IND vs WI: 'അവനാണ് ഫിനിഷര്‍', ഇന്ത്യ മിസ് ചെയ്യുന്ന താരത്തെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര കിരീടം ഉറപ്പിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ നിര്‍ണ്ണായകമായ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കുകയായിരുന്നു. 44 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ മത്സരം കൂടിയായിരുന്നു ഇത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്ത് ഇറങ്ങിയതാണ് ഏറ്റവും കൗതുകം ഉണ്ടാക്കിയ കാര്യം. ഇന്ത്യ ഫിനിഷര്‍ റോളില്‍ വളര്‍ത്തിക്കൊണ്ട് വന്നിരുന്ന റിഷഭിനെ ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചതെന്തിനാണെന്നത് നായകന്‍ രോഹിത് ശര്‍മ മത്സരശേഷം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യ റിഷഭിനെ ഓപ്പണറാക്കിയ തീരുമാനത്തെക്കുറിച്ചും ഇന്ത്യ മിസ് ചെയ്യുന്ന താരത്തെക്കുറിച്ചും തന്റെ വിലയിരുത്തലുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. 'സത്യസന്ധമായി പറയട്ടെ, റിഷഭ് പന്ത് ഓപ്പണറായി ഇറങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി. കാരണം സാധാരണയായി 6,7 നമ്പറുകളിലാണ് അവന്‍ ബാറ്റ് ചെയ്യാറുള്ളത്. ടീമിന്റെ സാഹചര്യത്തിനനുസരിച്ച് ഇതിന് മാറ്റമുണ്ടാവും. ടീമിന്റെ ഫിനിഷറാണവന്‍. എന്റെ അഭിപ്രായത്തില്‍ രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണറാവണം. സൂര്യകുമാര്‍ നാലാം നമ്പറിലും ബാറ്റ് ചെയ്യണം'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യയുടെ ഫിനിഷറായാണ് റിഷഭിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ടെസ്റ്റില്‍ ഇന്ത്യക്കായി അത്ഭുതം കാട്ടുന്ന മാന്ത്രികനാണ് റിഷഭെങ്കിലും പരിമിത ഓവറിലെ അവസ്ഥ അങ്ങനെയല്ല. ഇതുവരെ പരിമിത ഓവറില്‍ പ്രതീക്ഷക്കൊത്തുയരാന്‍ റിഷഭിനായിട്ടില്ല. അതുകൊണ്ട് ഒരു പരീക്ഷണമെന്ന നിലക്കാണ് റിഷഭിനെ ഇന്ത്യ ഓപ്പണറാക്കിയത്. എന്നാല്‍ റിഷഭിനെ ഓപ്പണറാക്കിയത് ഒരു മത്സരത്തില്‍ മാത്രമുള്ള പരീക്ഷണം മാത്രമാണെന്ന് മത്സരശേഷം രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.
'അഞ്ചാം നമ്പറിലാണ് റിഷഭ് പന്തിനെപ്പോലൊരാളെ കളിപ്പിക്കേണ്ടത്. പിന്നാലെ വാഷിങ്ടണ്‍ സുന്ദറെ കളിപ്പിക്കാം. ഇന്ത്യ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയെ മിസ് ചെയ്യുന്നുണ്ടെന്ന് മറക്കാതിരിക്കുക. നിരവധി റണ്‍സ് നേടാനും വലിയ ഷോട്ടുകള്‍ കളിക്കാനും അവന് സാധിക്കും. മികച്ചൊരു ഫീല്‍ഡറും ഒപ്പം വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. ഇന്ത്യന്‍ ടീം ഇപ്പോള്‍ മിസ് ചെയ്യുന്നത് അവനെയാണ്' -സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയിലാണ്. അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും പരിക്കിനെത്തുടര്‍ന്ന് ജഡേജ മാറി നിന്നിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ജഡേജയുടെ അഭാവം നികത്താനാവാത്ത വിടവാണ്. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഒന്നിച്ച് ടീമില്‍ നിന്ന് മാറി നിന്നാല്‍ പകരം വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള മറ്റൊരു ഓള്‍റൗണ്ടര്‍ ഇന്ത്യക്കൊപ്പം ഇല്ലെന്ന് പറയാം. വാഷിങ്ടണ്‍ സുന്ദര്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള സ്പിന്‍ ഓള്‍റൗണ്ടറാണെങ്കിലും ജഡേജയെപ്പോലെ അതിവേഗം റണ്‍സുയര്‍ത്തുക പ്രയാസമാണ്.

രണ്ടാം ഏകദിനത്തിനിടെ സൂര്യകുമാര്‍ യാദവുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് കെ എല്‍ രാഹുല്‍ റണ്ണൗട്ടായാണ് പുറത്തായത്. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെയാണ് രാഹുലിന്റെ പുറത്താകല്‍. ഇതിനെക്കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു. 'രാഹുല്‍ ഫീല്‍ഡറെ നോക്കിയാണ് ഓടിയത്. അതുകൊണ്ട് തന്നെ സൂര്യ രണ്ടാം റണ്‍സിനായി ഓടില്ലെന്നാണ് രാഹുല്‍ കരുതിയത്. സൂര്യ അനായാസമായാണ് ആദ്യ റണ്‍സ് പൂര്‍ത്തിയാക്കിയത്. രണ്ടാമത്തെ റണ്‍സിനായി കൃത്യമായ കോള്‍ അവിടെ ഉണ്ടായില്ല. അതാണ് പാതിവഴിയില്‍ എത്തിയപ്പോള്‍ രാഹുലിന് ആശയക്കുഴപ്പം ഉണ്ടായത്' -ഗവാസ്‌കര്‍ പറഞ്ഞു. സൂര്യകുമാറും (64), കെ എല്‍ രാഹുലും (49) ചേര്‍ന്നാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 89 റണ്‍സ് കൂട്ടുകെട്ടാണ് 237 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications