IND vs WI: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ഗബ്ബാര്‍ മടങ്ങിയെത്തും, സാധ്യതാ പ്ലേയിങ് 11 ഇതാ

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ (11-02-2022). ഇന്ത്യന്‍ സമയം വൈകീട്ട് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും രോഹിത് ശര്‍മയുടെ ഇന്ത്യ ലക്ഷ്യമിടുക. എന്നാല്‍ ആദ്യ രണ്ട് മത്സരവും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആശ്വാസ ജയമാണ് മൂന്നാം മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്.
വലിയ ആത്മവിശ്വാസത്തോടെയിറങ്ങുന്ന ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് കടുപ്പമാണ്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ തിരിച്ചടി. രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ ചേര്‍ന്ന് ഇന്ത്യയെ 237 എന്ന സ്‌കോറില്‍ തളച്ചിട്ടിട്ടും വിജയത്തിലേക്ക് ബാറ്റുവീശാന്‍ ബാറ്റിങ് നിരക്ക് സാധിച്ചില്ല. മൂന്നാം മത്സരത്തില്‍ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് സന്ദര്‍ശകര്‍ക്ക് അഭിമാന പ്രശ്‌നമാണ്.

ടീമില്‍ മാറ്റങ്ങളുറപ്പ്
ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. യുസ് വേന്ദ്ര ചഹാലിനും വാഷിങ്ടണ്‍ സുന്ദറിനും വിശ്രമം നല്‍കി രവി ബിഷ്‌നോയ്ക്കും കുല്‍ദീപ് യാദവിനും ഇന്ത്യ അവസരം നല്‍കിയേക്കും. സുന്ദറും ചഹാലും മികച്ച പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും കാഴ്ചവെച്ചത്. എന്നാല്‍ കുല്‍ദീപിനെയും ബിഷ്‌നോയിയേയും പൂര്‍ണ്ണമായി തഴയാനാവില്ല. ഏകദിന പരമ്പരക്ക് ശേഷം ടി20 പരമ്പര നടക്കാനുള്ളതിനാല്‍ സുന്ദറിനും ചഹാലിനും വിശ്രമം നല്‍കേണ്ടതായുണ്ട്.
കോവിഡ് ബാധിതനായിരുന്ന ശിഖര്‍ ധവാന്‍ പൂര്‍ണ്ണ ആരോഗ്യവാനായിട്ടുണ്ട്. ധവാന്‍ തിരിച്ചെത്തിയേക്കുമെന്ന സൂചനയാണ് രണ്ടാം മത്സരത്തിലെ വിജയത്തിന് ശേഷം നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ധവാനെ ടീമിലേക്കെത്തിച്ചാല്‍ ആരെ പുറത്തിരുത്തുമെന്നത് പ്രസക്തമായ ചോദ്യമാണ്. ദീപക് ഹൂഡയെ പുറത്തിരുത്താനാണ് സാധ്യത. കെ എല്‍ രാഹുല്‍ മധ്യനിരയില്‍ സ്ഥാനം നിലനിര്‍ത്തും. സമീപകാലത്തായി ഇന്ത്യയുടെ മധ്യനിരയിലാണ് പ്രശ്‌നങ്ങളുള്ളത്. അതുകൊണ്ട് തന്നെ രാഹുലിനെ നാലാം നമ്പറില്‍ നിലനിര്‍ത്തും.

റിഷഭ് പന്ത് ഓപ്പണറാവില്ല
റിഷഭ് പന്തിനെ ഓപ്പണറാക്കി തുടരുമോയെന്നത് ആരാധകര്‍ ആകാംക്ഷയോടെ ചോദിച്ച ചോദ്യമാണ്. എന്നാല്‍ റിഷഭ് ഓപ്പണറായി തുടരില്ലെന്നും താല്‍ക്കാലികമായി നടത്തിയ പരീക്ഷണം മാത്രമാണിതെന്നും രണ്ടാം മത്സരത്തിന് ശേഷം രോഹിത് തന്നെ വ്യക്തമാക്കിയിരുന്നു. മധ്യനിരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ റിഷഭിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ഓപ്പണിങ്ങില്‍ അവസരം നല്‍കി നോക്കിയത്. എന്നാല്‍ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് തുടങ്ങി ഓപ്പണിങ് സ്‌പെഷ്യലിസ്റ്റുകളെല്ലാം അവസരം തേടി നില്‍ക്കവെ റിഷഭിനെ ഓപ്പണറാക്കുക ഇന്ത്യക്ക് വലിയ ഗുണം ചെയ്യാത്ത കാര്യമാണ്.

വിരാട് കോലിയുടെ സെഞ്ച്വറി പിറക്കുമോ?
ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ വിരാട് കോലി മൂന്നാം മത്സരത്തില്‍ സെഞ്ച്വറി പ്രകടനത്തോടെ തിരിച്ചെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കോലിയുടെ അന്താരാഷ്ട്ര സെഞ്ച്വറി കണ്ടിട്ട് രണ്ടര വര്‍ഷത്തിലേറെയായി. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന കോലി ഇനി എന്ന് സെഞ്ച്വറി നേടുമെന്നത് വലിയ ചോദ്യമാണ്. ഇതിന്റെ സമ്മര്‍ദ്ദം കോലിക്കുമുണ്ട്. കാത്തിരിപ്പിന് വിരാമമിട്ട് മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറിയോടെ കോലി തിരിച്ചെത്തുമോയെന്നത് കണ്ടറിയാം.

പ്രതീക്ഷയോടെ വെസ്റ്റ് ഇന്‍ഡീസ്
ആശ്വാസ ജയം തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യം വെക്കുന്നത്. കീറോണ്‍ പൊള്ളാര്‍ഡ് രണ്ടാം മത്സരം കളിച്ചിരുന്നില്ല. പകരം നിക്കോളാസ് പുരാനാണ് വെസ്റ്റ് ഇന്‍ഡീസിനെ നയിച്ചത്. മൂന്നാം മത്സരത്തില്‍ പൊള്ളാര്‍ഡ് തിരിച്ചെത്തിയേക്കും. ബൗളര്‍മാര്‍ മികവ് കാട്ടുന്നുണ്ട്. ബാറ്റിങ് നിരകൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയെ വിറപ്പിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനാവും. ഷായ് ഹോപ്, ബ്രണ്ടന്‍ കിങ്, ഡാരന്‍ ബ്രാവോ എന്നിവരുടെ പ്രകടനം വെസ്റ്റ് ഇന്‍ഡീസിന് നിര്‍ണ്ണായകമാവും.

ഇന്ത്യയുടെ സാധ്യതാ 11
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications