
112 റണ്‍സ് (2017, ധര്‍മശാല)
2017 ഡിസംബറില്‍ ധര്‍മശാലയില്‍ നടന്ന ഏകദിന മല്‍സരത്തില്‍ ഇന്ത്യ വെറും 112 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ടോസ് ലഭിച്ച ലങ്കന്‍ ക്യാപ്റ്റന്‍ തിസാര പെരേര ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. 17ാം ഓവറില്‍ ഏഴു വിക്കറ്റിന് 29 റണ്‍സിലേക്കു ഇന്ത്യ കൂപ്പുകുത്തി. എന്നാല്‍ എംഎസ് ധോണിയുടെ (65) ഇന്നിങ്‌സ് ഇന്ത്യയെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചു.
കുല്‍ദീപ് യാദവ് (19), ഹാര്‍ദിക് പാണ്ഡ്യ (10) എന്നിവരായിരുന്നു രണ്ടക്കം കടന്ന മറ്റുള്ളവര്‍. സുരംഗ ലക്മല്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളെടുത്തു. വിജയലക്ഷ്യം വെറും 30 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടക്കുകയും ചെയ്തു.

103 റണ്‍സ് (2008, കൊളംബോ)
2008ലെ ലങ്കന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ഇന്ത്യ 103 റണ്‍സിനാണ് ഓള്‍ഔട്ടായത്. ടോസിനു ശേഷം ലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെ ബാറ്റ് ചെയ്യുകയായിരുന്നു. ആറു വിക്കറ്റിന് 227 റണ്‍സ് അവര്‍ നേടുകയും ചെയ്തു. മഴയെ തുടര്‍ന്നു കുറച്ചു ഓവര്‍ നഷ്ടമായതോടെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 44 ഓവറില്‍ 216 ആയി പുനര്‍ നിശ്ചയിച്ചു.
ഇന്ത്യയുടെ തുടക്കം മോശമായിരുന്നില്ല. 15 ഓവറില്‍ രണ്ടിന് 70 റണ്‍സെന്ന നിലയിലായിരുന്നു ടീം. എന്നാല്‍ അടുത്ത എട്ടു വിക്കറ്റുകള്‍ വെറും 33 റണ്‍സിന് കളഞ്ഞുകുളിച്ച ഇന്ത്യ 103 റണ്‍സിനു കൂടാരംകയറി.
വിരാട് കോലി (31), യുവരാജ് സിങ് (17), ഗൗതം ഗംഭീര്‍ (11), സുരേഷ് റെയ്‌ന (10) എന്നിവര്‍ക്കാണ് രണ്ടക്കം കടക്കാനായത്. നുവാന്‍ കുലശേഖരയും അജന്ത മെന്‍ഡിസും നാലു വിക്കറ്റുകള്‍ വീതമെടുത്തു.

103 റണ്‍സ് (2010, കൊളംബോ)
2010ല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യ ഇതേ സ്‌കോറിന് ഓള്‍ഔട്ടായിട്ടുണ്ട്. മല്‍സരം നടന്നത് കൊളംബോയിലായിരുന്നു. അഞ്ചാം ഏകദിനത്തില്‍ ടോസിനു ശേഷം നായകന്‍ എംഎസ് ധോണി ബാറ്റിങായിരുന്നു തിരഞ്ഞെടുത്തത്.
യുവരാജ് സിങിനൊഴികെ (38) ആര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. 103 റണ്‍സിനു ഇന്ത്യ കൂടാരംകയറുകയും ചെയ്തു. 28 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത തിസാര പെരേരയാണ് ഇന്ത്യയെ തകര്‍ത്തത്. ലസിത് മലിങ്കയും നുവാന്‍ കുലശേഖരയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 35 ഓവറുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക ഈ സ്‌കോര്‍ മറികടന്ന് വിജയം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

78 റണ്‍സ് (1986, കാണ്‍പൂര്‍)
1986ല്‍ കാണ്‍പൂരില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യയെ 100 റണ്‍സ് പോലും തികയ്ക്കാന്‍ ലങ്ക അനുവദിച്ചില്ല. കപില്‍ ദേവായിരുന്നു അന്നു ഇന്ത്യന്‍ നായകന്‍. ടോസിനു ശേഷം അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടു വിക്കറ്റിന് 195 റണ്‍സില്‍ ലങ്കയെ ഒതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.
പക്ഷെ ലങ്കന്‍ മറുപടി ഭീകരമായിരുന്നു. ഇന്ത്യയെ വെറും 78 റണ്‍സില്‍ എറിഞ്ഞിട്ട് അവര്‍ 117 റണ്‍സിന്റെ വന്‍ വിജയം സ്വന്തമാക്കി. കെ ശ്രീകാന്ത് (17), ദിലിപ് വെങ്‌സാര്‍ക്കര്‍ (15) എന്നിവരൊഴികെ ആരും രണ്ടക്കത്തിലെത്തിയില്ല. 14 റണ്‍സിനു നാലു വിക്കറ്റെടുത്ത അര്‍ജുന രണതുംഗയായിരുന്നു ഇന്ത്യയുടെ അന്തകനായത്.

54 റണ്‍സ് (2000, ഷാര്‍ജ)
2000ല്‍ ഷാര്‍ജയില്‍ വച്ചായിരുന്നു ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ലങ്കയ്‌ക്കെതിരേ ഇന്ത്യയെ നേരിട്ടത്. 86ലെ നാണക്കേടിന്റെ റെക്കോര്‍ഡ് അന്നു തിരുത്തപ്പെട്ടു. വെറും 54 റണ്‍സിനായിരുന്നു ഇന്ത്യ ഷാര്‍ജയില്‍ കൂടാരംകയറിയത്.
ചാംപ്യന്‍സ് ട്രോഫി ഫൈനലിലായിരുന്നു ഇന്ത്യന്‍ ദുരന്തം. ലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ ആദ്യം ബാറ്റിങെടുക്കുകയായിരുന്നു. അഞ്ചു വിക്കറ്റിന് 299 റണ്‍സെന്ന മികച്ച ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി. നായകന്റെ ഇന്നിങ്‌സ് കളിച്ച ജയസൂര്യ വാരിക്കൂട്ടിയത് 189 റണ്‍സായിരുന്നു.
മറുപടിയില്‍ ഇന്ത്യ വെറും 54 റണ്‍സിനു പുറത്തായി. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലും ഇതു തന്നെയാണ്. റോബിന്‍ സിങൊഴികെ (11) ആരും ഇന്ത്യന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയില്ല. 14 റണ്‍സിന് അഞ്ചും ആറു റണ്‍സിന് മൂന്നും വിക്കറ്റുകളെടുത്ത ചാമിന്ദ വാസും മുത്തയ്യ മുരളീധരനും ചേര്‍ന്ന് ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു.


Click it and Unblock the Notifications











