IND vs WI: പരമ്പര നേടി, എന്നാല്‍ ഇന്ത്യയെ സന്തോഷിപ്പിക്കുന്നത് ഈ നേട്ടമല്ല, നാല് കാര്യങ്ങളിതാ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന നേട്ടം തന്നെയാണ്. ദക്ഷിണാഫ്രിക്കയിലെ നാണംകെട്ട തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് സാധിച്ചുവെന്ന് തന്നെ പറയാം. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും കൈയടി നേടുകയാണ്. സമീപകാലത്തായി ഇന്ത്യന്‍ ടീമിനുള്ളിലെ ഐക്യക്കുറവും പ്രശ്‌നങ്ങളും വലിയ ചര്‍ച്ചയായിരുന്നു. വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിലെ അലട്ടിയിരുന്നു.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ഇന്ത്യ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടിരിക്കുകയാണ്. ടീമെന്ന നിലയില്‍ ഒട്ടെക്കായി മുന്നേറാന്‍ ആദ്യ രണ്ട് മത്സരത്തിലൂടെ ഇന്ത്യക്ക് സാധിച്ചു. വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ ഭിന്നതയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ രണ്ട് പേരും ചേര്‍ന്ന് പദ്ധതികള്‍ മെനയുന്നതും ഒന്നിച്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതുമെല്ലാം വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ കണ്ടു. പരമ്പര നേട്ടത്തേക്കാളുപരിയായി ഇന്ത്യക്ക് സന്തോഷം നല്‍കുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

മധ്യനിരയുടെ പ്രകടനം മെച്ചപ്പെട്ടു
ഏകദിനത്തില്‍ ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം തലവേദന ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നാലാം നമ്പറില്‍ നിന്ന് യുവരാജ് സിങ് പടിയിറങ്ങിയതിന് ശേഷം മറ്റൊരു മികച്ച താരത്തെ ഇന്ത്യക്ക് കണ്ടെത്താനായിട്ടില്ലെന്ന് പറയാം. എന്നാല്‍ കെ എല്‍ രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുന്നു. സൂര്യകുമാര്‍ യാദവും മധ്യനിരയില്‍ ഇറങ്ങുന്നതോടെ ഇന്ത്യയുടെ മധ്യനിരയുടെ കരുത്ത് ഉയരുന്നു. രാഹുല്‍-സൂര്യകുമാര്‍ കൂട്ടുകെട്ടിനെ മധ്യനിരയില്‍ ഇന്ത്യക്ക് വിശ്വസിക്കാമെന്ന് ഈ പരമ്പരയിലൂടെ വ്യക്തമാകുന്നു. ഇത് ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

പേസ് ബൗളിങ്ങിലേക്ക് സിറാജും പ്രസിദ്ധും
സമീപകാലത്തെ ഇന്ത്യയുടെ ഏകദിനത്തിലെ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ഏറ്റവും നിരാശയുണ്ടാക്കുന്നത് പേസ് ബൗളിങ് നിരയാണ്. ജസ്പ്രീത് ബുംറയടക്കം ഇന്ത്യയുടെ പ്രമുഖ പേസര്‍മാരൊന്നും ഏകദിനത്തില്‍ വലിയ മികവ് കാട്ടാത്തവരാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടേ പേസ് നിരയുടെ കരുത്തുയര്‍ത്താന്‍ കെല്‍പ്പുള്ളവരായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും വളരുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. രണ്ട് പേരും പരമ്പരയില്‍ മികച്ച ഫോമിലാണ്. വരുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന തരത്തിലാണ് രണ്ട് പേസര്‍മാരും വളരുന്നത്. ഇത് ഈ പരമ്പരയിലൂടെ ഇന്ത്യക്ക് ലഭിച്ച നേട്ടമാണ്.

വാഷിങ്ടണ്‍ സുന്ദറെന്ന ഓള്‍റൗണ്ടര്‍
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യക്ക് പരിമിത ഓവറില്‍ മികച്ച ഓള്‍റൗണ്ടറെ കണ്ടെത്താനാവാത്ത അവസ്ഥയായിരുന്നു. എന്നാല്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനം ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. ന്യൂബോളില്‍ മാത്രമല്ല ഡെത്ത് ഓവറിലും മികവ് കാട്ടാന്‍ അദ്ദേഹത്തിനാവുന്നു. നായകന്റെ മനസിനൊത്ത് സഞ്ചരിക്കാനും വിക്കറ്റുകള്‍ വീഴ്ത്താനും സുന്ദറിന് സാധിക്കുന്നുണ്ട്. കൂടാതെ മധ്യനിരയില്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സ് നേടാനും സുന്ദറിന് കഴിയുന്നു. സുന്ദറിന്റെ ഓള്‍റൗണ്ടറെന്ന നിലയിലെ വളര്‍ച്ച ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.

ടീമിന്റെ ഐക്യം മെച്ചപ്പെട്ടു
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം താരങ്ങള്‍ തമ്മിലുള്ള ഐക്യക്കുറവായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ടീമിന്റെ ഐക്യം ഉയര്‍ന്നു. രോഹിത് ശര്‍മ എന്ന നായകന് കീഴില്‍ വിരാട് കോലിയും സംതൃപ്തിയോടെ കളിക്കുന്നുണ്ടെന്നത് ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്നതാണ്. ഇതേ ഐക്യത്തോടെ മുന്നോട്ട് പോകേണ്ടത് വരുന്ന പരമ്പരകളിലും വളരെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications