
വിരാട് കോലി 89 ഇന്നിങ്സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. എന്നാല്‍ 119 ഇന്നിങ്സില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. 33കാരനായ കോലി ഒരു തവണ പോലും ടി20 സെഞ്ച്വറി നേടിയിട്ടില്ല. 30 തവണയും അര്‍ധ സെഞ്ച്വറി തന്നെയാണ് നേടിയത്. അതേ സമയം രോഹിത് ശര്‍മ 26 അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ നാല് സെഞ്ച്വറിയും അന്താരാഷ്ട്ര ടി20യില്‍ നേടി. 3256 റണ്‍സാണ് അന്താരാഷ്ട്ര ടി20യില്‍ രോഹിത്തിന്റെ പേരിലുള്ളത്. കോലിയുടെ പേരില്‍ 3296 റണ്‍സും. രണ്ട് പേരും തമ്മില്‍ വാശിയേറിയ പോരാട്ടം തന്നെ നടത്തുന്നുണ്ട്.
വിരാട് കോലി സമീപകാലത്തായി മോശം ഫോമിലാണെന്ന് പറയുമ്പോഴും കണക്കുകള്‍ പ്രകാരം ഇപ്പോഴും അദ്ദേഹം മികച്ച് തന്നെ നില്‍ക്കുന്നു. അവസാന 11 ടി20 ഇന്നിങ്സില്‍ നിന്ന് ആറ് തവണയാണ് കോലി അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയത്. 85, 0, 73*, 77*, 1, 80*, 57, 9, 2, 17, 52 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. വിമര്‍ശകര്‍ക്ക് കോലി ബാറ്റുകൊണ്ട് തന്നെ മറുപടി പറയുന്നുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കോലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല. ഇതില്‍ ആരാധകരും തീര്‍ത്തും നിരാശരാണ്.

ഇത് ആറാം തവണയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ കോലി 50ന് മുകളില്‍ സ്‌കോര്‍ നേടുന്നത്. ഓസ്ട്രേലിയക്കെതിരേ ഏഴ് തവണയും കോലി ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. അവസാന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ റിഷഭ് പന്തും ശ്രദ്ധേയ തിരിച്ചുവരവാണ് ഇന്ന് നടത്തിയത്. 28 പന്തില്‍ ഏഴ് ഫോറും ഒരു സിക്സുമടക്കം 52 റണ്‍സുമായി റിഷഭ് പുറത്താവാതെ നിന്നു.
185.71 സ്ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഈ പ്രകടനത്തോടെ റിഷഭും ഒരു റെക്കോഡിലേക്കെത്തി. 24 വയസില്‍ കൂടുതല്‍ സിക്സര്‍ സ്വന്തമാക്കിയ ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ് റിഷഭുള്ളത്. 91 സിക്സ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 99 സിക്സുമായി സുരേഷ് റെയ്നയും 98 സിക്സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഈ റെക്കോഡില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

കൂടാതെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന ടി20 സ്‌കോറെന്ന റെക്കോഡില്‍ അഞ്ചാം സ്ഥാനവും നേടിയെടുക്കാന്‍ റിഷഭിനായി. 65* റണ്‍സുമായി റിഷഭ് നേരത്തെ തന്നെ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തിയിരുന്നു. ഇന്നത്തെ 52 റണ്‍സ് പ്രകടനത്തോടെ എംഎസ് ധോണിയോടൊപ്പം അഞ്ചാം സ്ഥാനം പങ്കിടാനാണ് റിഷഭിന് സാധിച്ചത്. റിഷഭിന്റെ സമീപകാല പ്രകടനങ്ങള്‍ക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരുടെയും വായടപ്പിക്കുന്ന പ്രകടനം തന്നെ കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. വെങ്കടേഷ് അയ്യരും 18 പന്തില്‍ 33 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.


Click it and Unblock the Notifications












