ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങള്‍ എല്ലാ കാലത്തും ആരാധകരെ ആവേശം കൊള്ളിച്ചിട്ടുള്ളതാണ്. ദ്വിരാഷ്ട്ര പരമ്പരയായാലും ലോകകപ്പായാലും ഇന്ത്യ-പാക് മല്‍സരങ്ങളുടെ തീവ്രതയില്‍ ഒട്ടും കുറവ് ഉണ്ടാവാറില്ല. ഇതു തന്നെയാണ് ഈ പോരാട്ടത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്. നിലവില്‍ ഇന്ത്യ- പാക് പരമ്പരകള്‍ പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇവയ്ക്കുള്ള വേദികള്‍.
കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമെല്ലാം ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. ഏഷ്യാ കപ്പില്‍ ഇരുടീമുകളും ഓരോ ജയം വീതം പങ്കിട്ടപ്പോള്‍ ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിലെ ത്രില്ലറില്‍ പാകിസ്താനെ ഇന്ത്യ വീഴ്ത്തിയിരുന്നു.
ഈ വര്‍ഷം ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരികയാണ്. കൂടാതെ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലും എല്‍ ക്ലാസിക്കോ പോരാട്ടമുണ്ട്. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- പാക് അങ്കം.

അതിനിടെ ഇന്ത്യയെ പരിഹസിക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. പാകിസ്താനോടു പരാജയപ്പെടുമെന്നു ഇന്ത്യക്കു ഭയമായിരുന്നുവെന്നും ഈ കാരണത്താല്‍ കളിക്കാന്‍ പോലും തയ്യാറായില്ലെന്നുമാണ് റസാഖ് പരോക്ഷമായി പറഞ്ഞിരിക്കുന്നത്. 1997-98 കാലഘട്ടത്തെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഈ സമയത്തു ഇന്ത്യയും പാകിസ്താനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ഞങ്ങള്‍ക്കിടയില്‍ (ഇന്ത്യ, പാകിസ്താന്‍) പരസ്പര ബഹുമാനവും സൗഹൃദവുമുണ്ട്. പാകിസ്താനുമായി നിലവില്‍ പരമ്പരകള്‍ കളിക്കാത്ത ഒരേയൊരു ടീം ഇന്ത്യ മാത്രമാണ്. 1997-98 കാലഘട്ടത്തില്‍ ഇന്ത്യ ഞങ്ങള്‍ക്കെതിരേ അധികം മല്‍സരങ്ങളൊന്നും കളിച്ചിരുന്നില്ല. കാരണം ഞങ്ങള്‍ ആ സമയത്തു വളരെ കരുത്തരായ ടീമായിരുന്നു. ഇന്ത്യ പലപ്പോഴും ഞങ്ങളോടു പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ കാരണത്താലാവാം ഇന്ത്യ അന്നു കളിക്കാതെ മാറിനിന്നത്. ഇപ്പോള്‍ 2023ല്‍ എത്തി നില്‍ക്കുകയാണ്. നമ്മള്‍ നമ്മുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഒരു ടീമിനെയും വലിയവരും ചെറിയവരുമായി കാണാന്‍ പാടില്ല. ഗെയിമിലെ പ്രകടനമാണ് യഥാര്‍ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതതെന്നും ഇഎച്ച് ക്രിക്കറ്റിനു നല്‍കിയ അഭിമുഖത്തില്‍ റസാഖ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും പോലെ ഇന്ത്യയും പാകിസ്താനും ഒരുപോലെ കരുത്തരാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും പാകിസ്താനും ഒരുപോലെ ശേഷിയുള്ളവരാണ്. പാകിസ്താന്‍ ടീം ദുര്‍ബലരാണെന്നു മുദ്ര കുത്തുന്നത് അന്യായം തന്നെയാണ്. ഇപ്പോള്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലേക്കു നോക്കൂ. ഏതു ടീമാണ് മികച്ചവരെന്നു നിങ്ങള്‍ക്കു വ്യക്തമായി പറയാന്‍ സാധിക്കുമോ?
നിശ്ചിത ദിവസം നന്നായി പെര്‍ഫോം ചെയ്യുന്ന ടീമായിരിക്കും വിജയം കൈവരിക്കുക. ഇക്കാര്യം വളരെ സിംപിളാണ്. ഇന്ത്യയും പാകിസ്താനും ഇപ്പോഴത്തെ ഈ അവസ്ഥയെല്ലാം മറികടന്ന് വീണ്ടും പരസ്പരം മല്‍സരങ്ങളും പരമ്പരകളും കളിക്കേണ്ടതുണ്ടെന്നും 43കാരനായ റസാഖ് പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന ഏഷ്യാ കപ്പിലായിരിക്കും അടുത്തതായി ഇന്ത്യ- പാകിസ്താന്‍ മല്‍സരം ആസ്വദിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അവസരം ലഭിക്കുക. നിലവില്‍ ഒരേ ഗ്രൂപ്പിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത റൗണ്ടിലേക്കു മുന്നേറിയാല്‍ സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് മല്‍സരം കാണാന്‍ സാധിക്കും. കൂടാതെ ഇന്ത്യ- പാക് ഫൈനലും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. അതിനു ശേഷമാണ് ഏകദിന ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക്. ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്.