ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റെഡ് ബോള്‍ ക്രിക്കറ്റ് അദ്ദേഹം മതിയാക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസസങ്ങളില്‍ വന്നിരുന്നു. ഇപ്പോള്‍ ഇക്കാര്യം കോലി തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

'ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വര്‍ഷമാവുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഈ ഫോര്‍മാറ്റില്‍ ഇങ്ങനെയൊരു യാത്ര ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അതു എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിത കാലം മുഴുവന്‍ കൊണ്ടുപോവേണ്ട പാഠങ്ങള്‍ എന്നെ പഠിപ്പിക്കുകയും ചെയ്തു. വെള്ളയില്‍ കളിക്കുമ്പോള്‍ വ്യക്തിപരമായി ആഴത്തിലുള്ള എന്തോ ഒന്നുണ്ട്. നിശബ്ദമായ തിരക്കുകള്‍, നീണ്ട ദിവസങ്ങള്‍, ആരും കാണാത്ത ചെറിയ മുഹൂര്‍ത്തങ്ങള്‍, പക്ഷെ അവയെല്ലാം എക്കാലവും നിങ്ങളോടൊപ്പം നിലനില്‍ക്കും.
ഈ ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുമ്പോള്‍ അതൊരിക്കലും എളുപ്പമല്ല. പക്ഷെ ഇതു ശരിയാണെന്നു തന്നെ തോന്നുന്നു. എന്നെക്കൊണ്ട് പറ്റുന്നതെല്ലാം ഞാല്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറം അതു എനിക്കു തിരിച്ചു നല്‍കുകയു ചെയ്തു.
ഈ ഗെയിമിനോടും, ഫീല്‍ഡില്‍ ഞാന്‍ പങ്കിട്ട ആളുകളോടും, ഈ വഴിയില്‍ എന്നോടൊപ്പമുണ്ടായിരുന്ന ഓരോ വ്യക്തിയോടും നന്ദി നിറഞ്ഞ ഹൃദയവുമായിട്ടാണ് ഞാന്‍ പോവുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും ഒരു പുഞ്ചിരിയോടെ മാത്രമേ ടെസ്റ്റ് കരിയറിലേക്കു തിരിഞ്ഞു നോക്കുകയുള്ളൂ. സൈനിങ് ഓഫ് ' 269# എന്നായിരുന്നു ഇന്‍സ്റ്റയില്‍ കോലി കുറിച്ചത്.

ഇനി 'രോ കോ'യില്ല
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്ന്‍ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് വിരാട് കോലിയും ടെസ്റ്റിനോടു വിട പറഞ്ഞിരിക്കുന്നത്. ഇതോ ടി20ക്കു പിന്നാലെ ടെസ്റ്റിലും 'രോ കോ' എന്ന സൂപ്പര്‍ കോമ്പിനേഷന്‍ അപ്രത്യക്ഷാവുകയാണ്. ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമേ ഇരുവരുടെയും സാന്നിധ്യമുണ്ടാവുകയുള്ളൂ.
കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായി മണിക്കൂറുകള്‍ക്കകം രോഹിത്തും കോലിയും ടി2യില്‍ നിന്നും വിരമിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത മാസം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാനിരിക്കെയാണ് രണ്ടു പേരും വീണ്ടുമൊരു വിരമിക്കല്‍ പ്രഖ്യാപനം ദിവസങ്ങളുടെ ഇടവേളയില്‍ നടത്തിയിരിക്കുന്നത്.
ഗംഭീര കരിയര്‍
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊരാളായാണ് വിരാട് കോലി കരിയറിനു തിരശീലയിട്ടത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നാലാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. 2011ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റിലൂടെയാണ് കോലിയുടെ അരങ്ങേറ്റം. 123 ടെസ്റ്റുകളിലായി 210 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചത്.
46.85 ശരാശരിയില്‍ 55.5 സ്‌ട്രൈക്ക് റേറ്റില്‍ 9230 റണ്‍സും കിങ് കോലി സ്‌കോര്‍ ചെയ്തു. 30 സെഞ്ച്വറികളും 31 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഓസ്‌ട്രേലിയക്കെിരേ ഈ വര്‍ഷമാദ്യം നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്. ഈ പരമ്പരയില്‍ അദ്ദേഹത്തിനു കാര്യമായി തിളങ്ങാനും കഴിഞ്ഞില്ല.
ക്യാപ്റ്റന്‍സി റെക്കോര്‍ഡ്
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലും വിരാട് കോലിക്കു ഗംഭീര റെക്കോര്‍ഡുണ്ട്. ഈ ഫോര്‍മാറ്റില്‍ ടീമിനെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം.
68 ടെസ്റ്റുകളിലാണ് കോലിക്കു കീഴില്‍ ഇന്ത്യ കളിച്ചത്. ഇതില്‍ 40ലും ടീം വിജയം കൊയ്‌തപ്പോള്‍ തോറ്റത് 17 എണ്ണത്തില്‍ മാത്രമാണ്. 11 ടെസ്റ്റുകള്‍ സമനിലയിലും കലാശിച്ചു. 70.17 എന്ന തകര്‍പ്പന്‍ വിജയശതമാനവും കോലിക്കുണ്ട്.