ശിഖര്‍ ധവാന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കായി ശ്രീലങ്കയിലെത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ടീമിനെ മാലയിട്ട് സ്വീകരിക്കാന്‍ ആരും തന്നെയില്ലായിരുന്നു ഹോട്ടലിനു മുന്നില്‍ ഇല്ലായിരുന്നു. സാധാരണക്കാരെപ്പോലെ ടീം ബസില്‍ നിന്നിറങ്ങി താരങ്ങള്‍ ഹോട്ടലിനകത്തേക്കു കയറുന്ന ഫോട്ടോ ബിസിസിഐ ട്വിറ്ററിലൂടം പങ്കുവച്ചിട്ടുണ്ട്.

കൊളംബോയിലെ താജ് സമുദ്ര ഹോട്ടലിലാണ് ടീമിനു താമസമൊരുക്കിയിരിക്കുന്നത്. മൂന്നു ദിവസം താരങ്ങള്‍ ഇവിടെ ക്വാറന്റീനില്‍ കഴിയും. ലങ്കയിലെ കൊവിഡ് സാഹചര്യം അത്ര ആശ്വാസം പകരുന്നതല്ല. അതുകൊണ്ടു തന്നെ ശക്തമായ നിയന്ത്രണങ്ങളാണ് എല്ലായിടത്തുമുള്ളത്. അതിനാല്‍ ടീം ബസില്‍ ഹോട്ടലിലെത്തിയ തങ്ങളുടെ പ്രിയ താരങ്ങളെ ഒരുനോക്ക് കാണാനും ആര്‍പ്പുവിളിക്കാനും ആരും തന്നെയില്ലായിരുന്നു.
മാലയിട്ട് സ്വീകരിക്കുന്ന ചടങ്ങ് അവിടെ നില്‍ക്കട്ടെ, തങ്ങള്‍ക്കു കളിക്കാരെ ശരിക്കൊന്നു നോക്കാന്‍ പോലും കഴിഞ്ഞില്ലെന്നു ഹോട്ടല്‍ മാനേജര്‍ വ്യക്തമാക്കി.
താരങ്ങള്‍ തങ്ങളുടെ ഹോട്ടലില്‍ താമസിക്കുന്നത് വലിയ അംഗീകാരമായാണ് കാണുന്നത്. ശക്തമായ ബയോ ബബ്‌ളാണ് താരങ്ങള്‍ക്കു ഇവിടെ ഒരുക്കിയിരിക്കുന്നത്. അവര്‍ക്കു ഭക്ഷണമെത്തിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സ്റ്റാഫുകളായിരിക്കും. ഇവരും ഹോട്ടലില്‍ തന്നെയാണ് താമസിക്കുക. ഹോട്ടലിലെ ചില പ്രത്യക സ്ഥലങ്ങള്‍ വച്ചു മാത്രമേ താരങ്ങള്‍ക്കു ഭക്ഷണം നല്‍കുകയുള്ളൂവെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ലങ്കയില്‍ ഇന്ത്യ കളിക്കുന്നത്. ജൂലൈ 13നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ധവാനു കീഴില്‍ നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. നിരവധി പുതുമുഖങ്ങളും 20 പേരുള്‍പ്പെടുന്ന ഇന്ത്യന്‍ സംഘത്തിലുണ്ട്. മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. വിരാട് കോലിക്കു കീഴില്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനത്തിലായി ലങ്കയിലേക്കു മറ്റൊരു സംഘത്തെ ഇന്ത്യ തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയില്‍ രണ്ടാഴ്ചയോളം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമായിരുന്നു ടീം ലങ്കയിലേക്കു വിമാനം കയറിയത്. മുംബൈയിലെ ഒരു ഹോട്ടലിലായിരുന്നു താരങ്ങളും കോച്ചിങ് സംഘവും താമസിച്ചിരുന്നത്. അതേസമയം, ലങ്കന്‍ ടീം നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ്. ജൂലൈ അഞ്ചിനായിരിക്കും അവര്‍ തിരിച്ചെത്തുക. മടങ്ങിയെത്തിയ ശേഷം അവര്‍ ലങ്കയില്‍ ക്വാറന്റീനില്‍ കഴിയും.