For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI T20:നായകന്‍ രോഹിത്, 'ശ്രേയസിനും ഇഷാനും ഇടമില്ല', ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 ഇതാ

വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കാന്‍ ഏറ്റവും ശക്തമായ താരനിരയെത്തന്നെ ഇന്ത്യ കളത്തിലിറക്കേണ്ടതായുണ്ട്

1

മുംബൈ: ദക്ഷിണാഫ്രിക്കയിലെ നാണംകെട്ട തോല്‍വിക്ക് ശേഷം അഭിമാനം വീണ്ടെടുക്കാന്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് തയ്യാറെടുക്കുകയാണ്. പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ഇന്ത്യയിലാണ് മത്സരമെങ്കിലും പരിമിത ഓവറില്‍ ഇന്ത്യ ഭയപ്പെടേണ്ട നിരയാണ് വെസ്റ്റ് ഇന്‍ഡീസ്. ഇംഗ്ലണ്ടിനെ ടി20 പരമ്പരയില്‍ തകര്‍ത്തെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ഉജ്ജ്വല ഫോമിലുമാണ്.

ഇന്ത്യ ശക്തമായ താരനിരയെത്തന്നെ പരമ്പരക്കായി പ്രഖ്യാപിചിട്ടുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കാന്‍ ഏറ്റവും ശക്തമായ താരനിരയെത്തന്നെ ഇന്ത്യ കളത്തിലിറക്കേണ്ടതായുണ്ട്. രോഹിത്തിന്റെ മടങ്ങിവരവോടെ ടീമിനുള്ളിലെ പല പ്രശ്‌നങ്ങള്‍ക്കും അവസാനമാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം ആറിന് ഏകദിന പരമ്പര ആരംഭിക്കും. 16ാനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ടി20 പരമ്പരക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനാണ് വേദി.

ദക്ഷിണാഫ്രിക്കയിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ചൊരു ടീമുമായാവും ഇന്ത്യ ഇറങ്ങുകയെന്ന് ഉറപ്പ്. പല താരങ്ങളുടെയും ചീട്ടുകീറുമ്പോള്‍ മറ്റ് പലര്‍ക്കും വളര്‍ന്ന് വരാനുള്ള അവസരവും ലഭിച്ചേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് കളത്തില്‍ ഇറക്കാന്‍ സാധിക്കുന്ന മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ഓപ്പണറായി രോഹിത് ഇറങ്ങുമെന്നുറപ്പ്. പരിക്കിന് ശേഷം ശരീര ഭാരവും കുറച്ചിറങ്ങുന്ന രോഹിത്തിന്റെ പ്രകടനം കണ്ടുതന്നെ അറിയണം. അവസാന സീസണില്‍ ഗംഭീര പ്രകടനം തന്നെയാണ് രോഹിത് ടി20 ഫോര്‍മാറ്റില്‍ നടത്തിയത്. 11 ഇന്നിങ്‌സില്‍ നിന്ന് 424 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 150.89 എന്ന മികച്ച സ്‌ട്രൈക്കറേറ്റും രോഹിത്തിനുണ്ടായിരുന്നു. അഞ്ച് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ താരമായത് രോഹിത് ശര്‍മയായിരുന്നു. ഇതേ മികവ് വെസ്റ്റ് ഇന്‍ഡീസിനെതിരെയും അദ്ദേഹത്തിന് ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സഹ ഓപ്പണറായി കെ എല്‍ രാഹുലാവും ഇറങ്ങുക. ഇഷാന്‍ കിഷനെ പകരക്കാരന്റെ റോളിലേക്കാവും പരിഗണിക്കുക. ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ മുഖ്യ പരിഗണന രാഹുലിന് തന്നെയാണ്. അദ്ദേഹത്തിന്റെ ടി20യിലെ കണക്കുകള്‍ വളരെ മികച്ചത് തന്നെയാണ്. അവസാന സീസണില്‍ 11 ഇന്നിങ്‌സില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി നേടി. 142.49 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ടായിരുന്നു. രോഹിത്തുമായി മികച്ച കൂട്ടുകെട്ടും രാഹുലിന് അവകാശപ്പെടാനാവും.

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

നായകസ്ഥാനമൊഴിഞ്ഞ വിരാട് കോലിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായ കോലിക്ക് സമീപകാലത്തായി പഴയ മികവില്ല. 70 സെഞ്ച്വറിയില്‍ ബ്രേക്കിട്ടിരിക്കുന്ന കോലിയുടെ സെഞ്ച്വറി തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2021ല്‍ നാല് ഇന്നിങ്‌സില്‍ പുറത്താവാതെ നിന്ന കോലി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും മികച്ച പ്രകടനം നടത്തിയത് വലിയ പ്രതീക്ഷ നല്‍കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ മികച്ച ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാനാവും.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. ശ്രേയസ് അയ്യരെക്കാള്‍ നാലാം നമ്പറില്‍ ടീമിന് ഗുണം ചെയ്യുക സൂര്യയാണ്. അനായാസം റണ്‍നിരക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ള സൂര്യകുമാറിന്റെ മധ്യനിരയിലെ സ്‌ട്രൈക്കറേറ്റ് 155.41 ആണ്. ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 244 റണ്‍സാണ് അവസാന സീസണില്‍ സൂര്യകുമാര്‍ നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. മൈതാനത്തിന്റെ എല്ലാ വശത്തേക്കും അനായാസം ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ളവനാണ് സൂര്യ.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനാണ് അവസരം. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ വിശേഷണമുള്ള റിഷഭ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ്. എന്നാല്‍ ഇതുവരെ പ്രതീക്ഷക്കൊത്ത ഗംഭീര ഇന്നിങ്‌സ് ടി20യില്‍ കാഴ്ചവെക്കാന്‍ റിഷഭിനായിട്ടില്ല. 213 റണ്‍സാണ് അവസാന സീസണില്‍ അദ്ദേഹം ഇന്ത്യക്കായി ടി20യില്‍ നേടിയത്. വലിയ ഷോട്ടുകള്‍ അനായാസം കളിക്കുന്ന റിഷഭില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍

വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍

ആറാം നമ്പറില്‍ വെങ്കടേഷ് അയ്യര്‍ക്ക് അവസരം നല്‍കാം. ഏകദിനത്തില്‍ കളിക്കാന്‍ വെങ്കടേഷ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. എന്നാല്‍ ടി20യില്‍ വെങ്കടേഷിന് നിര്‍ണ്ണായക റോളുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം കെകെആറിനൊപ്പം ഓപ്പണറായി തിളങ്ങിയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ഇന്ത്യന്‍ ടീമില്‍ മധ്യനിരയിലാണ് അദ്ദേഹത്തിന് അവസരം. ന്യൂസീലന്‍ഡ് പരമ്പരയില്‍ മൂന്ന് മത്സരത്തിലും അവസരം ലഭിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര വെങ്കടേഷിന് നിര്‍ണ്ണായകമാണ്.

ഏഴാം നമ്പറില്‍ പരിക്കില്‍ നിന്ന് മോചിതനായ അക്ഷര്‍ പട്ടേലിനാണ് അവസരം. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ്. 15 ടി20കളില്‍ നിന്ന് 13 വിക്കറ്റ് മാത്രമാണ് ഇന്ത്യക്കായി അദ്ദേഹം വീഴ്ത്തിയതെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടാറുണ്ട്. 2021ല്‍ നാല് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് അക്ഷര്‍ വീഴ്ത്തിയത്. ഇന്ത്യന്‍ സാഹചര്യത്തില്‍ നന്നായി തിളങ്ങാന്‍ അക്ഷറിന് മികവുണ്ട്.

ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്തുന്ന ദീപക് ചഹാര്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കുള്ള താരം കൂടിയാണ്. കൂടാതെ സമീപകാലത്തായി ബാറ്റിങ്ങിലും അദ്ദേഹം വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്. ടി20യില്‍ ഇന്ത്യ പുറത്തിരുത്തി പാഴാക്കേണ്ട പ്രതിഭയല്ല ദീപക്കിന്റേത്. അതുകൊണ്ട് തന്നെ എട്ടാം നമ്പറില്‍ ദീപക് അവസരം അര്‍ഹിക്കുന്നു.

ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍

ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍

അവസാന സീസണിലെ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിന്റെ ഉടമയാണ് ഹര്‍ഷല്‍ പട്ടേല്‍. ന്യൂസീലന്‍ഡ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച താരം രണ്ട് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് വീഴ്ത്തിയത്. 7.28 എന്ന ഭേദപ്പെട്ട ഇക്കോണമിയിലായിരുന്നു പ്രകടനം. 10ാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറിനാണ് അവസരം. സീനിയര്‍ പേസറുടെ സമീപകാല പ്രകടനം മോശമാണെങ്കിലും ഇന്ത്യക്ക് എളുപ്പത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത താരമാണ് ഭുവി. അവസാന സീസണില്‍ 12 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം നേടിയത്. 11ാമനായി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനാണ് അവസരം. സമീപകാലത്ത് പ്രകടനം അത്ര മികച്ചതല്ലെങ്കിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരം തന്നെയാണ് ചഹാല്‍.

Story first published: Tuesday, February 1, 2022, 11:22 [IST]
Other articles published on Feb 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+