Ind vs Wi: 2013ല്‍ ധോണി രോഹിത്തിനെ ഓപ്പണറാക്കി, ഇന്ന് രോഹിത്ത് റിഷഭിനെയും, ക്ലിക്കാവുമോ?

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ശരിക്കും ആരാധകര്‍ സര്‍പ്രൈസായി. രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ക്രീസിലെത്തിയത് റിഷഭ് പന്ത്. ഇന്ത്യയുടെ മധ്യനിര താരമായ റിഷഭിനെ ഓപ്പണറാക്കിയത് തികച്ചും അപ്രതീക്ഷിത നീക്കം തന്നെയായിരുന്നു. കെ എല്‍ രാഹുല്‍ ടീമിലുണ്ടായിട്ടും ഇന്ത്യ എന്തിനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയതെന്നതാണ് എല്ലാവരും ചിന്തിച്ചത്.
2013ല്‍ എംഎസ് ധോണി എന്താണോ ചെയ്തത് അത് തന്നെയാണ് 2022ല്‍ രോഹിത് ശര്‍മയും ചെയ്തിരിക്കുന്നത്. 2013ലാണ് മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത് ശര്‍മയെ നായകനായിരുന്ന ധോണി ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചത്. അത് ചരിത്ര തീരുമാനമായി. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറാന്‍ രോഹിത്തിനായി. മൂന്ന് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ ആരാധകരെ അത്ഭുതപ്പെടുത്തിയ പല പ്രകടനങ്ങളും രോഹിത്തിന് നടത്താന്‍ സാധിച്ചത് അന്ന് ധോണിയുടെ നിര്‍ണ്ണായക തീരുമാനത്തിന്റെ പിന്‍ബലത്തിലാണ്.

2022ല്‍ രോഹിത്ത് നായകനായപ്പോള്‍ റിഷഭിനെ ഓപ്പണറാക്കിയപ്പോള്‍ പരിഹാസങ്ങളും ട്രോളുകളും ഉയരുന്നുണ്ട്. എന്നാല്‍ നാളെ ചിലപ്പോള്‍ ചരിത്രം രചിക്കാന്‍ സാധിക്കുന്ന മാറ്റമായി ഇത് മാറാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടം കൈയന്‍ ഓപ്പണറായി നാളെ റിഷഭ് മാറില്ലെന്ന് പറയാനാവില്ല. ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിനെപ്പോലെ വെടിക്കെട്ട് ഇടം കൈയന്‍ ഓപ്പണറായി മാറാനുള്ള പ്രതിഭ റിഷഭിനുണ്ട്.
ടെസ്റ്റില്‍ റിഷഭിന്റെ സ്ഥാനം നിലവില്‍ ചോദ്യം ചെയ്യപ്പെടില്ലെങ്കിലും പരിമിത ഓവറില്‍ കാര്യങ്ങള്‍ താരത്തിനെളുപ്പമല്ല. നിലവില്‍ മധ്യനിരയിലാണ് അദ്ദേഹത്തിന് സ്ഥാനം. പ്രതീക്ഷക്കൊത്ത് വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ ഇക്കാലയളവില്‍ റിഷഭിന് സാധിച്ചിട്ടില്ല. ടീമിലെ സ്ഥാനമടക്കം ചോദ്യം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നായകനെന്ന നിലയില്‍ രോഹിത്ത് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. പലരുടെയും നെറ്റിചുളിപ്പിക്കുന്ന തീരുമാനമായിരുന്നു ഇതെങ്കിലും ഭാവിയില്‍ ക്ലിക്കാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇന്നത്തെ ഓപ്പണിങ് കൂട്ടുകെട്ടിന് മറ്റൊരു സവിശേഷതകൂടിയുണ്ട്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ നായകനും വിക്കറ്റ് കീപ്പറും കൂടി ഒരു ഏകദിന ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത് വീരേന്ദര്‍ സെവാഗായിരുന്നു. ഓപ്പണറായ സെവാഗിനൊപ്പം അന്ന് ഇറങ്ങിയത് വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേലായിരുന്നു. ഇപ്പോഴിതാ 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നായകനായ രോഹിത്തിനൊപ്പം വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ഓപ്പണറായി ഇറങ്ങിയിരിക്കുന്നത്.
റിഷഭിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തെ തെറ്റാണെന്ന് പറയാനാവില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവിശ്യം ഇന്ത്യക്കില്ല. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക് വാദ്, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഓപ്പണിങ്ങിലേക്ക് അവസരം തേടുന്നുണ്ട്. ഈ അവസരത്തില്‍ റിഷഭ് പന്തിനെ ഓപ്പണറാക്കേണ്ട ആവിശ്യമുണ്ടെന്ന് കരുതാനാവില്ല. എന്നാല്‍ ചിലപ്പോള്‍ റിഷഭിന്റെ കരിയറെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള തീരുമാനമായി ഇത് മാറാനും സാധ്യതകളുണ്ട്.

രോഹിത് ശര്‍മ ഇന്ത്യയുടെ വലം കൈയന്‍ ഓപ്പണറാണ്. ശിഖര്‍ ധവാന്‍ ഇടം കൈയന്‍ ഓപ്പണറാണ്. എന്നാല്‍ 36കാരനായ ധവാന് ഇനിയും അധികനാള്‍ തുടരാനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ഓപ്പണറെ കണ്ടെത്തേണ്ടതായുണ്ട്. റിഷഭിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്നാല്‍ മികച്ചൊരു ഇടം കൈയന്‍ ഓപ്പണറെ ലഭിക്കും. ഇത് മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു നീക്കം ഇന്ത്യ നടത്തിയതെന്ന് പറയാം. ധോണിയുടെ തീരുമാനം രോഹിത്തിന്റെ കരിയര്‍ മാറ്റിമറിച്ചതുപോലെ രോഹിത്തിന്റെ തീരുമാനം റിഷഭിന്റെ കരിയര്‍ മാറ്റിമറിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications