For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വിന്‍ഡീസിനെ തുരത്തി, അപൂര്‍വ്വ റെക്കോഡുമായി രോഹിത്, ധോണിക്കും കോലിക്കുമില്ല

കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ ഏകദിനത്തിലും ടെസ്റ്റിലും ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ അനുവദിക്കാതിരുന്ന ഇന്ത്യ ടി20 ലോകകപ്പിലേക്കുള്ള പടയൊരുക്കം ശക്തമാക്കിയിരിക്കുകയാണ്

1

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയെന്ന് തന്നെ പറയാം. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ ഏകദിനത്തിലും ടെസ്റ്റിലും ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ അനുവദിക്കാതിരുന്ന ഇന്ത്യ ടി20 ലോകകപ്പിലേക്കുള്ള പടയൊരുക്കം ശക്തമാക്കിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും കൈയടി നേടുന്ന പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്.

ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലുമെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്താന്‍ രോഹിത്തിനായിട്ടുണ്ട്. ഇപ്പോഴിതാ അപൂര്‍വ്വമായ ക്യാപ്റ്റന്‍സി റെക്കോഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് രോഹിത്. മറ്റൊരു ഇന്ത്യന്‍ നായകനും എത്താനാവാത്ത റെക്കോഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ മൂന്നോ അതില്‍ കൂടുതലോ വൈറ്റ് വാഷ് പരമ്പരകള്‍ നേടിയ ഏക ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്.

1

2017ല്‍ ശ്രീലങ്ക, 2018ല്‍ വെസ്റ്റ് ഇന്‍ഡീസ്, 2021ല്‍ ന്യൂസീലന്‍ഡ്, 2022ല്‍ വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരെയാണ് രോഹിത് ഇൗ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തിന്റെ തലപ്പത്ത് മുന്‍ പാകിസ്താന്‍ നായകന്‍ സര്‍ഫറാസ് അഹ്‌മദാണ്. അഞ്ച് തവണ അദ്ദേഹം ഈ നേട്ടത്തിലെത്തി. അഫ്ഗാനിസ്ഥാന്റെ അസ്ഹര്‍ അഫ്ഗാനാനൊപ്പം (4) ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം ഈ റെക്കോഡില്‍ രോഹിത് തലപ്പത്തെത്താനുള്ള സാധ്യതയും കൂടുതലാണ്.

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയെ ഒന്നാം നമ്പര്‍ ടി20 ടീമാക്കാനും രോഹിത്തിന് സാധിച്ചു. 2016ല്‍ എംഎസ് ധോണിയാണ് അവസാനമായി ഇന്ത്യയെ ഒന്നാം നമ്പര്‍ ടി20 ടീമെന്ന നിലയിലേക്കെത്തിച്ചത്. ഇതിന് ശേഷം വിരാട് കോലിക്ക് ഈ നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒറ്റ പരമ്പരകൊണ്ട് തന്നെ ഇന്ത്യയെ തലപ്പത്തേക്കെത്തിക്കാന്‍ രോഹിത്തിനായെന്നതാണ് ശ്രദ്ധേയമായ കാര്യം.

2

നാട്ടില്‍ ഏറ്റവും കൂടുതല്‍ ടി20 ജയം നേടിയ നായകന്മാരില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും രോഹിത്തിനായി. 14 ജയമാണ് രോഹിത് നേടിയത്. 15 ജയം നേടിയ കെയ്ന്‍ വില്യംസനും ഓയിന്‍ മോര്‍ഗനുമാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ഇതില്‍ എടുത്തുപറയേണ്ടത് രോഹിത് 14 ജയം നേടിയത് വെറും 15 മത്സരത്തില്‍ നിന്നാണെന്നതാണ്. ഒരു മത്സരം മാത്രമാണ് രോഹിത്തിന് കീഴില്‍ ടീം തോറ്റത്. ഇതില്‍ നിന്ന് തന്നെ രോഹിത്തിന്റെ നായകമികവ് എത്രത്തോളമെന്ന് വ്യക്തം.

3

ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. 2021ല്‍ നടന്ന ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായി പോയി തീര്‍ത്തും നിരാശപ്പെടുത്തിയാണ് ഇന്ത്യയുടെ മടക്കം. അതുകൊണ്ട് തന്നെ ഇത്തവണ എന്ത് വിലകൊടുത്തും തിളങ്ങുകയെന്നത് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മക്ക് കീഴില്‍ മികച്ചൊരു ടീം രൂപപ്പെട്ട് വരുന്നുണ്ട്. സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ പ്രകടനം ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു.

4

പേസ് നിര തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. യുവ പേസര്‍മാരും രവി ബിഷ്‌നോയിയെപ്പോലുള്ള യുവ സ്പിന്നര്‍മാരും ടീമിന്റെ പ്രതീക്ഷക്കൊത്തുയരുന്നു. ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇതേ ഫോം നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ട കാര്യം. രാഹുല്‍ ദ്രാവിഡിനും രോഹിത് എന്ന നായകനൊപ്പം പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ താല്‍പര്യമുണ്ട്. ഈ കൂട്ടുകെട്ട് ശരിക്കും ഫലം ചെയ്യുന്നു. ഓപ്പണിങ്ങിലേക്ക് കെ എല്‍ രാഹുല്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ കരുത്തരാവും.

Story first published: Monday, February 21, 2022, 13:28 [IST]
Other articles published on Feb 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+