IND vs WI Odi: ഇഷാന്‍ വേണ്ട, ബിഷ്‌നോയ്ക്ക് അരങ്ങേറ്റം, ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ച് ജാഫര്‍

മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് നാളെ അഹമ്മദാബാദില്‍ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്. ഇന്ത്യ തങ്ങളുടെ 1000ാമത്തെ ഏകദിനം കളിക്കാനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ടി20 പരമ്പര വിജയിച്ചെത്തുന്ന വെസ്റ്റ് ഇന്‍ഡീസിനെ കീഴ്‌പ്പെടുത്തുക എളുപ്പമാവില്ല. ഇന്ത്യക്കെതിരേ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് വെസ്റ്റ് ഇന്‍ഡീസ്.
കോവിഡ് ബാധിച്ച് ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ ചില താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും അതിന് ഉത്തമ പകരക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് തന്നെ പറയാം. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയില്‍ നാണംകെട്ട ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പര അഭിമാന പ്രശ്‌നമാണ്. ഇപ്പോഴിതാ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

രോഹിത് ശര്‍മ സ്ഥിരം നായകനായി എത്തിയ ശേഷമുള്ള ആദ്യത്തെ പരമ്പരയാണിത്. പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്ത രോഹിത്ത് ഓപ്പണിങ്ങിലിറങ്ങുമെന്നുറപ്പ്. രോഹിത്തിനൊപ്പം ശിഖര്‍ ധവാനോ, റുതുരാജ് ഗെയ്ക് വാദോ ഓപ്പണറാവേണ്ടതായിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്കും കോവിഡ് ബാധിച്ചതിനാല്‍ ഓപ്പണിങ്ങിലേക്ക് പകരക്കാരനായെത്തിയ മായങ്ക് അഗര്‍വാള്‍ രോഹിത്തിനൊപ്പം ഓപ്പണറാവണമെന്നാണ് ജാഫര്‍ പറയുന്നത്. പൃഥ്വി ഷാ ടീമിലില്ലാത്തതും ജാഫര്‍ ചൂണ്ടിക്കാട്ടി.
മൂന്നാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ ഇറങ്ങും. ഏറെ നാളുകളായി സെഞ്ച്വറി നേടാനാവാതെ വിഷമിക്കുന്ന കോലി കാത്തിരിപ്പിന് വിരാമമിടുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞ കോലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനാണ് ജാഫര്‍ അവസരം നല്‍കുന്നത്. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ റിഷഭിന് ഇതുവരെ ഏകദിനത്തില്‍ സെഞ്ച്വറി നേടാനായിട്ടില്ല. ചരിത്ര മത്സരത്തിലൂടെത്തന്നെ റിഷഭ് ഈ നേട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.

അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇറക്കണമെന്ന് നിര്‍ദേശിച്ച വസിം ജാഫര്‍ ആറാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെയാണ് നിര്‍ദേശിച്ചത്. പരിക്കേറ്റ് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന സുന്ദര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെയാണ് തിരിച്ചെത്തുന്നത്. ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനാണ് അവസരം. ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയില്‍ മധ്യനിരയില്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം നടത്താന്‍ ശര്‍ദുലിനായിരുന്നു.
എട്ടാമനായി മറ്റൊരു പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനാണ് അവസരം. ദക്ഷിണാഫ്രിക്കയില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ കൈയടി നേടാന്‍ ചഹാറിനായിരുന്നു. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനെ ജാഫര്‍ പരിഗണിച്ചില്ല. എട്ടാം നമ്പറില്‍ രവി ബിഷ്‌നോയെയാണ് ജാഫര്‍ തിരഞ്ഞെടുത്തത്. യുവ സ്പിന്നര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മികച്ചൊരു സ്പിന്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ടീമില്‍ അത്യാവശ്യമാണ്.

10ാം നമ്പറില്‍ പേസര്‍ മുഹമ്മദ് സിറാജിനും 11ാമനായി യുസ്‌വേന്ദ്ര ചഹാലിനെയുമാണ് ജാഫര്‍ തിരഞ്ഞെടുത്തത്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ജാഫര്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സമീപകാലത്തായി ഏകദിനത്തില്‍ ഇന്ത്യയുടെ ബൗളിങ് പ്രകടനം വളരെ മോശമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ മെച്ചപ്പെടുത്തേണ്ടതും ഇതുതന്നെയാണ്. ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത് തിരിച്ചടിയാവുമോയെന്നത് കണ്ടറിയാം.
പ്ലേയിങ് 11: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications