IND vs SL: ശ്രേയസ് 'മിന്നിച്ചു', പക്ഷെ ടി20 ലോകകപ്പില്‍ അവസരം ലഭിക്കുമോ? കാര്‍ത്തിക് പറയുന്നു

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നാലെ ഏറ്റവും കൈയടി നേടുന്ന ശ്രേയസ് അയ്യരാണ്. വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരുടെയെല്ലാം അഭാവത്തില്‍ പ്ലേയിങ് 11ലേക്കെത്തിയ ശ്രേയസ് ലഭിച്ച അവസരത്തെ നന്നായി മുതലാക്കിയെന്ന് പറയാം. ആദ്യ മത്സരത്തില്‍ 28 പന്തില്‍ 57 റണ്‍സുമായി കളം നിറഞ്ഞാടിയ ശ്രേയസ് രണ്ടാം മത്സരത്തില്‍ 44 പന്തില്‍ 74* റണ്‍സാണ് നേടിയത്. മൂന്നാം നമ്പറില്‍ ക്രീസിലേക്കെത്തി ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതുവരെ ശ്രേയസ് ക്രീസില്‍ തുടര്‍ന്നുവെന്നതാണ് എടുത്തുപറയേണ്ട കാര്യം.

എന്നാല്‍ നിലവിലെ ടീമിലെ മറ്റ് പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചതിനാലാണ് ശ്രേയസിന് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ അവസരം ലഭിച്ചത്. മൂന്നാം നമ്പറിലേക്ക് വിരാട് കോലിയും നാലാം നമ്പറിലേക്ക് സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറിലേക്ക് റിഷഭ് പന്തും തിരിച്ചെത്തുമ്പോള്‍ ശ്രേയസ് എവിടെ കളിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ശ്രേയസിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കുക പ്രയാസം തന്നെയാണ്. എന്നാല്‍ തുടര്‍ച്ചയായി മികവ് കാട്ടുമ്പോള്‍ മാറ്റിനിര്‍ത്തുകയും ചെയ്യുക പ്രയാസം.
ഇപ്പോഴിതാ ടി20 ലോകകപ്പിലെ ശ്രേയസ് അയ്യരുടെ സാധ്യതകളെക്കുറിച്ച് തന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. ഇപ്പോഴത്തെ ശ്രേയസിന്റെ മികച്ച പ്രകടനത്തിന്റെ കാരണത്തെക്കുറിച്ചും കാര്‍ത്തിക് പറയുന്നു. ' ടി20 ലോകകപ്പില്‍ താന്‍ വളരെ പിന്നിലാണെന്ന് ശ്രേയസിന് സ്വയം തോന്നിയതുകൊണ്ടാണ് ഇത്തരമൊരു ശക്തമായ പ്രകടനത്തോടെ തിരിച്ചുവന്നതെന്നാണ് കരുതുന്നത്. വൈകിയാണെങ്കിലും അവന്റെ കാല്‍വെപ്പ് ടി20 ലോകകപ്പിലേക്കുള്ള ഫ്‌ളൈറ്റിലേക്കാണ്.

അവന്റെ ഈ പ്രകടനം ടീമിലെ സ്ഥാനത്തിനായുള്ള പോരാട്ടം ശക്തമാക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒരു താരത്തിന്റെ പ്രതിഭയെ എളുപ്പത്തില്‍ തള്ളിപ്പറയാനാവില്ല. മൂന്നാം നമ്പര്‍ വളരെ പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനാണ്. അവിടെ അവസരം ലഭിക്കുമ്പോള്‍ ഇത്തരത്തില്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ വലിയ പ്രാധാന്യം തന്നെ ലഭിക്കേണ്ടതായുണ്ട്. വളരെ പക്വതയുള്ള ഇന്നിങ്‌സാണ് അവന്‍ കളിച്ചത്.
കളിയുടെ അവസ്ഥ എങ്ങനെയായിരുന്നു അവിടെ നിന്ന് എങ്ങനെയാണ് അവന്‍ മത്സരത്തെ തിരിച്ചുകൊണ്ടുവന്നതെന്ന് നോക്കുക. അവന്റെ മനോഭാവം വളരെ ഇഷ്ടപ്പെട്ടു. മത്സരം ഫിനിഷ് ചെയ്യുന്നതുവരെ അവന്‍ ക്രീസില്‍ നിന്നു. ഫിനിഷ് ചെയ്യുകയെന്നത് എളുപ്പമല്ല. അവനത് ചെയ്യാനുള്ള കഴിവുണ്ട്. അവന്റെ പ്രകടനത്തിന് ഫുള്‍ മാര്‍ക്കും നല്‍കുന്നു. ഓസ്‌ട്രേലിയയിലെ ലോകകപ്പിലേക്ക് മുന്നേറാന്‍ ഈ ഇന്നിങ്‌സ് അവന് പ്രചോദനമാവും'

ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണെന്ന് പറയാം. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ച് മുന്നോട്ട് പോകാതെ കൂട്ടായ പ്രകടനത്തിലേക്ക് ടീം വളര്‍ന്നുകഴിഞ്ഞു. ടോപ് ഓഡറില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്ക് സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. മധ്യനിരയിലാണ് ആശങ്ക. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിച്ചാല്‍ അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. ആറാമനായി രവീന്ദ്ര ജഡേജയെത്തുമ്പോള്‍ ഏഴാമനായി വെങ്കടേഷ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാള്‍ക്കാവും അവസരം. അതുകൊണ്ട് തന്നെ ശ്രേയസ് അയ്യരെ എവിടെ കളിപ്പിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്.

ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫോമിലായത് ഐപിഎല്‍ 15ാം സീസണെ കൂടുതല്‍ ആവേശകരമാക്കുമെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു. 'ഇന്ത്യന്‍ ടീമിലെ പല താരങ്ങളും പല ഫ്രാഞ്ചൈസികളുടെയും പ്രധാന താരങ്ങളാണ്. സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഹാപ്പിയാവും. രവീന്ദ്ര ജഡേജയുടെ പ്രകടനം സിഎസ്‌കെയേയും ശ്രേയസിന്റെ പ്രകടനം കെകെആറിനെയും സന്തോഷിപ്പിക്കും. ഇന്ത്യന്‍ താരങ്ങളുടെ മികച്ച ഫോം ഐപിഎല്ലിനെ കൂടുതല്‍ ആവേശകരമാക്കുകയാണ്'- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications