INDvSL: സഞ്ജു സൂക്ഷിച്ചോ! ഇഷാന്‍ തുടങ്ങിക്കഴിഞ്ഞു- ടി20ക്കു പിറകെ ഏകദിന അരങ്ങേറ്റത്തിലും ഫിഫ്റ്റി
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള കേരള വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ തിരിച്ചുവരവ് കടുപ്പമാവും. ആദ്യ ഏകദിനത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി കസറിയതോടെയാണ് സഞ്ജുവിന്റെ സാധ്യതകള്‍ക്കു മങ്ങലേറ്റത്.
ഈ മല്‍സരത്തില്‍ സഞ്ജുവായിരുന്നു ഇന്ത്യക്കായി വിക്കറ്റ് കാക്കേണ്ടിയിരുന്നത്. എന്നാല്‍ കാല്‍മുട്ടിനേറ്റ ഉളുക്കിനെ തുടര്‍ന്നു അദ്ദേഹത്തിനു ഈ മല്‍സരത്തില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. ഇതോടെയാണ് ഇഷാന് പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

ഉത്തപ്പയുടെ റെക്കോര്‍ഡിനൊപ്പം
ഈ മല്‍സരത്തില്‍ ഫിഫ്റ്റിയടിച്ചതോടെ മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഇഷാന്‍. നേരത്തേ ഉത്തപ്പ മാത്രമേ ഇന്ത്യക്കു വേണ്ടി ടി20യിലും ഏകദിനത്തിലും കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയടിച്ചിട്ടുള്ളൂ.
ഈ വര്‍ഷം തന്നെയാണ് ഇഷാന്‍ ടി20യിലും ഇന്ത്യക്കായി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലായിരുന്നു ഫിഫ്റ്റിയോടെ താരം വരവറിയിച്ചത്.

വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി
ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനും ഇഷാന്‍ അര്‍ഹനായി. ഇന്നത്തെ കളിയില്‍ അര്‍ധസെഞ്ച്വറിയിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നത് വെറും 33 ബോളുകളായിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരേ മാര്‍ച്ചില്‍ നടന്ന അരങ്ങേറ്റ ഏകദിനത്തില്‍ 26 ബോളുകളിലായിരുന്നു ക്രുനാലിന്റെ ഫിഫ്റ്റി.

അന്നു ബൗണ്ടറി, ഇന്നു സിക്‌സര്‍
ടി20 അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരേ ബൗണ്ടറിയടിച്ചാണ് ഇഷാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ വരവ് ആഘോഷിച്ചതെങ്കില്‍ ഏകദിനത്തില്‍ ഇതു ഒരു പടി കൂടി കടന്നു. സിക്‌സറോടെയായിരുന്നു ഇഷാന്റെ തുടക്കം. പൃഥ്വി ഷാ കൊളുത്തിവച്ച വെടിക്കെട്ടിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു താരം ആരംഭിച്ചത്.
ആറാം ഓവറിലെ മൂന്നാമത്തെ ബോളില്‍ പൃഥ്വി പുത്തായ ശേഷമായിരുന്നു ഇഷാന്‍ ക്രീസിലെത്തിയത്. സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയ്‌ക്കെതിരേ ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സര്‍ പറത്തി. ഇതുകൊണ്ടും ഇഷാനു തൃപ്തിയായില്ല. തൊട്ടടുത്ത ബോള്‍ അദ്ദേഹം പോയിന്റിലൂടെ ബൗണ്ടറിയിലേക്കു പായിക്കുകയും ചെയ്തു.
ഇഷാന്റെ പിറന്നാള്‍ ദിനം കൂടിയായിരുന്നു ഇന്ന്. പിറന്നാള്‍ ദിവസം ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ വേഗമേറയ സ്‌കോര്‍ കൂടിയാണ് അദ്ദേഹം ലങ്കയ്‌ക്കെതിരേ നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (134), വിനോദ് കാംബ്ലി (100), നവജ്യോത് സിദ്ധു (93) എന്നിവരാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍.

സഞ്ജുവിന് ഇടം ലഭിക്കുമോ?
പരിക്കില്‍ നിന്നു മോചിതനായാലും ഇനി രണ്ടാം ഏകദിനത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമോയെന്ന കാര്യം ഉറപ്പില്ല. കാരണം പകരമെത്തിയ ഇഷാന്‍ തനിക്കു ലഭിച്ച അവസരം നന്നായി മുതലെടുത്താണ് ക്രീസ് വിട്ടത്. അതുകൊണ്ടു തന്നെ അടുത്ത കളിയിലും ഇഷാനെ നിലനിര്‍ത്താനായിരിക്കും ടീം മാനേജ്‌മെന്റ് ശ്രമിച്ചേക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications