IND vs WI T20: പരമ്പര നേടി, പക്ഷെ ഇന്ത്യക്ക് മുന്നില്‍ മൂന്ന് ആശങ്ക, എന്തൊക്കെയാണെന്ന് നോക്കാം

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിന് ജയിച്ചാണ് മൂന്ന് മത്സര പരമ്പര 2-0ന് ഉറപ്പിച്ചത്. അവസാന ഓവര്‍ ത്രില്ലറിലേക്ക് നീങ്ങിയ പോരാട്ടത്തില്‍ ഇന്ത്യ പൊരുതിയാണ് ജയം നേടിയത്. ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്.
19ാം ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. ഭുവിയെ ഏറെ നാളുകള്‍ക്ക് ശേഷം പഴയ പ്രതാപത്തില്‍ കാണാനായത് ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്നു. മോശം ഫോമിലായിരുന്ന റിഷഭ് പന്ത് അര്‍ധ സെഞ്ച്വറിയോടെ ഫോമിലേക്കുയര്‍ന്നതും വെങ്കടേഷ് അയ്യര്‍ ഹര്‍ദിക്കിന്റെ അഭാവം നികത്തി തിളങ്ങുന്നതുമെല്ലാം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ മൂന്ന് തലവേദന ഇപ്പോഴുമുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്റെ സ്ഥിരതയില്ലായ്മ
ടി20യിലും ഏകദിനത്തിലും അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെത്തിയ ഇഷാന്‍ കിഷന്‍ വലിയ പ്രതീക്ഷയാണ് നല്‍കിയതെങ്കിലും സ്ഥിരതയില്ലായ്മ പ്രശ്‌നമാവുന്നു. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്തുന്ന ഇഷാന് ഈ മികവ് ഇന്ത്യക്കൊപ്പം ആവര്‍ത്തിക്കാനാവുന്നില്ലെന്ന് തന്നെ പറയാം. ടി20 പരമ്പരയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.
അരങ്ങേറ്റ അര്‍ധ സെഞ്ച്വറിക്ക് ശേഷം 4, 20*, 4, 29, 35, 2 എന്നിങ്ങനെയാണ് ഇന്ത്യക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ടി20 സ്‌കോര്‍. ഈ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. പവര്‍പ്ലേ മുതലാക്കി അതിവേഗം റണ്‍സുയര്‍ത്തുകയാണ് ഇഷാന്റെ ഉത്തരവാദിത്തമെങ്കിലും ഇതിനോട് അദ്ദേഹത്തിന് നീതി കാട്ടാനാവുന്നില്ല. ഓപ്പണിങ്ങില്‍ ഇഷാന്‍ നിരാശപ്പെടുത്തുന്നത് ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

ദീപക് ചഹാറും ഭുവിയും ഒന്നിച്ച് വേണ്ട
ഇന്ത്യയുടെ നിലവിലെ ടീമിലെ രണ്ട് സ്വിങ് പേസര്‍മാരാണ് ദീപക് ചഹാറും ഭുവനേശ്വര്‍ കുമാറും. ദീപക് ബാറ്റിങ്ങിലും മികവ് കാട്ടുന്നതോടെ താരം പ്ലേയിങ് 11ല്‍ സ്ഥാനം നേടിയെടുക്കുന്നു. എന്നാല്‍ ഭുവിയും ദീപക്കും ഒന്നിച്ച് പ്ലേയിങ് 11ല്‍ വരുന്നത് ഇന്ത്യക്ക് കാര്യമായി ഗുണം ചെയ്യുന്നില്ല. രണ്ട് പേരും ഏകദേശം ഒരേ ബൗളിങ് ശൈലിയുള്ളവരാണ്. അതുകൊണ്ട് തന്നെ രണ്ട് പേരില്‍ ഒരാള്‍ക്ക് പ്ലേയിങ് 11ല്‍ അവസരം നല്‍കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക.
മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍ എന്നിവരിലൊരാളെ ഇന്ത്യ ഇവരിലൊരാള്‍ക്ക് പകരക്കാരനായി ടീമിലേക്ക് പരിഗണിക്കേണ്ടതാണ്. സിറാജ് ആക്രമണോത്സകതയുള്ള ബൗളറാണ്. കൂടാതെ വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. അതുകൊണ്ട് തന്നെ സിറാജിന് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. സീനിയര്‍ പേസര്‍ ഭുവിയുടെ സാന്നിധ്യം ഇന്ത്യക്ക് ആവിശ്യമായതിനാല്‍ ദീപക്കിന് വിശ്രമം നല്‍കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക.

ഫീല്‍ഡിങ് പിഴവ് ശ്രദ്ധിക്കണം
രണ്ടാം ടി20യില്‍ ഇന്ത്യ നിരവധി ഫീല്‍ഡിങ് പിഴവുകളാണ് വരുത്തിയത്. നിക്കോളാസ് പുരാനെ രവി ബിഷ്‌നോയ് കൈവിട്ടുകളഞ്ഞതും ഭുവനേശ്വര്‍ കുമാര്‍ റോവ്മാന്‍ പവലിനെ വിട്ടുകളഞ്ഞതും ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. വേറെയും ഫീല്‍ഡിങ് പിഴവുകളുണ്ടായി. ടി20 ഫോര്‍മാറ്റില്‍ ഫീല്‍ഡിങ് പിഴവുകള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരുമെന്നതിനാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ഫീല്‍ഡിങ് മെച്ചപ്പെടുത്തേണ്ടത് ഈ അവസരത്തില്‍ ഇന്ത്യ വളരെ പ്രാധാന്യം നല്‍കേണ്ട കാര്യം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications