IND vs WI: ചരിത്ര മത്സരത്തിന് ഇന്ത്യ തയ്യാര്‍, കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളുമിതാ

അഹമ്മദാബാദ്: ഏകദിനത്തില്‍ 1000 മത്സരം കളിക്കുന്ന ആദ്യത്തെ ടീമെന്ന ചരിത്ര നേട്ടത്തിനരികെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാളെ (6-2-2022) നടക്കുന്ന ഒന്നാം ഏകദിനത്തിലൂടെയാണ് ഇന്ത്യ ഈ ചരിത്ര നേട്ടത്തിലേക്കെത്തുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ശേഷം അത്ര തന്നെ മത്സരങ്ങള്‍ ഉള്‍പ്പെട്ട ടി20 പരമ്പരയും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കും. ഇന്ത്യയെ സംബന്ധിച്ച് 1000ാമത്തെ മത്സരം ജയിക്കുകയെന്നത് ചരിത്രത്തില്‍ പേരുചേര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ്. എന്നാല്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല.
ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ തിരിച്ചുവരേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മയെ ഏകദിനത്തില്‍ മുഴുവന്‍ സമയ നായകനാക്കിയ ശേഷം നടക്കുന്ന ആദ്യത്തെ പരമ്പരയെന്ന നിലയിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരം ശ്രദ്ധ പിടിച്ചുപറ്റുന്നു. കോവിഡ് ബാധിതരായി ചില താരങ്ങള്‍ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ശക്തമായ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. നിരവധി റെക്കോഡുകളും നാഴികക്കല്ലുകളും മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്നറിയാം.

ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന് പ്ലേയിങ് 11ല്‍ സ്ഥാനം ഉറപ്പാണ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 100 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിടാന്‍ ചഹാലിനാവും. ഇന്ത്യയുടെ 1000ാമത്തെ മത്സരത്തിലൂടെത്തന്നെ ചഹാല്‍ ഈ നേട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. വെസ്റ്റ് ഇന്‍ഡീസിന്റെ ഡാരന്‍ ബ്രാവോ നാല് ബൗണ്ടറി കൂടി നേടിയാല്‍ ഏകദിനത്തില്‍ 250 ബൗണ്ടറികളെന്ന നേട്ടത്തിലെത്താന്‍ സാധിക്കും.

രോഹിത് ശര്‍മ-വിരാട് കോലി എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ടില്‍ ഒരു നാഴികക്കല്ല് കാത്തിരിക്കുന്നുണ്ട്. 94 റണ്‍സ് കൂടി നേടിയാല്‍ 5000 ഏകദിന റണ്‍സെന്ന നേട്ടത്തിലെത്താന്‍ കോലി-രോഹിത് കൂട്ടുകെട്ടിനാവും. നിലവില്‍ 4906 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ് രണ്ട് ബൗണ്ടറി കൂടി നേടിയാല്‍ ഏകദിനത്തില്‍ 300 ബൗണ്ടറികളെന്ന നേട്ടത്തിലെത്താനാവും. നിക്കോളാസ് പുരാന്‍ നാല് ബൗണ്ടറികൂടി നേടിയാല്‍ 100 ഏകദിന ബൗണ്ടറിയെന്ന നാഴികക്കല്ലും പിന്നിടും.

റിഷഭ് പന്ത് 12 റണ്‍സ് കൂടി നേടിയാല്‍ മൂന്ന് ഫോര്‍മാറ്റിലുമായി 3000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടും. നിലവില്‍ 2988 റണ്‍സാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ പേരിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡര്‍ 46 റണ്‍സ് കൂടി നേടിയാല്‍ 2000 ഏകദിന റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാനാവും. അഞ്ച് ബൗണ്ടറി നേടിയാല്‍ ഏകദിനത്തില്‍ 150 ബൗണ്ടറി പൂര്‍ത്തിയാക്കാനും ഹോള്‍ഡറിനാവും. വിരാട് കോലി ആറ് റണ്‍സുകൂടി നേടിയാല്‍ തട്ടകത്തില്‍ 5000 ഏകദിന റണ്‍സെന്ന നേട്ടത്തിലെത്താനാവും. ഫാബിയന്‍ അലന്‍ ആദ്യ മത്സരത്തിലൂടെ 50 അന്താരാഷ്ട്ര മത്സരമെന്ന നാഴികക്കല്ല് പിന്നിടും.

ശിഖര്‍ ധവാന്‍, അക്ഷര്‍ പട്ടേല്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരാണ് കോവിഡ് ബാധിച്ച് ടീമിന് പുറത്തായ പ്രധാന താരങ്ങള്‍. പകരക്കാരായി മായങ്ക് അഗര്‍വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ ആദ്യ ഏകദിനം കളിക്കില്ല. ജസ്പ്രീത് ബുംറക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications