വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബുധനാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ബാറ്റ് വീശുന്ന കോലിയെ സംബന്ധിച്ച് ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കുകയെന്നത് ദുഷ്‌കരമാവില്ലെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 21,000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് അദ്ദേഹം.

ഏറ്റവും വേഗത്തില്‍ 21,000 റണ്‍സ് പൂര്‍ത്തിയാക്കിയ ക്രിക്കറ്ററെന്ന ലോക റെക്കോര്‍ഡാണ് പരമ്പരയില്‍ കോലിയെ കാത്തിരിക്കുന്നത്. 281 റണ്‍സ് കൂടി നേടാനായാല്‍ അദ്ദേഹം പുതിയ ലോക റെക്കോര്‍ഡിന് അവകാശിയായി മാറും. 390 ഇന്നിങ്‌സുകളില്‍ നിന്നും 20,719 റണ്‍സ് കോലി ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു. നിലവില്‍ ഇന്ത്യയുടെ തന്നെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഈ ലോക റെക്കോര്‍ഡ്. 473 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 21000 റണ്‍സ് പൂര്‍ത്തിയാക്കിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയാണ് (485 ഇന്നിങ്‌സ്) ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. ഒമ്പത് ടെസ്റ്റുകളില്‍ നിന്നും 47.37 എന്ന മികച്ച ശരാശരിയില്‍ 758 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. ഇതിനകം തന്നെ ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കോലി തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ജയിക്കാനായാല്‍ നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11ാമത്തെ ജയമായിരിക്കും അത്. മറ്റൊരു ടീമും സ്വന്തം നാട്ടില്‍ ഇത്രയുമധികം ടെസ്റ്റുകള്‍ തുടര്‍ച്ചയായി ജയിച്ചിട്ടില്ല.