'സാര്‍, അടുത്ത ടെസ്റ്റ് ഞാന്‍ കളിക്കുന്നില്ല', ഹനുമ വിഹാരി പറഞ്ഞത് കേട്ട് ഞെട്ടി-ആര്‍ ശ്രീധര്‍

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രതിഭകൊണ്ട് പേരെടുത്ത താരമാണ് ഹനുമ വിഹാരി. വിശ്വസ്തനെങ്കിലും പലപ്പോഴും വേണ്ടത്ര അവസരം താരത്തിന് ലഭിച്ചിരുന്നില്ല. ഓപ്പണിങ്ങില്‍ മുതല്‍ ഏത് ബാറ്റിങ് പൊസിഷനിലേക്കും പരിഗണിക്കാവുന്ന താരമാണ് വിഹാരി. അവസരം ലഭിച്ചപ്പോഴെല്ലാം ബാറ്റുകൊണ്ട് മികവ് കാട്ടാനും വിഹാരിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ താരസമ്പന്നതകൊണ്ട് പലപ്പോഴും മാറ്റിനിര്‍ത്തപ്പെട്ടു.
2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ വിഹാരിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരക്ക് പകരക്കാരനായി അവസരം ലഭിച്ചത് വിഹാരിക്കാണ്. ഇപ്പോഴിതാ 2019ല്‍ ഇന്ത്യയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ ഹനുമ വിഹാരി അടുത്ത ടെസ്റ്റ് കളിക്കുന്നില്ലെന്ന് പറഞ്ഞ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍.

ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലുള്ളപ്പോള്‍ താന്‍ പ്ലേയിങ് 11ല്‍ ആവിശ്യമില്ലെന്നും ഒരു ബൗളറെക്കൂടി പരിഗണിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നും വിഹാരി പറഞ്ഞതാണ് ശ്രീധര്‍ പങ്കുവെച്ചത്. തന്റെ കരിയറെക്കാലും കൂടുതല്‍ ടീമിന്റെ വിജയത്തിന് പ്രാധാന്യം നല്‍കുന്ന ടീം സ്പിരിറ്റുള്ള താരമാണ് വിഹാരിയെന്നാണ് ശ്രീധറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

'2019ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലാണ് സംഭവം. വിഹാരി എന്റെ അടുത്തേക്ക് വന്നു. സാര്‍ അടുത്ത ടെസ്റ്റ് ഞാന്‍ കളിക്കുന്നില്ലെന്ന് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിഹാരി ടീമിലുണ്ടാവുമെന്ന് ഉറപ്പുള്ള സമയത്താണ് അവന്‍ ഇങ്ങനെ പറഞ്ഞത്. മത്സരത്തില്‍ ഷമി മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ ഏറക്കുറെ വിജയത്തിനോടടുപ്പിച്ചിരുന്നു. അപ്പോഴാണ് വിഹാരി ഇത്തരത്തില്‍ പറഞ്ഞത്. ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലാണെന്നും ഇന്ത്യ ഒരു അധിക ബൗളറെ പരിഗണിക്കുന്നതാവും നന്നാവുകയെന്നാണ് അവന്‍ പറഞ്ഞത്. രോഹിത് ഗംഭീര പ്രകടനം നടത്തിയ പരമ്പരയില്‍ മായങ്കും മനോഹര ബാറ്റിങ്ങാണ് കാഴ്ചവെച്ചത്'- ശ്രീധര്‍ പറഞ്ഞു.

വിഹാരിയുടെ വീക്ഷണം ശരിയായിരുന്നു. ഈ നിര്‍ദേശം ശരിവെച്ച് രണ്ടാം മത്സരത്തില്‍ വിഹാരിക്ക് വിശ്രമം അനുവദിച്ച് ഉമേഷ് യാദവുമായാണ് ഇന്ത്യ ഇറങ്ങിയത്. വിഹാരി ഇന്ത്യന്‍ ടീമിലേക്കെത്തി അധികനാള്‍ ആകുന്നതിന് മുമ്പായിരുന്നു ഇത്. ഏതൊരു താരവും പരമാവധി അവസരം നേടിയെടുത്ത് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വിഹാരി ടീമിന് തന്റെ കരിയറെക്കാളും പ്രാധാന്യം നല്‍കിയെന്നതാണ് എടുത്തുപറയേണ്ടത്.
മത്സരത്തെ നന്നായി കളിക്കുന്ന താരമാണ് വിഹാരിയെന്നും ശ്രീധര്‍ പറഞ്ഞു. 'മത്സരത്തെക്കുറിച്ച് നന്നായി പഠിക്കുകയും കൃത്യമായി മനസിലാക്കുകയും ചെയ്യുന്ന താരമാണ് വിഹാരി. മത്സരത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണവന്‍. ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായി ഉള്ളപ്പോള്‍ പോലും മികച്ച തന്ത്രങ്ങളുമായി അവന്‍ എത്താറുണ്ട്.

2018ലെ മെല്‍ബണ്‍ ടെസ്റ്റില്‍ വിഹാരിയോട് രവി ശാസ്ത്രി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് അവന്‍ പ്രതികരിച്ചത്. ഞാന്‍ ഓപ്പണറാവാന്‍ തയ്യാറാണെന്ന് പറഞ്ഞു. മത്സരത്തെ മനസിലാക്കി ടീമിന് എന്താണ് വേണ്ടതെന്ന കൃത്യമായ ബോധ്യം അവനുണ്ട്. കളിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ പേരില്‍ ഒരിക്കല്‍ പോലും നിരാശനാകുന്ന സാഹചര്യം അവനില്‍ കണ്ടിട്ടേയില്ല'-ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.
പുജാര-രഹാനെ കരിയര്‍ ഏറെക്കുറെ അവസാനിച്ചതോടെ ഇനി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വിഹാരിക്ക് കൂടുതല്‍ അവസരം ലഭിച്ചേക്കും. മൂന്നാം നമ്പറില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നത് ഇപ്പോള്‍ വിഹാരിയെയാണ്. മൂന്നാം നമ്പറില്‍ വിഹാരിക്ക് തിളങ്ങാനായാല്‍ പുജാരക്ക് ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരിക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications