IND vs WI: ഇഷാന്‍ ഓപ്പണറാവും, കോലിയുടെ റോള്‍ എന്ത്? പദ്ധതികള്‍ തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കാനിരിക്കെ ടീമിന്റെ പദ്ധതികളെക്കുറിച്ച് രോഹിത് ശര്‍മ. 1000ാം ഏകദിനം കളിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയുടെ ടീം ഘടനയെക്കുറിച്ചടക്കം വ്യക്തമായ സൂചനകളാണ് രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരിക്കുന്നത്. ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക് വാദ് കോവിഡ് ബാധിതരായി ടീമില്‍ നിന്ന് പുറത്തുപോയതിനാല്‍ പകരക്കാരനായെത്തിയ ഇഷാന്‍ കിഷനാവും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക.
മായങ്ക് അഗര്‍വാളെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ടെങ്കിലും ഓപ്പണറായി ഇഷാന്‍ എത്തുമെന്നാണ് രോഹിത് വ്യക്തമാക്കിയത്. മായങ്കിന് ഐസൊലേഷന്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി വേണം. അവസാന പരമ്പരയിലെ ടീമില്‍ നിന്ന് ഒരുപാട് കാര്യങ്ങളൊന്നും മാറാനില്ലെന്ന് വ്യക്തമാക്കിയ രോഹിത് വിരാട് കോലിയുടെ ടീമിലെ റോളിനെക്കുറിച്ചും വ്യക്തമാക്കി. നായകനെന്ന നിലയിലെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഒഴിഞ്ഞ കോലി ഇനി ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാവും ടീമിലുണ്ടാവുക. ടീം മാനേജ്‌മെന്റുമായി കോലിക്കുള്ള ഉടക്ക് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കോലിയുടെ ടീമിലെ റോള്‍ എന്താണെന്ന് കോലിക്ക് നന്നായി അറിയാം. എന്താണ് ടീം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. കോലി നായകനും ഞാന്‍ വൈസ് ക്യാപ്റ്റനുമായിരുന്നപ്പോള്‍ ചെയ്തതെന്താണോ അത് തന്നെയാവും മുന്നോട്ടുമുണ്ടാവുകയെന്നാണ് രോഹിത് പറഞ്ഞത്. കോലിയും രോഹിത്തും 2018ലെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇത്തവണയും രണ്ട് പേരുടെയും പ്രകടനം തന്നെയാണ് ഇന്ത്യയുടെ നട്ടെല്ല്. ഏറെ നാളുകളായി സെഞ്ച്വറി നേടാനാവാതെ കോലി പ്രയാസപ്പടുകയാണ്. ഇത്തവണ ഈ കാത്തിരിപ്പിന് അദ്ദേഹം വിരാമമിടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കോവിഡ് ബാധിതരായ താരങ്ങളുടെ അവസ്ഥയെക്കുറിച്ചും രോഹിത് വ്യക്തമാക്കി. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവര്‍ വേഗത്തില്‍ രോഗമുക്തരാവുന്നുണ്ടെന്നാണ് രോഹിത് പറഞ്ഞത്. കോവിഡ് സമയത്ത് താരങ്ങളുടെ ജോലി ഭാരം കൃത്യമായി നിയന്ത്രിക്കേണ്ടതായുണ്ട്. കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കി താരങ്ങളെ പരമാവധി പരിക്കില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതായുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ രോഹിത് തയ്യാറായില്ല. നിലവില്‍ ഏകദിന, ടി20 പരമ്പരയില്‍ മാത്രമാണ് ശ്രദ്ധയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യക്ക് ഫിനിഷറുടെ അഭാവമുള്ളതിനെക്കുറിച്ചും രോഹിത് പ്രതികരിച്ചു. എംഎസ് ധോണിയുടെ വിരമിക്കലിന് ശേഷം ഫിനിഷര്‍ റോളിലേക്ക് മറ്റൊരു താരത്തിനും എത്താനായിട്ടില്ല. ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഉണ്ടെങ്കിലും കൂടുതല്‍ ബാക്ക് അപ്പുകളും വേണമെന്നും രോഹിത് പറഞ്ഞു.

ഇന്ത്യയുടെ സ്പിന്‍ നിരയെക്കുറിച്ചും രോഹിത് സൂചന നല്‍കി. കുല്‍ദീപ് യാദവ്- യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ടിനെ വീണ്ടും പരിഗണിക്കുന്നത് മനസിലുണ്ടെന്നാണ് രോഹിത് പറഞ്ഞത്. പഴയ പ്രധാപമില്ലാത്ത കുല്‍ദീപിന് തിരിച്ചുവരാനുള്ള കച്ചിത്തുരുമ്പാണ് ഈ പരമ്പരയെന്ന് പറയാം. രവി ബിഷ്‌നോയ്ക്ക് അരങ്ങേറ്റത്തിനുള്ള അവസരം ഇന്ത്യ നല്‍കുമോയെന്നത് കണ്ടറിയണം.
രോഹിത്തിനെ സംബന്ധിച്ചും ഇന്ത്യയെ സംബന്ധിച്ചും അഭിമാന പരമ്പരയാണ് നടക്കാന്‍ പോകുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയില്‍ നാണംകെട്ടതിന്റെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പര തൂത്തുവാരേണ്ടതായുണ്ട്. മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരം തന്നെയുള്ള ടി20 പരമ്പരയും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നുണ്ട്.

ഏകദിന നായകസ്ഥാനത്തേക്കെത്തിയ ശേഷം രോഹിത് ശര്‍മ കളിക്കുന്ന ആദ്യത്തെ മത്സരം കൂടിയാണ് നടക്കാന്‍ പോകുന്നത്. വെസ്റ്റ് ഇന്‍ഡീസ് നിസാരരായ എതിരാളികളല്ല. ഇംഗ്ലണ്ടിനെതിരേ ടി20 പരമ്പര നേടിയെത്തുന്ന അവര്‍ക്ക് ഇന്ത്യയുടെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ പരമ്പര നേട്ടം ഇന്ത്യ സ്വപ്‌നം കാണേണ്ട.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications