IND vs WI T20: 'നീ അടിച്ചോടാ', റോവ്മാന്‍ പവല്‍ വെടിക്കെട്ടില്‍ റിഷഭ് ഹാപ്പി, കാരണം ഇതാണ്

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ അവസാന ഓവര്‍ ത്രില്ലറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് എട്ട് റണ്‍സകലെ വീണെങ്കിലും റോവ്മാന്‍ പവലിന്റെയും (36 പന്തില്‍ 68*) നിക്കോളാസ് പുരാന്റെയും (41 പന്തില്‍ 62) വെടിക്കെട്ട് ഇന്ത്യയെ ശരിക്കും വിറപ്പിച്ചു. ഒരു നിമിഷം ഇന്ത്യ പരാജയപ്പെടുമെന്നുവരെയുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.
ഇന്ത്യക്കെതിരേ റോവ്മാന്‍ പവല്‍ നാല് ഫോറും അഞ്ച് സിക്‌സുമടക്കം കളം നിറഞ്ഞാടവെ ഇന്ത്യക്കാരെല്ലാം നിരാശരായെങ്കിലും ഒരാള്‍ മാത്രം സന്തോഷത്തിലായിരുന്നു. അത് മറ്റാരുമല്ല ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറായ റിഷഭ് പന്താണ് ഹാപ്പിയായിരുന്ന ആ താരം. ഇത്തവണ റിഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സാണ് റോവ്മാന്‍ പവലിനെ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ നായകനെന്ന നിലയില്‍ റോവ്മാന്റെ പ്രകടനം റിഷഭിനെ സന്തോഷിപ്പിക്കുന്നതായിരുന്നു.

മത്സരശേഷം റിഷഭ് പന്ത് റോവ്മാന്‍ പവലിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മത്സരശേഷം റോവ്മാന്‍ പവലിന്റെ പ്രകടനം താന്‍ ആസ്വദിക്കുകയായിരുന്നുവെന്ന് പന്ത് തുറന്ന് പറയുകയും ചെയ്തിരുന്നു. 'ബുള്ളറ്റ് പോലെയായിരുന്നു അവന്റെ ഷോട്ടുകള്‍. എന്റെ മനസില്‍ അവന്റെ പ്രകടനം സന്തോഷം നല്‍കുന്നതായിരുന്നു. കാരണം ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് അവന്‍ ഐപിഎല്‍ കളിക്കുന്നത്.'- മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി റിഷഭ് പറഞ്ഞു.
മധ്യനിരയില്‍ വമ്പനടികള്‍ നടത്താന്‍ റോവ്മാന്റെ മികവ് എത്രത്തോളമെന്ന് ഇന്നലത്തെ മത്സരത്തില്‍ നിന്ന് തന്നെ വ്യക്തം. വലിയ പവര്‍ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ഏത് ബൗളറെയും കടന്നാക്രമിക്കുന്ന ശൈലി. മികച്ച തുടക്കം ലഭിച്ചാല്‍ എതിര്‍ ബൗളര്‍മാരെ കണ്ണീരിലാഴ്ത്താന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്. ഇന്ത്യയില്‍ത്തന്നെയാണ് ഇത്തവണ ഐപിഎല്‍ നടക്കുക. അതുകൊണ്ട് തന്നെ റോവ്മാന്‍ പവലിന്റെ പ്രകടനം ഡല്‍ഹിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

റിഷഭ് പന്ത് ബാറ്റിങ്ങില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാത്തതില്‍ താരം വളരെ നിരാശനായിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ അതിന്റെ ക്ഷീണം തീര്‍ക്കാന്‍ റിഷഭിന് സാധിച്ചു. 28 പന്തില്‍ പുറത്താവാതെ 52 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. വെങ്കടേഷ് അയ്യരെ (33) കൂട്ടുപിടിച്ച് 76 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് അദ്ദേഹം സൃഷ്ടിച്ചത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ റിഷഭിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും റിഷഭിന് വിശ്രമം ലഭിച്ചേക്കുമെന്നാണ് സൂചന.

ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യ ഉയര്‍ത്തിയത് കരുത്തരായ വെസ്റ്റ് ഇന്‍ഡീസിന് വലിയ തലവേദനയാണ്. ഏകദിനത്തില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട ടീമിന് ടി20യിലും സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമോയെന്നത് കണ്ടറിയണം. രണ്ട് തവണ ടി20 ലോകകപ്പ് നേടിയ കാരിബീയന്‍സിനൊപ്പം പവര്‍ഹിറ്റര്‍മാരായ നിരവധി താരങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ തന്ത്രങ്ങളെ മറികടക്കാന്‍ സാധിക്കുന്നില്ല. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യ വലിയ സ്വപ്‌നങ്ങളാണ് കാണുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications