ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 89ഉം രണ്ടാമിന്നിങ്‌സില്‍ 139ഉം റണ്‍സ് വില്ല്യംസണ്‍ നേടിയിരുന്നു. കളിയില്‍ 123 റണ്‍സിന്റെ ജയവുമായി പാകിസ്താനെതിരായ പരമ്പരയും കിവികള്‍ സ്വന്തമാക്കിയിരുന്നു.

ബുംറയുടെ കുതിപ്പ്
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയ ബുംറ കരിയറിലാദ്യമായാണ് 35നുള്ളിലെത്തുന്നത്.
കഴിഞ്ഞ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി താരം ആറു വിക്കറ്റെടുത്തിരുന്നു. ഈ പ്രകടനത്തോടെ റാങ്കിങില്‍ ഒറ്റയടിക്കു അഞ്ചു സ്ഥാനങ്ങളാണ് ബുംറ മുന്നേറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications