വീണ്ടും ഹാര്‍ദിക് കൊണ്ടുങ്കാറ്റ്... 55 പന്തില്‍ 158 റണ്‍സ്, 20 സിക്‌സര്‍!! ത്രില്ലടിച്ച് മുംബൈ
മുംബൈ: ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ശരിക്കും ആഘോഷിക്കുകയാണ്. പരിക്കും ശസ്ത്രക്രിയയും കാരണം അഞ്ചു മാസത്തോളം പുറത്തിരുന്ന ശേഷം ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലൂടെ മടങ്ങിയെത്തിയ ഹാര്‍ദിക് അവിശ്വസനീയ പ്രകടനമാണ് കാഴ്‌വയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ തന്റെ രണ്ടാമത്തെ സെഞ്ച്വറിയും താരം അടിച്ചെടുത്തു.
സെമി ഫൈനലില്‍ ബിപിസിഎല്ലിനെതിരേയയായിരുന്നു ഹാര്‍ദിക്കിന്റെ വെടിക്കെട്ട് പ്രകടനം. ടൂര്‍ണമെന്റില്‍ നാലു ദിവസത്തിനു ശേഷം അദ്ദേഹത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിനും ആവേശം നല്‍കുന്നതാണ് ഹാര്‍ദിക്കിന്റെ മിന്നുന്ന പ്രകടനം.

റിലയന്‍സ് 1 ടീമിനായി ഇറങ്ങിയ ഹാര്‍ദിക് പുറത്താവാതെ വെറും 55 പന്തില്‍ വാരിക്കൂട്ടിയത് 158 റണ്‍സാണ്. നാലാമനായി ബാറ്റിങിനിറങ്ങിയ അദ്ദേഹം സൂര്യകുമാര്‍ യാദവ് നയിച്ച എതിര്‍ ടീമിലെ ബൗളര്‍മാരെ നിലം തൊടീച്ചില്ല. 20 കൂറ്റന്‍ സിക്‌സറുകളും ആറു ബൗണ്ടറികളും ഹാര്‍ദിക്കിന്റെ ഉജ്ജ്വല ഇന്നിങ്‌സിലുണ്ടായിരുന്നു.
ടീം രണ്ടു വിക്കറ്റിന് 10 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഹാര്‍ദിക് ക്രീസിലെത്തിയത്. സൗരഭ് തിവാരിക്കൊപ്പം സെഞ്ച്വ്വറി കൂട്ടുകെട്ടുണ്ടാക്കി താരം ടീമിനെ നിശ്ചിത ഓവറില്‍ നാലിന് 238 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിക്കുകയും ചെയ്തു.

39 പന്തുകളിലാണ് ഹാര്‍ദിക് ടൂര്‍ണമെന്റില്‍ തന്റെ രണ്ടാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ സിഎജി ടീമിനെതിരേ 37 പന്തില്‍ താരം സെഞ്ച്വറി കണ്ടെത്തിയിരുന്നു. അന്നു 10 സിക്‌സറുകള്‍ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സിക്‌സറിലൂടെയാണ് താരം തന്റെ സെഞ്ച്വ റി പൂര്‍ത്തിയാക്കിയത്. 105 റണ്‍സിന് പുറത്തായ ഹാര്‍ദിക് ബൗളിങിലും കസറിയിരുന്നു. 26 റണ്‍സിന് അഞ്ചു വിക്കറ്റുകളാണ് താരം കൊയ്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ മാസം 12ന് ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിച്ചു കൊണ്ട് ഹാര്‍ദിക് ഇന്ത്യന്‍ ടീമിലേക്കു മടങ്ങി വരുമെന്നാണ് വിവരം. പൂര്‍ണ ഫിറ്റ്‌നസിലേക്കു താന്‍ തിരിച്ചെത്തിയതായി ഇപ്പോഴത്തെ മികച്ച പ്രകടനങ്ങളിലൂടെ താരം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ ടീമിലേക്കു സുനില്‍ ജോഷിയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി തിരിച്ചു വിളിക്കുമെന്നുറപ്പാണ്.

2008ലെ ഏഷ്യാ കപ്പ് മുതല്‍ പുറംഭാഗത്തെ വേദന ഹാര്‍ദിക്കിനെ വലയ്ക്കുന്നുണ്ട്. ഇത് വിടാതെ പിടികൂടിയതോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താരം ശസ്ത്രക്രിയക്കു വിധേയനാവുകയായിരുന്നു. തുടര്‍ന്നു വിശ്രമത്തിലായിരുന്ന ഹാര്‍ദിക്കിനെ ഡിസംബറില്‍ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഫിറ്റ്‌സസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു താരം പിന്‍മാറുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications