Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അനിശ്ചിതത്വം നീങ്ങി, നാലാം ടെസ്റ്റ് ബ്രിസ്ബണില്‍ തന്നെ- ബിസിസിഐ

ബ്രിസ്ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങി. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ടെസ്റ്റ് ഇവിടെ നടക്കുമെന്നു ബിസിസിഐ സ്ഥിരീകരിച്ചു. ക്വീന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ കര്‍ക്കശമായ ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കാനാവില്ലെന്നും അതിനാല്‍ നാലാം ടെസ്റ്റിനായി ബ്രിസ്ബണിലേക്കു ഇന്ത്യന്‍ ടീം വരില്ലെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് നാലാം ടെസ്റ്റ് ബ്രിസ്ബണില്‍ നിന്നും മാറ്റിയേക്കുമോയെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

1

എന്നാല്‍ നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ക്വീന്‍സ്‌ലാന്‍ഡിലേക്കു തിരിക്കുമെന്നും ടെസ്റ്റ് നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. ജനുവരി 15നാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ബ്രിസ്ബണില്‍ നടക്കുന്നത്. ഏഴിന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്നാം ടെസ്റ്റ്. ഇരുടീമുകളും ഇപ്പോള്‍ പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്.

ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റിനു ശേഷം ബ്രിസ്ബണിലേക്കു യാത്ര ചെയ്യും. ഞങ്ങള്‍ നിയമം പാലിക്കുകയും ചെയ്യും. എന്നാല്‍ താരങ്ങള്‍ക്കു കുറച്ചുകൂടി സ്വാതന്ത്ര്യം അനുവദിക്കുന്നതിനെക്കുറിച്ചു ഞങ്ങള്‍ ചര്‍ച്ച ചെയ്യും. പക്ഷെ ഇതെല്ലം പ്രാദേശിക അധികാരികളുടെ കൂടി തീരുമാനത്തത്തെ ആശ്രയിച്ചിരിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

ബ്രിസ്ബണിലെത്തിയാല്‍ 14 ദിവസം ഇരുടീമുകളോടും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനോടാണ് ഇന്ത്യന്‍ ടീമിനു എതിര്‍പ്പുള്ളത്. കാരണം നേരത്തേ ഐപിഎല്ലിനായി യുഎഇയിലെത്തിയപ്പോള്‍ താരങ്ങള്‍ രണ്ടാഴ്ച ക്വാറന്റീനിലായിരുന്നു. പിന്നീട് ഓസ്‌ട്രേലിയയില്‍ വിമാനമിറങ്ങിയ ശേഷവും ടീമിന് രണ്ടാഴ്ച സിഡ്‌നിയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വന്നിരുന്നു. മൂന്നാമതൊരു ക്വാറന്റീന്‍ കൂടി താങ്ങാന്‍ താരങ്ങള്‍ക്കാവില്ലെന്നായിരുന്നു ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്. ബ്രിസ്ബണിലെ രണ്ടാഴ്ചത്തെ ക്വാറന്റീനില്‍ താരങ്ങള്‍ക്കു പരിശീലനത്തിനും മല്‍സരത്തിനും മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍പ്പോലും സ്വതന്ത്രമായി നടക്കാന്‍ അനുവാദമില്ലെന്നതാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചു പ്രധാന ആശങ്ക.

സപ്തംബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് യുഎഇയില്‍ ഐപിഎല്‍ നടന്നത്. അതിനും ആഴ്ചകള്‍ മുമ്പ് തന്നെ ഇപ്പോള്‍ ഇന്ത്യന്‍ സംഘത്തിലുള്ള ഭൂരിഭാഗം കളിക്കാരും ബയോ ബബ്‌ളിനകത്തായിരുന്നു. മാത്രമല്ല കൊവിഡ് കാരണം രാജ്യമാകെ ലോക്ക്ഡൗണിലേക്കു നീങ്ങിയപ്പോഴും താരങ്ങള്‍ക്കു സ്വന്തം വീടുകളിലേക്കു ഒതുങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടു തന്നെ താരങ്ങളെ വീണ്ടും ഹോട്ടല്‍ മുറികളില്‍ തളച്ചിടുന്നത് അവരെ മാനസികമായി തളര്‍ത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Monday, January 4, 2021, 10:44 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+