ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 297നു മറുപടിയില്‍ വിന്‍ഡീസ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടിന് 189 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയേക്കാള്‍ 108 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍.

പേസര്‍ ഇഷാന്ത് ശര്‍മയുടെ മാസ്മരിക ബൗളിങ് പ്രകടനമാണ് കളിയില്‍ ഇന്ത്യക്കു മുന്‍തൂക്കം സമ്മാനിച്ചത്. ഇഷാന്ത് അഞ്ചു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചു. 48 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (35), ജോ ണ്‍ കാംബെല്‍ (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ആദ്യദിനം അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനെ കരകയറ്റിയതെങ്കില്‍ രണ്ടാം ദിനം രവീന്ദ്ര ജഡേജയുടെ വീരോചിത പ്രകടനമാണ് ഇന്ത്യയെ 300ന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റണ്‍സ് നേടി. ഇഇന്ത്യന്‍ ഇന്നിങ്‌സില്‍ അവസാനം പുറത്തായതും അദ്ദേഹമായിരുന്നു. 112 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. വാലറ്റത്ത് 19 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയും ഇന്ത്യക്കു വിലപ്പെട്ട സംഭാന നല്‍കി. എട്ടാം വിക്കറ്റില്‍ ജഡേജയും ഇഷാന്തും ചേര്‍ന്നെടുത്ത 60 റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത്. വിന്‍ഡീസിനു വേണ്ടി കെമര്‍ റോച്ച് നാലും ഷാനോണ്‍ ഗബ്രിയേല്‍ മൂന്നും റോസ്റ്റണ്‍ ചേസ് രണ്ടും വിക്കറ്റെടുത്തു.
ആറു വിക്കറ്റിന് 203 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ കളി പുനരാരംഭിച്ചത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനോടൊപ്പം (20*) രവീന്ദ്ര ജഡേജയായിരുന്നു (3*) ക്രീസില്‍. മുന്‍നിര തകര്‍ന്ന ഇന്ത്യയെ ആദ്യദിനം രക്ഷിച്ചത് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു (81). 163 പന്തുകളില്‍ നിന്നും 10 ബൗണ്ടറികളോടെയാണ് രഹാനെ ടോപ്‌സ്‌കോററായത്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ (44), ഹനുമാ വിഹാരി (32) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുള്ളവര്‍.