IND vs SL: പുജാരക്ക് പകരം ഗില്‍, രഹാനെക്ക് പകരം വിഹാരി, ശ്രേയസ് ഇല്ല, സാധ്യതാ 11 ഇതാ

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പരക്ക് നാളെ മൊഹാലിയില്‍ തുടക്കമാവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഡേ നൈറ്റാണ്. ഒന്നാം മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. വിരാട് കോലിയുടെ 100ാം മത്സരം എന്നതാണ് ഏറ്റവും എടുത്തു പറയേണ്ടത്. ഇന്ത്യക്കായി 100 ടെസ്റ്റ് പൂര്‍ത്തിയാക്കുന്ന 12ാമത്തെ താരമെന്ന ബഹുമതിയാണ് കോലിയെ കാത്തിരിക്കുന്നത്. 2019ലെ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലി അവസാന അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. പിന്നീട് ഇതുവരെ ഈ നേട്ടത്തിലെത്താന്‍ കോലിക്ക് സാധിച്ചിരുന്നില്ല.
പല സീനിയര്‍ താരങ്ങളുടെയും അഭാവത്തില്‍ ഇടവേളക്ക് ശേഷം ഇന്ത്യ ഇറങ്ങുന്നു എന്ന സവിശേഷതയും ഈ പരമ്പരക്കുണ്ട്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഇന്ത്യ പരമ്പരയില്‍ നിന്ന് തഴഞ്ഞിരുന്നു. ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. യുവതാരങ്ങളെ കളത്തിലിറക്കി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്.

രോഹിത് ശര്‍മയെന്ന പുതിയ നായകന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരമാണിത്. 2019ല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സജീവമായ രോഹിത് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായി വളര്‍ന്നുവെന്നതാണ് എടുത്തു പറയേണ്ടത്. മികച്ച താരനിരയുമായി രോഹിത്തിന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യ ശ്രീലങ്കന്‍ പരമ്പര തൂത്തുവാരുമോയെന്നതാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച പ്ലേയിങ് 11 ഇതാ.

രോഹിത് ശര്‍മ-മായങ്ക് അഗര്‍വാള്‍
ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും ഇറങ്ങിയേക്കും. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ഓപ്പണിങ്ങില്‍ രോഹിത്തിന്റെ വെടിക്കെട്ട് പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ രോഹിത് ടെസ്റ്റ് പരമ്പരയില്‍ തിളങ്ങേണ്ടത് നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ തന്നെ ഉത്തരവാദിത്തമാണ്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള രോഹിത് 43 ടെസ്റ്റില്‍ നിന്ന് 46.87 ശരാശരിയിലാണ് കളി തുടരുന്നത്.
മായങ്ക് അഗര്‍വാളിന്റെ ഇന്ത്യന്‍ പിച്ചിലെ പ്രകടനം വളരെ മികച്ചതാണ്. എളുപ്പത്തില്‍ മാറ്റിനിര്‍ത്താനാവുന്ന താരമല്ല മായങ്ക്. വിദേശത്ത് അല്‍പ്പം മോശമാണെങ്കിലും ഇന്ത്യയില്‍ അദ്ദേഹം പുലിയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന മായങ്കിന് 19 ടെസ്റ്റില്‍ നിന്ന് 43.30 ശരാശരിയില്‍ 1429 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഓപ്പണിങ്ങില്‍ സ്ഥിരതയുള്ള താരമാണ് അദ്ദേഹം.

ശുബ്മാന്‍ ഗില്‍
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്ക് പകരം ആരെന്നത് പ്രസ്‌കതമായ ചോദ്യമാണ്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ശുബ്മാന്‍ ഗില്ലിന് മൂന്നാം നമ്പറില്‍ അവസരം ലഭിച്ചേക്കും. മൂന്നാം നമ്പറില്‍ അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സെടുക്കാന്‍ സാധിക്കുന്ന താരത്തെയാണ് ഇന്ത്യ തിരയുന്നത്. അതുകൊണ്ട് തന്നെ ഗില്ലിന് ഇന്ത്യ അവസരം നല്‍കിയേക്കും. 22 കാരനായ താരം 10 ടെസ്റ്റില്‍ നിന്ന് 558 റണ്‍സാണ് നേടിയത്. 32.82 ആണ് ശരാശരി

വിരാട് കോലി
നാലാം നമ്പറില്‍ വിരാട് കോലിയെത്തും. മുന്‍ ഇന്ത്യന്‍ നായകന്റെ 100ാം ടെസ്റ്റാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 33കാരനായ കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സെഞ്ച്വറി നേടാനാവാതെ പ്രയാസപ്പെടുകയാണ്. അതുകൊണ്ട് തന്നെ സെഞ്ച്വറിയോടെ കോലിയുടെ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത്.

ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ
അജിന്‍ക്യ രഹാനെയുടെ അഭാവത്തില്‍ ഹനുമ വിഹാരിക്കാണ് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യത. ശ്രേയസ് അയ്യര്‍ മികച്ച ഫോമിലുണ്ടെങ്കിലും സ്പിന്‍ ഓള്‍റൗണ്ടറായ ഹനുമ വിഹാരിക്കാവും ഇന്ത്യ മുഖ്യ പരിഗണന നല്‍കുക. മധ്യനിരയില്‍ വിഹാരി വിശ്വസ്തനാണ്. വിദേശത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള വിഹാരിയെ രഹാനെക്ക് പകരക്കാരനായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്നേക്കും.
ആറാം നമ്പറില്‍ റിഷഭ് പന്തിനാവും അവസരം ലഭിക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് വിദേശത്തും നാട്ടിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണ്. ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് വിളിക്കാന്‍ സാധിക്കുന്ന റിഷഭ് ശ്രീലങ്കന്‍ പരമ്പരയിലും ഇന്ത്യക്കായി നിര്‍ണ്ണായക പ്രകടനം നടത്തുമെന്നാണ് ആരാധക പ്രതീക്ഷ.
ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. പരിക്കിന്റെ ഇടവേളക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ജഡേജ തിരിച്ചെത്തിയിരുന്നു. ടെസ്റ്റില്‍ ജഡേജയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് മത്സരത്തില്‍ വലിയ കരുത്താവും. ജഡേജയുടെ സാന്നിധ്യം മധ്യനിരയില്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
എട്ടാം നമ്പറില്‍ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനാണ് അവസരം. അശ്വിന് പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അശ്വിന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പിച്ചില്‍ എല്ലാ എതിരാളികളും ഭയക്കുന്നത് അശ്വിന്റെ സ്പിന്‍ ബൗളിങ്ങിനെയാണ് ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ അശ്വിന് മികവുണ്ട്.
ഒമ്പതാമനായി സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി എത്തും. സ്വിങ് പേസറായ ഷമി ടെസ്റ്റിലെ ഇന്ത്യയുടെ വജ്രായുധമാണ്. ഷമിയുടെ തീപാറും പന്തുകള്‍ സന്ദര്‍ശകരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. ചെറിയൊരു ഇടവേളക്ക് ശേഷമാണ് ഷമിയുടെ വരവ്. 10ാമനായി സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാവും കളത്തിലിറങ്ങുക. സൂപ്പര്‍ പേസറായ ബുംറയുടെ സമീപകാല ഫോമും മികച്ചതായതിനാല്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. അവസാന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 12 വിക്കറ്റാണ് ബുംറ നേടിയത്.
11ാമനായി മുഹമ്മദ് സിറാജിനാണ് അവസരം. യുവ പേസര്‍മാരില്‍ ഏറ്റവും ശ്രദ്ധേയനായ സിറാജ് ആക്രമണോത്സതയുള്ള താരമാണ്. കൂടാതെ വിക്കറ്റ് വീഴ്ത്താനും സിറാജിന് മിടുക്കുണ്ട്. സിറാജും കൂടി എത്തുന്നതോടെ ഇന്ത്യയുടെ പേസാക്രമണം തീപാറുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications