പിങ്ക് ബോള്‍ ടെസ്റ്റ്: ധോണിയെ വെട്ടിമാറ്റി കോലി!! ആ റെക്കോര്‍ഡ് പഴങ്കഥ, ഇനിയത് കോലിക്ക്
കൊല്‍ക്കത്ത: ചരിത്രത്തിന്റെ ഭാഗമായി മാറിയ പിങ്ക് ബോള്‍ ടെസ്റ്റിലും ജയിച്ച് ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരിയതോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലായിരുന്ന റെക്കോര്‍ഡ് കോലി തട്ടിയെടുക്കുകയായിരുന്നു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് ബംഗ്ലാദേശിനെ കോലിയും സംഘവും ചുരുട്ടിക്കെട്ടിയത്. ഇന്നിങ്‌സിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ഐസിസിയിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ തങ്ങളുടെ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തിരുന്നു.

ധോണിയുടെ റെക്കോര്‍ഡ്
തുടര്‍ച്ചയായി ആറു ടെസ്റ്റുകളില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോര്‍ഡാണ്് കോലി പഴങ്കഥയാക്കിയത്. കൊല്‍ക്കത്തയിലെ ചരിത്ര ടെസ്റ്റില്‍ കോലിക്കു കീഴില്‍ ഇന്ത്യയ കൊയ്തത് തുടര്‍ച്ചയായ ഏഴാമത്തെ വിജയമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ 2-0ന് തൂത്തുവാരിയ ഇന്ത്യ നാട്ടില്‍ നടന്ന തൊട്ടുമുമ്പത്തെ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ 3-0നും കെട്ടുകെട്ടിച്ചിരുന്നു. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇന്ത്യ ടെസ്റ്റില്‍ തുടര്‍ച്ചയായി ഏഴു ജയങ്ങള്‍ സ്വന്തമാക്കിയത്.

ധോണിയുടെ നേട്ടം 2013ല്‍
കഴിഞ്ഞ ആറു വര്‍ഷമായി ഇളക്കം തട്ടാതെ നിന്ന ധോണിയുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ കോലിക്കു മുന്നില്‍ വഴി മാറിയിരിക്കുന്നത്. 2013ലായിരുന്നു തുടര്‍ച്ചയായി ആറു ടെസ്റ്റുകളില്‍ ജയിച്ച് ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യന്‍ നായകനായി ധോണി മാറിയത്.
അന്ന് ഓസ്‌ട്രേലിയയെ 4-0ന് തരിപ്പണമാക്കിയാണ് ധോണിക്കു കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ പടയോട്ടം തുടങ്ങിയത്. തൊട്ടടുത്ത പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 2-0ന് തുരത്തിയതോടെ പുതിയ റെക്കോര്‍ഡും ധോണിയുടെ പേരിലാവുകയായിരുന്നു.

കോലി മുന്നില്‍ നിന്നു നയിച്ചു
കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി രകോലി ഇന്ത്യയെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തിരുന്നു. കോലി ഒന്നാമിന്നിങ്‌സില്‍ നേടിയ 136 റണ്‍സാണ് ഇന്ത്യക്കു 241 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. കോലിയുടെ കരിയറിലെ 27ാം ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്.
ഇതോടെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലിയെ തേടിയെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications