
ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെ കൈയടികള്‍ ഏറ്റുവാങ്ങുന്നത് റിഷഭ് പന്താണ്. ഗെയിം ചെയിഞ്ച് ഇന്നിങ്‌സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. 28 പന്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ച് ഇന്ത്യയുടെ ടെസ്റ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിക്കാരനെന്ന നേട്ടവും റിഷഭാണ് സ്വന്തമാക്കിയത്. 185 റണ്‍സുമായി പരമ്പരയിലെ താരമാവാനും റിഷഭിനായി.
കരിയറിന്റെ തുടക്കകാലത്ത് ധോണിയുമായുള്ള താരതമ്യപ്പെടത്തലിനെത്തുടര്‍ന്ന് വലിയ വിമര്‍ശനം നേരിടേണ്ടി വന്ന റിഷഭ് പിന്നീട് തന്റേതായ ശൈലികൊണ്ട് ഇന്ത്യയുടെ എക്‌സ് ഫാക്ടറായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിലെ വളര്‍ച്ചയെക്കുറിച്ച് റിഷഭ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. മുമ്പ് നിരവധി പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഓരോ ദിവസവും പഠിക്കുകയാണെന്നുമാണ് റിഷഭ് പറഞ്ഞത്.

'ബാറ്റിങ്ങിലും കീപ്പിങ്ങിലും ഒരുപോലെ ശ്രദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍പ് ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പഠിക്കാന്‍ ശ്രമിക്കുകയാണ്. എപ്പോഴും മെച്ചപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. ആക്രമിച്ച് കളിക്കണമെന്ന് ചിന്തിച്ചിട്ടല്ല. എന്നാല്‍ ഈ പിച്ചില്‍ ബാറ്റ് ചെയ്യാന്‍ പ്രയാസമാണ്. അതുകൊണ്ട് കഴിയുന്നതും വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ കീപ്പ് ചെയ്യുമ്പോള്‍ വലിയ ആത്മവിശ്വാസമുണ്ട്. ആദ്യ സമയങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇന്ന് എന്റെ പദ്ധതികളില്‍ ശ്രദ്ധ നല്‍കുകയാണ് ചെയ്യുന്നത്. ഇത് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്'- റിഷഭ് പന്ത് പറഞ്ഞു.

മത്സരശേഷം റിഷഭിന്റെ പ്രകടനത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രശംസിക്കുകയും ചെയ്തിരുന്നു. മത്സരത്തെ നന്നായി മനസിലാക്കുന്ന താരമാണ് റിഷഭെന്നും അതുകൊണ്ട് തന്നെ കളത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അവനോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും രോഹിത് പറഞ്ഞു. വിക്കറ്റിന് പിന്നില്‍ നിന്ന് മത്സരഗതിയെ കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് പദ്ധതികള്‍ മെനയാനും അവന് കഴിവുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

പിങ്ക് ബോള്‍ ടെസ്റ്റിലും മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം നേടിയെടുത്തു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ചതും വെറും മൂന്ന് ദിവസത്തിനുള്ളിലാണ്. രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുത്ത ശേഷം തോല്‍വി അറിയാത്ത ഇന്ത്യയുടെ 14ാമത്തെ മത്സരമാണിത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്താനും ഇന്ത്യക്കായി.

ബംഗളൂരുവിലെ പിച്ചിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍വാധിപത്യ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 447 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് 208 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. സെഞ്ച്വറിയോടെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്ന (107) ശക്തമായി പൊരുതിയെങ്കിലും മികച്ച പിന്തുണ സഹതാരങ്ങള്‍ നല്‍കിയില്ല. 174 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറി ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് കരുണരത്ന നടത്തിയത്. കുശാല്‍ മെന്‍ഡിസും (54) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.