2015ല്‍ കോലി അതു പ്രവചിച്ചു! ഇന്ത്യ ഇപ്പോള്‍ അവിടെ എത്തിയിരിക്കുന്നു- വെളിപ്പെടുത്തി ഡൊണാള്‍ഡ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ദീര്‍ഘവീക്ഷണത്തെയും ആത്മവിശ്വാസത്തെയും പ്രശംസിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ഇതിഹാസം അലന്‍ ഡൊണാള്‍ഡ്. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം സെ്റ്റില്‍ ഇന്ത്യയെ വമ്പന്‍ ജയത്തിലേക്കു നയിച്ച ശേഷമായിരുന്നു കോലി വര്‍ഷങ്ങള്‍ക്കു മുമ്പു തന്നോടു പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് ഡൊണാള്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഭാവിയില്‍ ഇന്ത്യ മാറുമെന്ന് കോലിക്കു അന്നു ഉറപ്പുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹം അതു തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഡൊണാള്‍ഡ് പറഞ്ഞു.
ക്രിക്കറ്റ് ലൈഫ് സ്റ്റോറീസെന്ന യൂട്യൂബ് ചാനലിലായിരുന്നു മുന്‍ ഇതിഹാസ പേസര്‍ ഇതേക്കുറിച്ച് മനസ്സ് തുറന്നത്. സൗത്താഫ്രിക്കയ്ക്കു വേണ്ടി 72 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഡൊണാള്‍ഡ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കോലി പറഞ്ഞത് സത്യമായി
2015ല്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ച് കോലി പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുകയാണ്. അന്നു അദ്ദേഹം എന്നോടു പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. ഇന്ത്യ ലോകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ടീമാവുമെന്നായിരുന്നു കോലിയുടെ വാക്കുകള്‍. അദ്ദേഹത്തിനു തെറ്റിയില്ല. ടീമിന്റെ പ്രയാണം എങ്ങോട്ടായിരിക്കുമെന്ന് കോലിക്കു അറിയാമായിരുന്നുവെന്നും ഡൊണാള്‍ഡ് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- ഈ ടീമിനെ ലോകത്തിലെ ഏറ്റവും ഫിറ്റായ ടീമാക്കിയെടുക്കും. ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹം. നാട്ടില്‍ മാത്രമല്ല വിദേശത്തും ഏതു ടീമിനെയും തോല്‍പ്പിക്കാവുന്ന ടീമായി തീരണം, അതിനു വളരെ മികച്ച ബൗളിങ് നിരയും ആവശ്യമുണ്ട്- ഡൊണാള്‍ഡ് വെളിപ്പെടുത്തി.

ബുംറയെ പ്രശംസിച്ചു
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ പേസാക്രമണത്തിന്റെ കുന്തമുനയായി മാറിയിരിക്കുന്ന ജസ്പ്രീത് ബുംറയെ ഡൊണാള്‍ഡ് പ്രശംസിച്ചു. ബുംറ കരിയറില്‍ വളരെ ദൂരം മുന്നോട്ട് വന്നിരിക്കുന്നു. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം സെന്‍സേഷനായി മാറിയിരിക്കുകയാണെന്നു നിങ്ങള്‍ക്കറിയാമെന്നും ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ജയിച്ച ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ബുംറ നിര്‍ണായകമായ മൂന്നു വിക്കറ്റുകളെടുത്തിരുന്നു. ഇതോടെ വെറും 22 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹത്തിന്റെ വിക്കറ്റ് സമ്പാദ്യം 95ല്‍ എത്തിയിരിക്കുകയാണ്.

കോലിയുടെ റെക്കോര്‍ഡ്
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 151 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലി പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരുന്നു. ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ഇന്ത്യയെ ടെസ്റ്റ് വിജയത്തിലേക്കു നയിച്ച മൂന്നാമത്തെ ക്യാപറ്റനായി അദ്ദേഹം മാറിയിരുന്നു. നേരത്തേ മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, എംഎസ് ധോണി എന്നിവര്‍ക്കു കീഴില്‍ മാത്രമേ ഇന്ത്യ ഇവിടെ വിജയക്കൊടി പാറിച്ചിട്ടുള്ളൂ. 1986ല്‍ കപിലിനു കീഴിലായിരുന്നു ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് വിജയം. പിന്നീട് 2014ല്‍ ധോണി നയിച്ച ടീമും ഇവിടെ വിജയം കൊയ്തു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോലിയും സംഘവും ലോര്‍ഡ്‌സില്‍ വീണ്ടും ഇന്ത്യന്‍ വിജയപതാക പാറിച്ചിരിക്കുന്നത്.

വിജയം തുടരാന്‍ ഇന്ത്യ
ലോര്‍ഡ്‌സില്‍ നേടിയ ഐതിഹാസിക വിജയം തുടരാനുറച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ മൂന്നാമങ്കത്തിനു കച്ചമുറുക്കുന്നത്. ഈ മാസം 25 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് ഈ മല്‍സരം. ഈ ടെസ്റ്റും വിജയിക്കാനായാല്‍ പരമ്പര കൈവിടില്ലെന്നു ഇന്ത്യക്കു ഉറപ്പിക്കാം. മാത്രമല്ല പരമ്പര തോല്‍ക്കാതിരിക്കാന്‍ ഇതോടെ ഇംഗ്ലണ്ടിനു അവസാനത്തെ രണ്ടു ടെസ്റ്റുകളും ജയിക്കേണ്ടിയും വരും.
ലീഡ്‌സില്‍ അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. മാത്രമല്ല 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഈ വേദിയില്‍ വീണ്ടുമൊരു ടെസ്റ്റ് കളിക്കാനെത്തുന്നത്. 2002ലായിരുന്നു അവസാനമായി ഇന്ത്യ ഈ വേദിയില്‍ ടെസ്റ്റ് കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications