Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: ഹീറോയായി ചഹര്‍, കൂട്ടിനു സൂര്യയും- ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യക്കു പരമ്പര

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യക്കു മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ വാലറ്റത്ത് പേസര്‍ ദീപക് ചഹറിന്റെ (69*) കന്നി ഫിഫ്റ്റിയാണ് നാടകീയ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കി. അപ്രസക്തമായ അവസാനത്തെ മല്‍സരം വ്യാഴാഴ്ച ഇതേ വേദിയില്‍ നടക്കും. സ്‌കോര്‍: ശ്രീലങ്ക ഒമ്പതിന് 275, ഇന്ത്യ 49.1 ഓവറില്‍ ഏഴു വിക്കറ്റിന് 277.

1

ആദ്യം ബാറ്റ് ചെയ്ത ലങ്ക ഇന്ത്യക്കു 276 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് നല്‍കിയത്. ഇന്ത്യയുടെ തുടക്കം പാളുകയും ചെയ്തു. കഴിഞ്ഞ മല്‍സരത്തില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പൃഥ്വി ഷാ (13), ഇഷാന്‍ കിഷന്‍ (1) എന്നിവരെ തുടക്കത്തില്‍ നഷ്ടമായതോടെ ഇന്ത്യ രണ്ടിന് 39 റണ്‍സെന്ന നിലയില്‍ പതറി. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ (53) കന്നി ഫിഫ്റ്റിയും ക്രുനാല്‍ പാണ്ഡ്യ (35) എന്നിവരുടെ ഇന്നിങ്‌സുകളും ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടു വന്നു.

2

ടീം സ്‌കോര്‍ 193ല്‍ വച്ച് ഏഴാമനായി ക്രുനാല്‍ പുറത്തായപ്പോള്‍ ലങ്ക വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീടായിരുന്നു ചഹറിന്റെ അവിശ്വസനീയ ബാറ്റിങ് വിരുന്ന്. ഒരു ബാറ്റ്‌സ്മാന്റെ പക്വതയോടെ ലങ്കന്‍ ബൗളര്‍മാരെ നേരിട്ട അദ്ദേഹം ഇന്ത്യയെ അപ്രതീക്ഷിത വിജയത്തിലേക്കു നയിച്ചു. അപരാജിതമായ എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ (19*) കൂട്ടുപിടിച്ച് ചഹര്‍ അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. 82 ബോളില്‍ ഏഴു ബൗണ്ടറികളം ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ചഹറിന്റെ ഇന്നിങ്‌സ്.

44 ബോളില്‍ ആറു ബൗണ്ടറികളോടെയായിരുന്നു കരിയറിലെ രണ്ടാം ഏകദിനത്തില്‍ സൂര്യ കന്നി ഫിഫ്റ്റി കണ്ടെത്തിയത്. നായകന്‍ ശിഖര്‍ ധവാന്‍ (29), മനീഷ് പാണ്ഡെ (37) എന്നിവര്‍ക്കു മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും ഇവ വലിയ ഇന്നിങ്‌സുകളിലേക്കു മാറ്റാനായില്ല. ഇഷാനെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യയാണ് (0) ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഫ്‌ളോപ്പായ മറ്റൊരു താരം.

3

18ാം ഓവറില്‍ അഞ്ചാമനായി ഹാര്‍ദിക് പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 116 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്നാണ് കളിയില്‍ വഴിത്തിരിവായ കൂട്ടുകെട്ട് പിറക്കുന്നത്. ആറാം വിക്കറ്റില്‍ സൂര്യ-ക്രുനാല്‍ ജോടി 44 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ 150 കടത്തി. 160ല്‍ വച്ച് സൂര്യ പുറത്തായെങ്കിലും ഏഴാം വിക്കറ്റില്‍ ക്രുനാല്‍-ചഹര്‍ ജോടി 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്രുനാലിന്റെ പുറത്താവല്‍ കളി ലങ്കയ്ക്കു അനുകൂലമാക്കുമെന്നു കരുതിയെങ്കിലും ചഹറിന്റെ പോരാട്ടവീര്യം ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ബാറ്റിങിനോടൊപ്പം രണ്ടു വിക്കറ്റുമായി ബൗളിങിലും ചഹര്‍ തിളങ്ങിയിരുന്നു. മൂന്നു വിക്കറ്റെടുത്ത വനിന്ദു ഹസരംഗയാണ് ലങ്കന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവില്‍ ഒമ്പതു വിക്കറ്റിനാണ് 275 റണ്‍സെടുത്തത്. ചരിത് അസലന്‍ക (65), ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ(50) എന്നിവരുടെ ഫിഫ്റ്റികളാണ് ആതിഥേയരുടെ ഇന്നിങ്‌സിനു കരുത്തായത്. വാലറ്റത്ത് 33 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ പുറത്താവാതെ 44 റണ്‍സെടുത്ത ചമിക കരുണരത്‌നെയുടെ ഇന്നിങ്‌സും ലങ്കയെ മികച്ച ടോട്ടലിലെത്തിച്ചു.

4

68 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് അസലന്‍ക ലങ്കയുടെ ടോപ്‌സ്‌കോററായത്.ഏകദിനത്തില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. ഫെര്‍ണാണ്ടോ 71 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 50 റണ്‍സെടുത്തത്. മിനോദ് ഭനൂക്ക (36), ധനഞ്ജയ ഡിസില്‍വ (32) എന്നിവരാണ് ലങ്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഭാനുക രാജപക്‌സെ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക 16 റണ്‍സെടുത്തു പുറത്തായി. മൂന്നു വിക്കറ്റ് വീതമെടുത്ത ഭുവനേശ്വര്‍ കുമാറും യുസ്വേന്ദ്ര ചഹലുമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍പിടിച്ചത്. ദീപക് ചഹറിനു രണ്ടു വിക്കറ്റ് ലഭിച്ചു.

ലങ്കയ്ക്കു തകര്‍പ്പന്‍ തുടക്കമാണ് ഫെര്‍ണാണ്ടോ- ഭനൂക്ക സഖ്യം ചേര്‍ന്നു നല്‍കിയത്. പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബൗളിങ് നിരയെ ഒരു കൂസലുമില്ലാതെ അവര്‍ നേരിട്ടു. ഓപ്പണിങ് വിക്കറ്റില്‍ 77 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിരുന്നു. ഭീഷണിയുയര്‍ത്തി ഈ ജോടി മുന്നേറവെയാണ് ചഹല്‍ ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ആദ്യ ഏകദിനത്തിലും ടീമിനു ബ്രേക്ക്ത്രൂ സമ്മാനിച്ചത് അദ്ദേഹമായിരുന്നു. മിനോദ് ഭനുക്കയെ ചഹല്‍ പാണ്ഡെയ്ക്കു സമ്മാനിച്ചു. 42 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു വിക്കറ്റ് കീപ്പര്‍ കൂടിയായ താരത്തിന്റെ ഇന്നിങ്‌സ്. തൊട്ടടുത്ത ബോളില്‍ തന്നെ പുതുതായി ക്രീസിലെത്തിയ രാജപക്‌സെയെ ചഹല്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചത്. ലങ്ക രണ്ടിന് 77.

മൂന്നാം വിക്കറ്റില്‍ ഫെര്‍ണാണ്ടോ-ഡിസില്‍വ ജോടി 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ലങ്കയെ ഇരട്ട പ്രഹരത്തിന്റെ ഷോക്കില്‍ നിന്നും കരകയറ്റി. ഓപ്പണിങ് വിക്കറ്റിലെ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിനു ശേഷം ലങ്കന്‍ ഇന്നിങ്‌സില്‍ മറ്റൊരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് കണ്ടത് ഏഴാം വിക്കറ്റിലായിരുന്നു. അസലെന്‍ക-കരുണരത്‌നെ ജോടി ചേര്‍ന്നെടുത്ത 50 റണ്‍സാണ് ലങ്കയെ 250 കടത്തിയത്. ടീം സ്‌കോര്‍ 194ല്‍ വച്ചായിരുന്നു ഇരുവരും ക്രീസില്‍ ഒന്നിച്ചത്. 244ല്‍ നില്‍ക്കെ അസലന്‍ക പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. അവസാനത്തെ അഞ്ചോവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ലങ്ക 46 റണ്‍സാണ് നേടിയത്.

ആദ്യ മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഇതോടെ പരിക്കില്‍ നിന്നും മോചിതനായി എത്തിയ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. മറുഭാഗത്തു ലങ്കന്‍ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ഇസുരു ഉദാനയ്ക്കു പകരം അവര്‍ കസുന്‍ രജിതയെ കളിപ്പിച്ചു.

പരിക്കിനെ തുടര്‍ന്നു ആദ്യ ഏകദിനത്തില്‍ നിന്നും സഞ്ജുവിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. തുടര്‍ന്നായിരുന്നു ഇഷാന്‍ ടീമിലേക്കു വന്നത്. എന്നാല്‍ ഇന്നത്തെ കളിക്കു മുമ്പ് സഞ്ജു പരിക്കില്‍ നിന്നും മുക്തനായിരുന്നെങ്കിലും കഴിഞ്ഞ കളിയില്‍ മിന്നുന്ന ബാറ്റിങ് കാഴ്ചവച്ച ഇഷാനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍.

IND vs SL Live 2nd ODI Live: Sri Lanka win toss, opt to bat first

ശ്രീലങ്ക-അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭനുക്ക (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലന്‍ക, വനിന്ദു ഹസരംഗ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), കസുന്‍ രജിത, ചാമിക കരുണരത്നെ, ലക്ഷണ്‍ ശണ്ഡകന്‍, ദുഷ്മന്ത ചമീര.

Story first published: Tuesday, July 20, 2021, 23:38 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+