Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: എല്ലാവരും ഫോമില്‍, ടി20 ലോകകപ്പില്‍ ആരെ തഴയും? ആകാശ് ചോപ്ര വിലയിരുത്തുന്നു

1

മുംബൈ: രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായ ശേഷം കളിച്ച മൂന്നാമത്തെ പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി തുടങ്ങിയ ഇന്ത്യ പിന്നാലെ ടി20 പരമ്പരയും വൈറ്റ് വാഷ് ചെയ്തു. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആധികാരിക ജയം തന്നെയാണ് ഇന്ത്യ നേടിയെടുക്കുന്നത്. എതിരാളികള്‍ക്ക് യാതൊരു അവസരവും ഇന്ത്യ നല്‍കുന്നില്ലെന്ന് പറയാം.

1

ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി ഇന്ത്യ മികച്ച ടീം സൃഷ്ടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യ അവസരം നല്‍കിയ താരങ്ങളെല്ലാം ഒന്നിനൊന്ന് മികവ് കാട്ടുന്നു എന്നതാണ് എടുത്തുപറയേണ്ടത്. എല്ലാവരും ടി20 ലോകകപ്പ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുമ്പോള്‍ സെലക്ടര്‍മാര്‍ പാടുപെടും. ഇപ്പോഴിതാ സെലക്ടര്‍മാരുടെ തലവേദന ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

1

ശ്രീലങ്കന്‍ പരമ്പരയിലെ ശ്രേയസ് അയ്യരുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോദ്യമുയര്‍ത്തുന്നത്. സൂര്യകുമാര്‍ യാദവിന്റെ വരവോടെ ഇന്ത്യയുടെ ടി20 ടീമില്‍ ശ്രേയസ് സജീവമല്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ 28 പന്തില്‍ 57 റണ്‍സും രണ്ടാം ടി20യില്‍ പുറത്താവാതെ 74 റണ്‍സും നേടി ശ്രേയസ് തന്റെ സ്ഥാനത്തിനായി പിടിമുറുക്കിയിരിക്കുകയാണ്. ശ്രേയസിനെ ഇന്ത്യ എവിടെ കളിപ്പിക്കുമെന്നാണ് ആകാശ് ചോദിക്കുന്നത്.

2

' ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മുന്നിലുള്ള വലിയ ചോദ്യം ശ്രേയസ് അയ്യരെ എവിടെ കളിപ്പിക്കുമെന്നതാണ്. ഇത്രയും മികച്ച പ്രകടനം നടത്തുമ്പോള്‍ ശ്രേയസ് അയ്യരെ പുറത്തിരുത്തുക എളുപ്പമാവില്ല. അതുകൊണ്ട് തന്നെ മനോഹരമായ തലവേദനായി ശ്രേയസ് സെലക്ടര്‍മാര്‍ക്ക് മാറും. ശ്രേയസിന്റെ കാര്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാരണം റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരൊന്നും ടീമിലില്ലാത്ത സാഹചര്യത്തിലാണ് ഈ പ്രകടനം.

ഇതിലേക്ക് ഹര്‍ദിക് പാണ്ഡ്യയും കൂടി വന്നാല്‍ മധ്യനിരയില്‍ ആരൊക്കെയെന്നത് പ്രസക്തമായ ചോദ്യമാണ്. രാഹുല്‍ ഓപ്പണറാണെങ്കിലും ഓപ്പണിങ്ങില്‍ ഇന്ത്യ ഇടത്-വലത് കൂട്ടുകെട്ട് ആവിശ്യമാണ്. അങ്ങനെ വരുമ്പോള്‍ ഇഷാന്‍ കിഷനെ ഓപ്പണറാക്കേണ്ടി വരും. രാഹുല്‍ മധ്യനിരയിലേക്കിറങ്ങേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ആര്‍ക്കൊക്കെ പ്ലേയിങ് 11ല്‍ അവസരം ലഭിക്കുമെന്നത് കാത്തിരുന്ന് കാണാം.

3

മധ്യനിരയില്‍ ഇന്ത്യ സൂര്യകുമാറിനെത്തന്നെയാവും വിശ്വസിക്കുക. ശ്രേയസ് അല്‍പ്പം കൂടി ഓര്‍ത്തഡോക്‌സ് താരമാണ്. അതേ സമയം സൂര്യകുമാര്‍ യാദവ് അങ്ങനെയല്ല. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ്. കോപ്പീബുക്ക് ശൈലിയെ പൊളിച്ചെഴുതുന്ന താരമാണ് സൂര്യ. അതുകൊണ്ട് തന്നെ മധ്യ ഓവറുകളില്‍ അനായാസം റണ്‍സുയര്‍ത്താന്‍ ശ്രേയസിനെക്കാള്‍ മിടുക്കന്‍ സൂര്യയാണ്. വെങ്കടേഷ് അയ്യര്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവും കടുപ്പം തന്നെയാണെന്ന് പറയാതിരിക്കാനാവില്ല.

4

രണ്ടാം ടി20യിലെ താരമായത് ശ്രേയസ് അയ്യരായിരുന്നു. ശ്രേയസിന്റെ ബാറ്റിങ് പ്രകടനത്തെ ആകാശ് പ്രശംസിച്ചു. 'കളിയിലെ താരമായി ഞാന്‍ തിരഞ്ഞെടുക്കുന്നതും ശ്രേയസിനെയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം ടീമിനായി ഏറ്റവും മികച്ചത് ചെയ്യാന്‍ അവന്‍ ശ്രമിക്കുന്നു. ആദ്യ മത്സരത്തില്‍ 12ാം ഓവറില്‍ ക്രീസിലെത്തിയ ശ്രേയസ് ഫിനിഷര്‍ റോളിലാണ് തിളങ്ങിയത്. ഇന്ത്യയെ 199 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചു. രണ്ടാം മത്സരത്തില്‍ ടീം ജയിക്കുന്നത് വരെ ടീമില്‍ നിന്നു. മികച്ച പ്രകടനമായിരുന്നു ഇത്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിനുള്ള പ്ലേയിങ് 11ല്‍ ഇന്ത്യക്ക് ശ്രേയസിനെ എളുപ്പത്തില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയായും പറയാം. എന്തായാലും സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാണുള്ളത്.

Story first published: Sunday, February 27, 2022, 13:44 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+